Connect with us

Sports

8 മത്സരം, 40 ഗോളുകള്‍ ! യൂറോപ്പില്‍ ഗോള്‍ നൈറ്റ്

Published

|

Last Updated

യൂറോപ്യന്‍ ഫുട്‌ബോളില്‍ ഗോളുത്സവം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന എട്ട് മത്സരങ്ങളില്‍ നിന്ന് പിറന്നത് 40 ഗോളുകള്‍ !.. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ തന്നെ ഇതാദ്യ സംഭവം. ഒരൊറ്റ രാത്രിയില്‍ ഇതുപോലൊരു ഗോളടി കണ്ടിട്ടില്ല. ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കും ഉക്രൈന്‍ ക്ലബ്ബ് ഷാക്തര്‍ ഡോനെസ്‌കും ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയുമായിരുന്നു ഏകപക്ഷീയമായി ഗോളടിച്ചു കൂട്ടിയത്. ഇറ്റലിയിലെ റോമില്‍ എ എസ് റോമയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തത്. ഇതാകട്ടെ, യൂറോപ്പില്‍ ബയേണിന്റെ ഏറ്റവും വലിയ എവേ വിജയമായി. മറ്റൊരു എവേ മത്സരത്തില്‍ ബെലാറസ് ക്ലബ്ബ് ബാറ്റെ ബോറിസോവിനെ ഷാക്തര്‍ ഡോനെസ്‌ക് 7-0ന് കശക്കിയെറിഞ്ഞു. ഇത് ടൂര്‍ണമെന്റ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ വിജയത്തിനൊപ്പമെത്തി.
ചെല്‍സിയുടെ ജയം ഹോംഗ്രൗണ്ടിലായിരുന്നു. സ്ലൊവേനിയന്‍ ക്ലബ്ബ് എന്‍കെ മാരിബോറിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് നീലപ്പട തകര്‍ത്തത്. ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയുടെ ഏറ്റവും വലിയ ജയം. ഏഴ് ഗോളുകള്‍ വീണ ഷാല്‍ക്കെ – സ്‌പോര്‍ട്ടിംഗ് മത്സരം 4-3ന് ക്ലാസിക് പരിവേഷം നേടി.
ബാഴ്‌സലോണ 3-1ന് അയാക്‌സിനെ തോല്‍പ്പിച്ചപ്പോള്‍ നാല് ഗോളുകള്‍ മത്സരത്തില്‍ പിറന്നു. റഷ്യയില്‍ സി എസ് കെ എ മോസ്‌കോയോട് 2-2ന് മാഞ്ചസ്റ്റര്‍ സിറ്റി സമനിലയായപ്പോള്‍, ആകെ നാല് ഗോളുകള്‍. പോര്‍ച്ചുഗലില്‍ എഫ് സി പോര്‍ട്ടോ 2-1ന് സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ ബില്‍ബാവോയെ തോല്‍പ്പിച്ചത് മൂന്ന് ഗോള്‍ ത്രില്ലറില്‍. ഏറ്റവും കുറഞ്ഞ ഗോള്‍ അപോയല്‍ നികോസിയ – പി എസ് ജി മത്സരത്തില്‍. ഒരൊറ്റ ഗോളിനായിരുന്നു ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി എസ് ജിയുടെ ജയം.

