Connect with us

Gulf

വീട്ടുവേലക്കാരന്‍ താമസസ്ഥലത്ത് കൊല്ലപ്പെട്ട സംഭവം;വേലക്കാരി പിടിയില്‍

Published

|

Last Updated

ഷാര്‍ജ: സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അതേ വീട്ടിലെ തന്നെ രണ്ടുവേലക്കാരികളെ പോലീസ് പിടികൂടി.
അല്‍ ഗര്‍ബ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വദേശി വീട്ടിലാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സംഭവം. പതിവു സമയമായിട്ടും ഡ്രൈവറായ ഏഷ്യക്കാരന്‍ എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ സംശയം തോന്നിയ വീട്ടുകാര്‍ ഇയാള്‍ ഉറങ്ങുന്ന മുറി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ പോലീസ് പ്രാഥമികാന്വേഷണം നടത്തി. സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചു. സാധാരണ ഉറങ്ങുമ്പോള്‍ ധരിക്കുന്ന വസ്ത്രം ധരിച്ചിരുന്ന ഇയാളുടെ വിരിപ്പില്‍ തന്നെ, തന്റെ രോഗത്തിന് സ്ഥിരമായി കഴിക്കുന്ന ചില മരുന്നുകളും കണ്ടെത്തിയതാണ് പ്രാഥമികാന്വേഷണത്തില്‍ സ്വാഭാവിക മരണമാണെന്ന് നിഗമനത്തിലെത്താന്‍ കാരണമായത്.
അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കുണ്ടായ ചില സംശയങ്ങളാണ് കൂടുതല്‍ അന്വേഷണങ്ങളിലേക്കും തെളിവെടുപ്പിലേക്കും നയിച്ചത്. വിദഗ്ധമായി രണ്ടാം പ്രാവശ്യം നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വെളിപ്പെടുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഡ്രൈവറുമായി ബന്ധപ്പെട്ട ചിലയാളുകളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടത്തില്‍ അതേ വീട്ടില്‍ ജോലി ചെയ്തിരുന്ന രണ്ടു യുവതികളും ഉള്‍പ്പെടും.
ചോദ്യം ചെയ്യലില്‍ ആദ്യഘട്ടം ഇവര്‍ കുറ്റം നിഷേധിച്ചെങ്കിലും സംഭവത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി സൂചനകള്‍ പോലീസിനു ലഭിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ യുവതികള്‍ കുറ്റം സമ്മതിച്ചു.
ഫിലിപ്പൈന്‍, ഇന്തോനേഷ്യ സ്വദേശികളാണ് യുവതികള്‍. കൊല്ലപ്പെട്ടയാള്‍ക്ക് ഒരേ സമയം രണ്ടുപേരുമായി ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഉറങ്ങുന്നതിനിടെ രണ്ടുപേരും ചേര്‍ന്ന് കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഡ്രൈവറും യുവതികളും തൊട്ടടുത്ത മുറികളാണ് താമസിച്ചിരുന്നത്. ഇത് അവിഹിത ബന്ധത്തിനും തുടര്‍ന്നുണ്ടായ കൊലപാതകത്തിനും സൗകര്യപ്രദമായെന്നും പോലീസ് പറഞ്ഞു.

 

Latest