Connect with us

Kozhikode

മുടവന്തേരിയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ വീണ്ടും ശ്രമം

Published

|

Last Updated

നാദാപുരം: ചെറിയ ഒരിടവേളക്ക് ശേഷം പനാടത്താഴ കുഞ്ഞിപ്പുരമുക്കില്‍ വീണ്ടും സംഘര്‍ഷ ഭരിതമാക്കാന്‍ ആസൂത്രിത നീക്കം. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമ പരമ്പരകള്‍ക്ക് ശേഷം പ്രദേശത്തെ സൈ്വരജീവിതം തന്നെ ഇല്ലാതാക്കുന്ന രൂപത്തില്‍ വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ഒരു കൂട്ടം സാമൂഹികദ്രോഹികള്‍ ചരടുവലികള്‍ തുടങ്ങി.
ചേളാരി സമസ്തയുടെ ലേബലില്‍ എന്നു പറഞ്ഞ് എസ് വൈ എസ് സമ്മേളനത്തിന്റെയും മര്‍കസ് സമ്മേളനത്തിന്റെയും ഫഌക്‌സുകളും ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കല്‍ ഇപ്പോള്‍ പ്രദേശത്ത് പതിവായിരിക്കുകയാണ്. പട്ടാപ്പകല്‍ നിരവധി ആളുകള്‍ നോക്കിനില്‍ക്കെ പ്രകോപനപരവും ആഭാസകരവുമായ രീതിയില്‍ സുന്നി വിഭാഗത്തിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചത് രണ്ട് ദിവസം മുമ്പാണ്. നിയമപാലകരായ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ തെളിവ് സഹിതം പരാതി നല്‍കിയിട്ടും നടപടികള്‍ എടുക്കാത്തത് ശക്തമായ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്.
പ്രദേശത്ത് സര്‍വകക്ഷി സമാധാന കമ്മിറ്റി തീരുമാനങ്ങള്‍ നിലനില്‍ക്കെ സുന്നി പ്രവര്‍ത്തകരെ കല്യാണ വീടുകളില്‍ വെച്ച് അധിക്ഷേപിക്കുകയും കുടിക്കാന്‍ നല്‍കുന്ന പാനീയങ്ങളില്‍ ഹാനികരമായ മാരക രാസവസ്തുക്കള്‍ ചേര്‍ത്തി ചതിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെതിരെ സമൂഹ മനഃസാക്ഷി ഉണരേണ്ടതുണ്ട്. മദ്‌റസകളില്‍ പഠിപ്പിക്കുന്ന അധ്യാപകരെ വഴിയില്‍ തടഞ്ഞുവെക്കുകയും കൂട്ടം ചേര്‍ന്ന് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതും ഇവിടെ ഒരു സംഘം ആളുകള്‍ പതിവാക്കിയിരിക്കയാണ്. മുസ്‌ലിം ലീഗിലെ ചേരിതിരിവുകളും അന്തര്‍സ്പര്‍ധകളും കാരണം സ്വന്തം പ്രചാരണ ബോര്‍ഡുകള്‍ സ്വയം നശിപ്പിച്ച് അത് മറ്റുള്ളവര്‍ക്ക് മേല്‍ ചുമത്തി നാണം കെടുകയും ചെയ്യുന്ന പ്രവണത ഇതിന് മുമ്പും നിരവധി തവണ ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ സാമൂഹികാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കുടിലശക്തികളെ ഒറ്റപ്പെടുത്താന്‍ മത-രാഷ്ട്രീയ-സാമുദായിക സംഘടനകള്‍ ശക്തമായ നടപടികളുമായി മുന്നോട്ടുവന്നിട്ടുണ്ടെന്നത് ആശാവഹമാണ്.

Latest