റോം കത്തിച്ച് ബയേണ്‍
ഇറ്റാലിയന്‍ കരുത്തറിയിക്കാന്‍, ഹോം ഗ്രൗണ്ടിന്റെ ആനൂകൂല്യത്തില്‍ ഇറങ്ങിയ എ എസ് റോമ ഇനി നാണംകെടാനില്ല. ആദ്യ പകുതിയില്‍ 5-0ന് ലീഡെടുത്ത് ബയേണ്‍ മത്സരം അവസാനിപ്പിച്ചിരുന്നു. ബെലൊ ഹൊറിസോണ്ടെയില്‍ ജര്‍മനി ബ്രസീലിനെ തകര്‍ത്തതിന് സമാനമായിട്ടായിരുന്നു ബയേണിന്റെ പ്രകടനം.
രണ്ടാം പകുതിയില്‍, എതിരാളിയെ കൂടുതര്‍ നാണം കെടുത്തേണ്ടന്ന് കരുതി മത്സരം തണുപ്പിക്കുകയും ചെയ്തു. റോബന്‍ ഇരട്ട ഗോളുകള്‍ (9,30) നേടി. മരിയോ ഗോസെ(23), ലെവന്‍ഡോസ്‌കി (25), മുള്ളര്‍ (36 പെനാല്‍റ്റി), റിബറി (78), ഷാഖിരി (80) എന്നിവരും ഗോളടിച്ചു. റോബന്‍ നേടിയ ആദ്യ ഗോള്‍ ശ്രദ്ധേയമായിരുന്നു. വലത് വിംഗിലൂടെ തുളച്ചു കയറിയ റോബന്‍ ഇംഗ്ലീഷ് ലെഫ്റ്റ് ബാക്ക് ആഷ്‌ലി കോളിനെ കബളിപ്പിച്ച് വലയിലേക്ക് മഴവില്‍ വരച്ചു. മനോഹരമായ ഗോള്‍ !
പറക്കും ഹെഡറില്‍ ലെവന്‍ഡോസ്‌കി നേടിയ ഗോളും കൈയ്യടി വാങ്ങി. ഗെര്‍വീഞ്ഞോയാണ് റോമയുടെ ആശ്വാസ ഗോളടിച്ചത്. സീസണില്‍ 813 മിനുട്ട് ഗോള്‍ വഴങ്ങാതെ നിന്ന ബേണിന്റെ റെക്കോര്‍ഡ് അവിടെ തകര്‍ന്നു. ഇറ്റാലിയന്‍ സീരി എയില്‍ രണ്ടാം സ്ഥാനത്തുള്ള റോമക്കെതിരെ നേടിയ ജയം ബയേണിന്റെ ഉഗ്രന്‍ ഫോമിനെയാണ് സൂചിപ്പിക്കുന്നതെന്ന് ആര്യന്‍ റോബന്‍ പറഞ്ഞു.
തോല്‍വിയുടെ ഉത്തരവാദിത്വം തനിക്കാണ്. കളിക്കാരെ കുറ്റപ്പെടുത്തുന്നില്ല- റോമ കോച്ച് റൂഡി ഗാര്‍സിയ പറഞ്ഞു. ആദ്യ പകുതിയില്‍ ബയേണിനെതിരെ പയറ്റിയ തന്ത്രം പാളി. കുറേക്കൂടി ആക്രമണോത്സുകത കാണിക്കേണ്ടതുണ്ടായിരുന്നു-ഗാര്‍സിയ നിരീക്ഷിച്ചു.
ഗ്രൂപ്പ് ജിയില്‍ മൂന്ന് കളിയും ജയിച്ച് ഒമ്പത് പോയിന്റോടെ ബയേണ്‍ ഒന്നാം സ്ഥാനത്ത്. നാല് പോയിന്റോടെ റോമ പിറകില്‍. രണ്ട് പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമത്. അഗ്യുറോയും മില്‍നറും ആദ്യ പകുതിയില്‍ നല്‍കിയ ലീഡ് നിലനിര്‍ത്താന്‍ സിറ്റിക്ക് സാധിക്കാതെ പോയി. ചാമ്പ്യന്‍സ് ലീഗില്‍ ഇത്തവണയും സിറ്റി പതറുന്ന കാഴ്ച. അതേ സമയം റോമക്കെതിരെ ബയേണിന്റെ വന്‍ ജയം സിറ്റിക്ക് തുണയാകും.

ലൂയിസ് അഡ്രിയാനോ മെസിക്കൊപ്പം
ഒരു മത്സരത്തില്‍ അഞ്ച് ഗോളുകള്‍. ചാമ്പ്യന്‍സ് ലീഗില്‍ മെസിയുടെ റെക്കോര്‍ഡിനൊപ്പമെത്തി ഷാക്തറിന്റെ സ്‌ട്രൈക്കര്‍ ലൂയിസ് അഡ്രിയാനോ. ബാറ്റെ ബോറിസോവിനെ മടക്കമില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ഷാക്തര്‍ കുഴിച്ച് മൂടിയപ്പോള്‍ അഞ്ചെണ്ണം അഡ്രിയാനോയാണ് നേടിയത്. ടെക്‌സേരയും ഡഗ്ലസ് കോസ്റ്റയും ഓരോ ഗോളുകള്‍ നേടി.
ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ 8-0ന് ബെസിക്താസിനെതിരെ 2007 ല്‍ നേടിയ റെക്കോര്‍ഡ് ജയം തകര്‍ക്കപ്പെടാതെ നില്‍ക്കുന്നു. 7-0 മാര്‍ജിനില്‍ അഞ്ച് ടീമുകള്‍ നേരത്തെ ജയിച്ചിട്ടുണ്ട്. ജുവെന്റസ്, ആഴ്‌സണല്‍, മാഴ്‌സെ, വലന്‍ഷ്യ, ബയേണ്‍ മ്യൂണിക് എന്നിവര്‍. എന്നാല്‍, മാഴ്‌സെക്കൊപ്പം ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും വലിയ എവേ ജയം എന്ന റെക്കോര്‍ഡ് ഷാക്തറിന് സ്വന്തം. റോമയെ 1-7ന് ബയേണ്‍ തോല്‍പ്പിച്ച അതേ രാത്രിയിലാണ് ഷാക്തര്‍ എവേ റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഗോള്‍ വഴങ്ങിയിരുന്നില്ലെങ്കില്‍ ബയേണിനും റെക്കോര്‍ഡ് പങ്കിടാമായിരുന്നു. ഗ്രൂപ്പ് എച്ചില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ കീഴടക്കിയ എഫ് സി പോര്‍ട്ടോ ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനത്ത്. അഞ്ച് പോയിന്റുള്ള ഷാക്തറിന് രണ്ടാം സ്ഥാനം.

