Connect with us

Editorial

ദേശീയപാതാ വികസനം

Published

|

Last Updated

സംസ്ഥാനത്ത് ദേശീയപാതാ വികസന വിവാദം വീണ്ടും ഉയര്‍ന്നിരിക്കയാണ്. എന്‍ എച്ച് 17 ഇടപ്പള്ളി മുതല്‍ മംഗലാപുരം അതിര്‍ത്തിവരെയും എന്‍ എച്ച് 47 ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയും 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനുള്ള മന്ത്രസഭാ തീരുമാനത്തിനെതിരെ ദേശീയപാത സംരക്ഷണ സമിതി രംഗത്തുവന്നു കഴിഞ്ഞു. ബി ഒ ടി ലോബിയെ സഹായിക്കാനാണ് 30 മീറ്റര്‍ പാത നിര്‍മാണം അട്ടിമറിക്കുന്നതെന്നാണ് സമിതി ആരോപിക്കുന്നത്.
45 മീറ്റര്‍ വീതിയില്‍ പാത വികസിപ്പിക്കണമെങ്കില്‍ എന്‍ എച്ച് 47ല്‍ ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ 900 ഏക്കറും എന്‍ എച്ച് 17ല്‍ തലപ്പാടിമുതല്‍ ഇടപ്പള്ളി വരെ ഏതാണ്ട് 2500 ഏക്കറും ഏറ്റെടുക്കേണ്ടിവരും. എന്നാല്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കാതെ തന്നെ ലഭ്യമായ ഭൂമി ഉപയോഗിച്ച് വികസിപ്പിക്കാന്‍ കഴിഞ്ഞ മെയ് 15ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണയായതാണ്. 45 മീറ്റര്‍ ഏറ്റെടുത്ത് വികസനം നടത്തണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ ഇനിയും 15 വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ ബി ഒ ടി അടിസ്ഥാനത്തില്‍ 30 മീറ്റര്‍ വീതിയിലുള്ള നവീകരണമാണ് പ്രായോഗികമെന്നാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്ന അഭിപ്രായമെന്ന് യോഗശേഷം മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കിയിരുന്നു. 30 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനുള്ള സ്ഥലം ചില ഭാഗങ്ങളില്‍ ഇതിനകം ഏറ്റെടുത്തിട്ടുമുണ്ട്. കേന്ദ്ര തീരുമാനം 45 മീറ്ററാണെങ്കിലും കേരളത്തില്‍ 30 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതില്‍ കേന്ദ്രത്തിന് എതിര്‍പ്പില്ലെന്ന് യു പി എ ഭരണകാലത്ത് അന്നത്തെ ഉപരിതല ഗതാഗത മന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് പ്രഖ്യാപിച്ചതുമാണ്. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അത് അംഗീകരിച്ചു കൊണ്ട് കേന്ദ്ര മന്ത്രാലയത്തിന്റെ തീരുമാനവും വന്നിരുന്നു. ഇതടിസ്ഥാനത്തിലാണ് ലഭ്യമായ ഭൂമി ഉപയോഗിച്ചുള്ള വികസനത്തിന് ഉന്നതതല യോഗ തീരുമാനമുണ്ടായത്. അത് പിന്നീട് തകിടം മറിയാനുണ്ടായ സാഹചര്യം ദുരൂഹമാണ്.
45 മീറ്ററില്‍ റോഡ് വികസിപ്പിക്കണമെങ്കില്‍ ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ട പരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ വലിയൊരു തുക കണ്ടെത്തേണ്ടി വരും. 1966ലെ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാനേ ദേശീയപാത അതോറിറ്റി സന്നദ്ധമാകുകയുള്ളൂ. കേരളത്തിലെ മാര്‍ക്കറ്റ് വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് തീര്‍ത്തും അപര്യാപ്തമാണ്. 45 മീറ്റര്‍ വികസനത്തിനാവശ്യമായ 3400 ഏക്കര്‍ സ്ഥലം നിലവിലെ മാര്‍ക്കറ്റ് വില നല്‍കി ഏറ്റെടുക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഭൂമി വില ഏറെ ഉയര്‍ന്ന ഹൈവേ ഓരങ്ങളിലെ സെന്റിന് അഞ്ച് ലക്ഷം രൂപ വില നിശ്ചയിച്ചാല്‍ പോലും 17,000 കോടി വേണം നഷ്ട പരിഹാരത്തിന്. കേന്ദ്രം നീക്കിവെച്ചത് 3000 കോടിയാണ്. സാമ്പത്തിക ബാധ്യത മൂലം ദൈനംദിന ചിലവുകള്‍ക്ക് തന്നെ പ്രയാസപ്പെടുന്ന സര്‍ക്കാര്‍ ബാക്കി തുക എവിടെ നിന്ന് കണ്ടെത്തും? തുടങ്ങി വെച്ച മറ്റു പദ്ധതികള്‍ തന്നെ സാമ്പത്തിക ഞെരുക്കം മുലം സ്തംഭനാവസ്ഥയിലാണ്.
ആറ് വരിപ്പാതയാണ് ലക്ഷ്യമിടുന്നത്. ഹൈവേ അതോറിറ്റിയുടെ കണക്കനുസരിച്ചു ദേശീയ പാതയില്‍ ഒറ്റവരിപ്പാതയുടെ വീതി 3.5 മീറ്ററാണ്. ഇതനുസരിച്ച് 21 മീറ്ററാണ് ആറ് വരിപ്പാതക്ക് വേണ്ടത്. രണ്ടര അടി വീതം ഇരുവശങ്ങളിലും നടപ്പാതക്കും മീഡീയിന് വേണ്ടി മൂന്ന് മീറ്ററും കണക്കാക്കിയാലും മൊത്തം 30 മീറ്റര്‍ വീതി ധാരാളം. പിന്നെ ആര്‍ക്കു വേണ്ടിയാണ് 60 മീറ്ററിന് വേണ്ട സ്ഥലം ഏറ്റെടുക്കുന്നത്? വഴി നീളെ ടോള്‍ പിരിക്കുന്നതിനുള്ള ചുങ്കപ്പാതകള്‍ പണിയാനും ഇരുവശങ്ങളിലുമായി വന്‍കിട ഷോപ്പിംഗ് മാളുകള്‍ പണിത് കമ്പനികള്‍ക്ക് വന്‍ ലാഭം കൊയ്യാനുമാണെന്നാണ് വികസന സമിതി ആരോപിക്കുന്നത്.
ദേശീയപാത 45 മീറ്ററിലായിരിക്കണമെന്ന കേന്ദ്ര നിലപാടില്‍ കേരളത്തിന് പ്രത്യേക ഇളവ് അനുവദിക്കാത്തതു കൊണ്ടാണ് ആ വീതിയില്‍ തന്നെ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ ന്യായീകരണം. എന്നാല്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ് ജനസാന്ദ്രതയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളത്തിലെ റോഡുകള്‍. ഇരുവശവും വീടുകളാലും വ്യാപാരസ്ഥാപനങ്ങളാലും കെട്ടിട സമുച്ചയങ്ങളാലും നിബിഡമാണ് സംസ്ഥാത്തെ റോഡുകളുടനീളം. റോഡിന് വേണ്ടിയുള്ള സ്ഥലമെടുപ്പ് ഇവിടെ സങ്കീര്‍ണ പ്ര്ശനമാണ്. ദശകങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ച ദേശീയ പാതാ വികസനത്തിനുള്ള സ്ഥലമെടുപ്പിന്റെ 10 ശതമാനം പോലും ഇനിയും പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതും ഇതുകൊണ്ടാണ്. കേന്ദ്രത്തെ ഇക്കാര്യം ബോധ്യപ്പെടുത്തി കേരളത്തിന് പ്രത്യേക ഇളവ് അനുവദിപ്പിക്കാനുള്ള സമ്മര്‍ദം തുടരുകയാണ് ഈ സാഹചര്യത്തില്‍ പ്രായോഗികം. പ്രത്യുത സ്ഥലമെടുപ്പിനെതിരായ പ്രതിഷേധവും പ്രക്ഷോഭവും വീണ്ടും ശക്തമാകുകയും വികസന നീക്കം അനന്തമായി നീളുകയും ചെയ്യും.