Connect with us

Gulf

വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് അരകോടി രൂപ

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട പാലക്കാട് പള്ളിപ്പുറം ശ്രീനിലയം വീട്ടില്‍ സന്തോഷ് കുമാറിന്റെ അനന്തരാവകാശികള്‍ക്ക് മൂന്ന് ലക്ഷം ദിര്‍ഹവും ഒന്‍പത് ശതമാനം പ്രതിഫലവും വക്കീല്‍ ഫീസും കോടതി ചെലവുകളും ഉള്‍പ്പെടെ (അരകോടിയിലധികം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ കോടതി വിധിച്ചു.
രണ്ട് വര്‍ഷത്തോളം അക്കൗണ്ടന്റായി ദുബൈയിലെ യുണിക്കോര്‍ അഡ്വര്‍ട്ടൈസ്‌മെന്റ് കമ്പനിയില്‍ ജോലി നോക്കിയിരുന്നു മരണപ്പെട്ട സന്തോഷ് കുമാര്‍. മലപ്പുറം ആലിപറമ്പ, മേക്കോട്ടുകലം വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ റിഷയാണ് മരണപ്പെട്ട സന്തോഷിന്റെ ഭാര്യ.
2011 മാര്‍ച്ചില്‍ മാസത്തില്‍ ഷാര്‍ജ മൊഹയിലില്‍ വെച്ചാണ് ഇന്ത്യക്കാരന്‍ ഓടിച്ച വാഹനം ഇടിച്ച് മരണം സംഭവിച്ചത്. വാഹനാപകടം ഉണ്ടാക്കിയ ഇന്ത്യക്കാരനായ പ്രതിയെ പോലീസ് ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും വിശദമായി ചോദ്യം ചെയ്‌തെങ്കിലും പ്രതി കുറ്റം നിഷേധിക്കുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ മുന്നിലേക്ക് ചാടുകയും വാഹനചക്രം അയാളുടെ മുകളില്‍ കയറി ഇറങ്ങുകയും ആ സമയത്ത് വാഹനം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പ്രതി കേടതിയില്‍ അടക്കം മൊഴി നല്‍കിയിരുന്നു. മരണപ്പെട്ടയാള്‍ റോഡിലേക്ക് കടന്നതാണ് അപകടം സംഭവിച്ചെതെന്നും വണ്ടിയുടെ മുന്‍ഭാഗം തട്ടിയാണ് അപകടമുണ്ടായതെന്നും ഷാര്‍ജ ട്രാഫിക് ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കി. വാഹനാപകടം ഉണ്ടാക്കിയ ഇന്ത്യക്കാരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചെങ്കിലും ആ നിഷേധത്തെ ദൃക്‌സാക്ഷികളൊ തെളിവുകളൊ ഇല്ലാത്തതിനാല്‍ കോടതി അംഗീകരിച്ചില്ല. ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള വാദമായി കോടതി ഇതിനെ പരിഗണിച്ചു. പ്രതിയെ ജയില്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയ കോടതി പതിനായിരം ദിര്‍ഹം പിഴ നല്‍കാന്‍ വിധിക്കുകയായിരുന്നു. മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദുചയ്യാനും രണ്ട് ലക്ഷം ദിര്‍ഹം ദിയാ ധനം നല്‍കുവാനും ഷാര്‍ജ ട്രാഫിക് കോടതി ഉത്തരവിട്ടിട്ടുണ്ട്.
രണ്ട് ലക്ഷം ദിര്‍ഹം ദിയാ ധനത്തിന് പുറമെ മൂന്ന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വേണമെന്ന് ആവിശ്യപ്പെട്ടാണ് ഷാര്‍ജ കോടതിയില്‍ പാലക്കാട് പാട്ടാമ്പിയിലെ അഡ്വക്കേറ്റ് നോട്ടറി രന്ദീര്‍ കുമാര്‍ അറ്റസ്റ്റ് ചെയ്ത് അനന്തരാവകാശികള്‍ നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണി ദുബൈലെ യുണിക്കോര്‍ അഡ്വര്‍ട്ടൈസ്‌മെന്റ് കമ്പനിയിലെ മാനേജര്‍ സന്തോഷ് മുഖേന അലി ഇബ്രാഹീം അഡ്വക്കേറ്റസിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരിയെ കേസ് നടത്താന്‍ ഏല്‍പ്പിച്ചത്.

 

Latest