ചെല്‍സിയുടെ ആറാട്ടില്‍ ദ്രോഗ്ബയും
നാട്ടുകാര്‍ക്ക് മുന്നില്‍ ചെല്‍സി അരഡസന്‍ ഗോളിന് മാരിബോറിനെ തകര്‍ത്തപ്പോള്‍ അതിലൊരു ഗോള്‍ ദിദിയര്‍ ദ്രോഗ്ബയുടെ ബൂട്ടില്‍ നിന്നായിരുന്നു. സൂപ്പര്‍ സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റ പരുക്കേറ്റ് പുറത്തായതോടെ ചെല്‍സി കോച്ച് തന്റെ പഴയ പടക്കുതിരയായ ദ്രോഗ്ബയെ ആദ്യലൈനപ്പില്‍ ഇറക്കി.
ഇരുപത്തിമൂന്നാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ദ്രോഗ്ബ തന്റെ തിരിച്ചുവരവിലെ ആദ്യ ഗോളടിക്കുകയും ചെയ്തു. ബെല്‍ജിയം താരം എദെന്‍ ഹസാദ് ഇരട്ട ഗോളുകള്‍ നേടി (77,90). പതിമൂന്നാം മിനുട്ടില്‍ റെമിയാണ് എക്കൗണ്ട് തുറന്നത്. ദ്രോഗ്ബയിലൂടെ ലീഡ് ഇരട്ടിച്ചു. മുപ്പത്തൊന്നാം മിനുട്ടില്‍ ജോണ്‍ ടെറിയുടെ ഗോള്‍. സീസണില്‍ ടെറി നേടുന്ന ആദ്യ ഗോളായി ഇത്. രണ്ടാം പകുതിയില്‍ ചെല്‍സി നാലാം ഗോള്‍ നേടിയത് വീലറുടെ സെല്‍ഫ് ഗോളില്‍. മാരിബോറാകട്ടെ ഒരു പെനാല്‍റ്റി പാഴാക്കുകയും ചെയ്തു.
ഗ്രൂപ്പ് ജിയില്‍ മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റോടെ ചെല്‍സി ഒന്നാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്റുള്ള ഷാല്‍ക്കെയാണ് രണ്ടാമത്.
കഴിഞ്ഞ പന്ത്രണ്ട് മത്സരങ്ങളില്‍ പത്തിലും ജയിച്ചാണ് ചെല്‍സിയുടെ പടയോട്ടം. പ്രീമിയര്‍ ലീഗില്‍ ഞായാറാഴ്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടുന്ന ചെല്‍സിക്ക് ഈ ജയം ആത്മവിശ്വാസം പകരം.
ഫിറ്റ്‌നെസുള്ള ഏക സ്‌ട്രൈക്കര്‍ ദ്രോഗ്ബയെ വിശ്വസിച്ച് കളത്തിലിറക്കിയാല്‍ നഷ്ടം വരില്ലെന്നും ചെല്‍സി കോച്ച് ജോസ് മൗറിഞ്ഞോക്ക് ബോധ്യപ്പെട്ടു. അവസാന മിനുട്ടില്‍ ഇംഗ്ലണ്ടിന്റെ പതിനേഴുകാരന്‍ സ്‌ട്രൈക്കര്‍ ഡൊമിനിക് സൊലങ്കിക്ക് സീനിയര്‍ ടീമില്‍ അരങ്ങേറ്റമൊരുക്കാനും മൗറിഞ്ഞോ തയ്യാറായി.
ജര്‍മനിയില്‍ ഷാല്‍ക്കെയുടെ തട്ടകത്തില്‍ ഗോളുകള്‍ മാറി മാറി വീണ ക്ലാസിക്കില്‍ തൊണ്ണൂറാം മിനുട്ടിലെ പെനാല്‍റ്റി ഗോളിലാണ് സ്‌പോര്‍ട്ടിംഗ് തോല്‍വിയിലേക്ക് വഴുതിയത്. പതിനാറാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ താരം നാനി നേടിയ ഗോളില്‍ പോര്‍ച്ചുഗല്‍ ടീം സ്‌പോര്‍ട്ടിംഗാണ് ആദ്യം ലീഡെടുത്തത്. മുപ്പത്തിനാലാം മിനുട്ടില്‍ ഒബാസിയും അമ്പതാം മിനുട്ടില്‍ ഹണ്ട്‌ലറും ഗോളടിച്ചതോടെ ഷാല്‍ക്കെ 2-1ന് മുന്നില്‍.
പത്ത് മിനുട്ടിനുള്ളില്‍ ഹൗഡസിലൂടെ ഷാല്‍ക്കെ 3-1ന് മുന്നില്‍ക്കയറി. അറുപത്തിനാലാം മിനുട്ടിലെ പെനാല്‍റ്റി ഗോളിന് പിറകെ സില്‍വ 78താം മിനുട്ടിലും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 3-3. അവസാന മിനുട്ടില്‍ ചോപോ മോട്ടിംഗിന്റെ പെനാല്‍റ്റി ഗോളില്‍ ഷാല്‍ക്കെ ഹോംഗ്രൗണ്ടില്‍ മാനം കാത്തു.

ബാഴ്‌സക്ക് വാം അപ്
ശനിയാഴ്ച ലാ ലിഗയില്‍ റയല്‍മാഡ്രിഡിനെ നേരിടാനുള്ള തയ്യാറെടുപ്പായിരുന്നു ബാഴ്‌സക്ക് അയാക്‌സിനെതിരെ നേടത്തിയത്. മെസിയും നെയ്മറും റാമിറെസും ഗോളടിച്ചപ്പോള്‍ 3-1ന് ജയം. ഗ്രൂപ്പില്‍ ആറ് പോയിന്റോടെ ബാഴ്‌സ രണ്ടാം സ്ഥാനത്ത്. ഏഴ് പോയിന്റുള്ള പി എസ് ജിയാണ് മുന്നില്‍.

Latest