Connect with us

Kollam

മാലിന്യ സംസ്‌കരണം ഫലപ്രദമാക്കാന്‍ സി പി എം ബഹുജന കാമ്പയിന്‍ സംഘടിപ്പിക്കുന്നു

Published

|

Last Updated

കൊല്ലം: മാലിന്യ നിക്ഷേപം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ജനങ്ങളെ ബോധവത്ക്കരിക്കാനും മാലിന്യ സംസ്‌കരണം ഫലപ്രദമാക്കാനും ലക്ഷ്യമിട്ട് സി പി എം ജില്ലാ കമ്മിറ്റി ബഹുജന കാമ്പയിന്‍ സംഘടിപ്പിക്കുന്നു. മാലിന്യങ്ങള്‍ പൊതു നിരത്തിലേക്ക് വലിച്ചെറിയുന്നത് തടയാനും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം ഇല്ലാതാക്കാനും സാമൂഹ്യ സന്നദ്ധ സംഘടനകളെ കൂടി പങ്കാളികളാക്കി ശക്തമായ ഇടപെടലുകള്‍ നടത്താന്‍ 2013ല്‍ പാലക്കാട് ചേര്‍ന്ന സി പി എം പ്ലീനം തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് മാലിന്യ നിക്ഷേപം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബഹുജന കാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പകരം വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണ് ആവശ്യമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ഉറവിട മാലിന്യ സംസ്‌കരണമാണ് ഇതില്‍ പ്രധാനപ്പെട്ടത്. മാലിന്യത്തിന്റെ ഉറവിടങ്ങളായ വീടുകള്‍, ഹോട്ടലുകള്‍, കല്യാണ മണ്ഡപങ്ങള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, തൊഴില്‍ ശാലകള്‍, ഫാമുകള്‍, തെരുവുകള്‍, അറവ് ശാലകള്‍, ആശുപത്രികള്‍, ജലസ്രോതസുകള്‍, സ്‌കൂളുകളിലെയും പൊതുസ്ഥലങ്ങളിലെയും ശൗചാലയങ്ങള്‍ എന്നി മാലിന്യ വിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
പരിസ്ഥിതിക്ക് ഇണങ്ങാത്ത പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കളെ ഭൂമിയുടെയും മണ്ണിന്റെയും അന്തരീക്ഷത്തിന്റെയും ഘടനക്ക് കോട്ടം തട്ടാതെ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുകയും സി എഫ് എല്‍, ട്യൂബ്‌ലൈറ്റ്, ഫൈബര്‍ ഇലക്‌ട്രോണിക് മാലിന്യം എന്നിവ ശേഖരിച്ച് സുരക്ഷിതമായി സംസ്‌കരിക്കാനുള്ള ശാസ്ത്രീയ രീതികള്‍ അവലംബിക്കുകയുമാണ് വേണ്ടതെന്ന് രാജഗോപാല്‍ പറഞ്ഞു.
ബഹുജന കാമ്പയിന്റെ തുടക്കമെന്ന നിലയില്‍ 17ന് രാവിലെ 10ന് സി എസ് ഐ കണ്‍വെന്‍ഷന്‍ ഹാളില്‍ മാലിന്യ സംസ്‌കരണ ജില്ലാ ശില്‍പശാല സംഘടിപ്പിക്കും. മാലിന്യ സംസ്‌കരണത്തിന്റെ ആവശ്യകത ചര്‍ച്ച ചെയ്ത് പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയാണ് ശില്‍പശാലയുടെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത്, കൊല്ലം കോര്‍പറേഷന്‍, മൂന്ന് മുന്‍സിപ്പാലിറ്റികള്‍, 70 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ശില്‍പശാലയില്‍ പങ്കെടുക്കും. സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എം എല്‍ എ ശില്‍പശാല ഉദ്ഘാടനം ചെയ്യും. പ്രൊഫ. പി കെ രവീന്ദ്രന്‍, ഡോ. ഹരികുമാര്‍, ഡോ. ഫ്രാന്‍സിസ് സേവ്യര്‍, ഷിബു നായര്‍ എന്നിവര്‍ മാലിന്യ സംസ്‌കരണത്തിന്റെ വിവിധ രീതികളെ സംബന്ധിച്ച് ക്ലാസുകളെടക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിക്കും. വരുന്ന ആറ് മാസം നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശില്‍പശാലയില്‍ രൂപം നല്‍കും. പൊതുമാര്‍ക്കറ്റുകള്‍ ശുചീകരിക്കുകയും അറവ് ശാലകളിലെ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുകയും ചെയ്യും. കടയ്ക്കല്‍, പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നീ താലൂക്കാശുപത്രികള്‍ ശുചീകരിക്കും. കേരളം മുഴുവന്‍ സി പി എം ഏറ്റെടുത്ത് നടപ്പാക്കുന്ന സമ്പൂര്‍ണ മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലും കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് രാജഗോപാല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest