Connect with us

International

ആസ്‌ത്രേലിയന്‍ പാര്‍ലിമെന്റില്‍ ഇനി ഹിജാബ് ധരിക്കാം

Published

|

Last Updated

സിഡ്‌നി: ഹിജാബ് (മുഖാവരണം) ധരിച്ച് മുസ്‌ലിം സ്ത്രീകള്‍ക്ക് പാര്‍ലിമെന്റില്‍ എത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധം ആസ്‌ത്രേലിയ പിന്‍വലിച്ചു. ഹിജാബ്ധാരികള്‍ക്ക് കാന്‍ബെറയിലുള്ള പാര്‍ലിമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതിന് സുരക്ഷാ കാരണങ്ങള്‍ ഉയര്‍ത്തിയാണ് നിരോധം കൊണ്ടുവന്നിരുന്നത്. പാര്‍ലിമെന്റില്‍ ഹിജാബ് ധരിച്ചെത്തുന്ന സ്ത്രീകള്‍ പ്രത്യേക ഭാഗത്ത് മാത്രമേ ഇരിക്കാന്‍ പാടുള്ളൂ എന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു. വിവേചനം കാണിച്ചുവെന്ന വിമര്‍ശം മറികടക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. പൂര്‍ണമായ പരിശോധനക്ക് ശേഷം കടത്തിവിടുന്ന സ്ത്രീകള്‍ മുഖാവരണം ധരിക്കുന്നതില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയാണ് പാര്‍ലിമെന്റ് മുന്‍ തീരുമാനം മാറ്റിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മുഖം പൂര്‍ണമായി പ്രദര്‍ശിപ്പിച്ച് മാത്രമേ ഇതുവരെ ഉള്ളിലേക്ക് കടത്തിയിരുന്നുള്ളൂ. പുതിയ നിയമം വന്നതോടെ പാര്‍ലിമെന്റിന്റെ എല്ലാ ഗാലറിയിലും മറ്റുള്ള സ്ത്രീകളെ പോലെ ഹിജാബ് ധിരിച്ച സ്ത്രീകള്‍ക്കും സന്ദര്‍ശനം നടത്താം.
ആസ്‌ത്രേലിയയിലെ ചില തീവ്രവാദ ഗ്രൂപ്പുകള്‍ ഇറാഖിലും സിറിയയിലും ആക്രമണം നടത്തുന്ന ഇസില്‍ തീവ്രവാദികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ യു എസ് നേതൃത്വത്തിലുള്ള ഇസില്‍ വിരുദ്ധ പോരാട്ട സഖ്യത്തിന് ശക്തമായ പിന്തുണയുമായി രംഗത്തുവരികയും ചെയ്തിരുന്നു. ശരിയായ സുരക്ഷാ നിര്‍ദേശത്തിന്റെ ഭാഗമല്ലാതെയാണ് നിരോധം കൊണ്ടുവന്നതെന്നും ഇതില്‍ നിന്നുള്ള പിന്‍മാറ്റ തീരുമാനം സ്വാഗതാര്‍ഹമാണെന്നും മുന്‍ എമിഗ്രേഷന്‍ മന്ത്രിയും പ്രതിപക്ഷ തൊഴിലാളി നേതാവുമായ ടോനി ബരൂര്‍കെ പറഞ്ഞു. ആസ്‌ത്രേലിയയില്‍ ജനസംഖ്യയുടെ രണ്ട് ശതമാനം വരുന്ന മുസ്‌ലിംകള്‍ ഏകദേശം അഞ്ച് ലക്ഷത്തോളം വരും.

---- facebook comment plugin here -----

Latest