Connect with us

National

ധൗല ക്വാന്‍ കൂട്ടബലാത്സംഗം: അഞ്ച് പേരും കുറ്റക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: 30കാരിയായ കാള്‍ സെന്റര്‍ എക്‌സിക്യൂട്ടീവിനെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഡല്‍ഹി കോടതി അഞ്ച് പേരെ കുറ്റക്കാരെന്ന് കണ്ടെത്തി. പ്രതികളുടെ ശിക്ഷ അഡീഷനല്‍ സെഷന്‍സ് ജഡ്ജി വിരേന്ദര്‍ ഭട്ട് വെള്ളിയാഴ്ച പ്രഖ്യാപിക്കും. ധൗല ക്വാന്‍ തട്ടിക്കൊണ്ട് പോകലും ബലാത്സംഗവുമെന്ന് കുപ്രസിദ്ധമായ സംഭവം 2010ലാണ് നടന്നത്.
ദക്ഷിണ ഡല്‍ഹിയിലെ ധൗല ക്വാന്‍ പ്രദേശത്ത് നടന്ന സംഭവത്തില്‍ ഖുട്കാന്‍ എന്ന ശംസുദ്ദീന്‍, കാലെ എന്ന ഉസ്മാന്‍, ചോട്ട ബില്ലി എന്ന ശഹീദ്, ബഡാ ബില്ലി എന്ന ഇഖ്ബാല്‍, ഖമറുദ്ദീന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
വടക്കുകിഴക്കന്‍ സംസ്ഥാനക്കാരിയായ കാള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് സുഹൃത്തിനൊപ്പം നടന്ന് പോകുമ്പോള്‍ അഞ്ച്‌പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട്‌പോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. മംഗോള്‍പുരിയിലേക്ക് തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം നടത്തിയ ശേഷം യുവതിയെ ആളൊഴിഞ്ഞ റോഡില്‍ തള്ളി. ഹരിയാനയിലെ മെവാത്തില്‍ വെച്ചാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങള്‍ നിരപരാധികളാണെന്നും പോലീസ് തെറ്റായി കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നുവെന്നും പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു. ഈ സംഭവത്തിന് ശേഷമാണ് രാഷ്ട്ര തലസ്ഥാനത്തെ എല്ലാ ബി പി ഒ കമ്പനികളും വനിതാ ജീവനക്കാരികള്‍ താമസസ്ഥലത്തേക്ക് പോകുമ്പോള്‍ സംരക്ഷണം നല്‍കണമെന്ന് ഡല്‍ഹി പോലീസ് ഉത്തരവിട്ടത്.