Connect with us

Kerala

കെ എസ് ആര്‍ ടി സിക്ക് ഓണ്‍ലൈന്‍ ബുക്കിംഗിന് പുതിയ സംവിധാനം

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ പുതിയ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം നിലവില്‍ വന്നു. വോള്‍വോ, സൂപ്പര്‍ ഡീലക്‌സ്, എയര്‍ ബസ് എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന 60 ഓളം സര്‍വീസുകളിലാണ് നിലവില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം ലഭ്യമാകുക. പരീക്ഷണാര്‍ഥം സംവിധാനം ഉപയോഗപ്പെടുത്തിയ ആദ്യദിനം 19.35 ലക്ഷം രൂപയുടെ വരുമാനം ഓണ്‍ലൈന്‍ ബുക്കിംഗ് വഴി ലഭിച്ചു.
നവംബര്‍ 15നുള്ളില്‍ ഇപ്പോള്‍ റിസര്‍വേഷന്‍ സൗകര്യമുള്ള സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയ 261 ബസുകളിലേക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം വ്യാപിപ്പിക്കും. ഇതിനുശേഷം കെ എസ് ആര്‍ ടി സിയുടെ ആയിരത്തിലധികം ബസുകളില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്കിംഗ് സാധ്യമാക്കും. സെക്രട്ടേറിയറ്റിലെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതുക്കിയ റിസര്‍വേഷന്‍ സംവിധാനം ഉദ്ഘാടനം ചെയ്തു. കെ എസ് ആര്‍ ടി സി. എം ഡി ആന്റണി ചാക്കോ ചടങ്ങിനെത്തിയിരുന്നു. www.ke ralartc.in എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് റിസര്‍വ് ചെയ്യേണ്ടത്.
സ്വന്തമായി യൂസര്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഓണ്‍ലൈന്‍വഴി ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്നതാണ് പ്രത്യേകത. നിലവിലുള്ള സംവിധാനത്തില്‍ 21 ദിവസം മുമ്പ് മാത്രമെ മുന്‍കൂര്‍ ബുക്കിംഗ് സാധ്യമാകൂ. പുതിയ സംവിധാനത്തില്‍ 41 ദിവസം മുമ്പും അത്യാവശ്യഘട്ടങ്ങളില്‍ അതില്‍ കൂടുതല്‍ ദിവസം മുമ്പും ബുക്കിംഗ് ചെയ്യാവുന്നതാണ്. എല്ലാ ബേങ്കുകളുടെയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും ഇന്റര്‍നെറ്റ് ബേങ്കിംഗിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. പണം നഷ്ടപ്പെടാനുള്ള സാധ്യത പുതിയ സംവിധാനത്തില്‍ ഇല്ല. യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തയുടന്‍ എം-ടിക്കറ്റ് എസ് എം എസ് വഴി ലഭിക്കും. ഇ-മെയില്‍ അക്കൗണ്ടിലേക്കും ടിക്കറ്റിന്റെ പകര്‍പ്പ് ലഭിക്കും. പുതിയ സംവിധാനത്തില്‍ ടിക്കറ്റുകള്‍ ഭാഗികമായും പൂര്‍ണമായും റദ്ദ് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. നിശ്ചിത പിഴ അടച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് യാത്രാ തീയതിയിലും മാറ്റം വരുത്താം. ഏത് സ്റ്റോപ്പില്‍ നിന്നും ഏതു സ്റ്റോപ്പിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യാം. മൊബൈല്‍, ഡെസ്‌ക്‌ടോപ്പ്, പാംടോപ്പ് തുടങ്ങിയ ഏത് ഫഌറ്റ് ഫോമിലും സൗകര്യപ്രദമായി ഉപയോഗിക്കാം. ബുക്കിംഗ്. റദ്ദാക്കല്‍ സന്ദര്‍ഭങ്ങളില്‍ അനാവശ്യമായ സാമ്പത്തിക, സമയ നഷ്ടങ്ങള്‍ ഉണ്ടാവുകയില്ലെന്നതും സവിശേഷതയാണ്. സംസ്ഥാനത്തെ 1542 ബസുകളിലും ഈ സംവിധാനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
അവധി ദിവസങ്ങളിലും മറ്റ് തിരക്കേറിയ അവസരങ്ങളിലും നിലവിലുള്ള സംവിധാനം നിശ്ചലമാകുന്നത് ബാംഗളൂരു ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ വലിയൊരുവിഭാഗം കൊഴിഞ്ഞുപോകുന്നത് കണക്കിലെടുത്താണ് ആധുനിക രീതിയില്‍ സംവിധാനം പുതുക്കാന്‍ തീരുമാനിച്ചത്. കെല്‍ട്രോണ്‍ ആണ് പുതിയ സംവിധാനവും രൂപകല്‍പ്പന ചെയ്തത്. ബംഗളൂരുവിലെ പുതിയ റിസര്‍വേഷന്‍ കൗണ്ടറുകളുടെ ഉദ്ഘാടനം 28ന് നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

Latest