Connect with us

Business

കുരുമുളക് വില കുതിച്ചു കയറി; റബ്ബര്‍ വിലയില്‍ ചാഞ്ചാട്ടം

Published

|

Last Updated

കൊച്ചി: ദീപാവലി ഡിമാന്‍ഡില്‍ വെളിച്ചെണ്ണ വില 400 രൂപ വര്‍ധിച്ചു. ഉത്തരേന്ത്യന്‍ ആവശ്യം കനത്തതോടെ കുരുമുളക് വില കുതിച്ചു കയറി. ചുക്ക് വിപണിയിലെ തളര്‍ച്ച വിട്ടുമാറിയില്ല. റബ്ബര്‍ വിലയില്‍ ചാഞ്ചാട്ടം. ആഭരണ വിപണികളില്‍ പവന്റെ വില വര്‍ധിച്ചു.
നാളികേരോല്‍പ്പന്നങ്ങള്‍ തളര്‍ച്ചയില്‍ നിന്ന് തിരിച്ചു വന്നു. ഭക്ഷ്യയെണ്ണ വില്‍പ്പന ഏറ്റവും കുടുതല്‍ ഉയരുന്നത് ദീപാവലി വേളയിലാണ്. ലോക്കല്‍ മാര്‍ക്കറ്റില്‍ വെളിച്ചെണ്ണക്ക് ആവശ്യം കാര്യമായി ഉയരാന്‍ ഇടയില്ല. അതേ സമയം ഉത്തരേന്ത്യയില്‍ ഇതര എണ്ണകള്‍ക്ക് ഡിമാന്‍ഡ് ഉയരുന്ന സാഹചര്യത്തില്‍ വിലക്കയറ്റം വെളിച്ചെണ്ണയിലേക്കും വ്യാപിക്കും. തമിഴ്‌നാട്ടിലെ മില്ലുകാര്‍ക്ക് കാര്യമായി കൊപ്ര സംഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. കൊച്ചിയില്‍ വെളിച്ചെണ്ണ 15,200 ലും കൊപ്ര 10,200 ലുമാണ്. അതേ സമയം കോഴിക്കോട് കൊപ്ര 10,600 ലാണ്. തമിഴ്‌നാട്ടിലും ഇതേ വിലയിലാണ് ഇടപാടുകള്‍ നടക്കുന്നത്. അവിടെ എണ്ണ വില 14,975 ലാണ്.
ഉത്തരേന്ത്യന്‍ ഡിമാന്‍ഡില്‍ കുരുമുളക് മുന്നേറി. ദീപാവലി വില്‍പ്പന മുന്നില്‍ കണ്ട് അന്തര്‍സംസ്ഥാന വ്യാപാരികള്‍ വന്‍തോതില്‍ ചരക്ക് വാങ്ങിക്കൂട്ടി. ഉല്‍പ്പന്നത്തിനു ആവശ്യക്കാര്‍ ഏറിയതോടെ കര്‍ഷകരും സ്‌റ്റോക്കിസ്റ്റുകളും ചരക്ക് നീക്കം കുറച്ചു. ഇതും വിപണിക്ക് കരുത്തായി. കഴിഞ്ഞ വാരത്തില്‍ കുരുമുളക് വില 2,800 രൂപ ഉയര്‍ന്നു. ഹൈറേഞ്ചില്‍ നിന്നുള്ള ചരക്ക് വരവ് കുറവാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ അടുത്ത സീസണില്‍ വിളവ് ഉയരാം.
ഇറക്കുമതി ചരക്ക് ഉത്തരേന്ത്യയില്‍ സ്‌റ്റോക്കുള്ളതിനാല്‍ നിരക്ക് ഉയരുന്ന അവസരത്തില്‍ വ്യവസായികള്‍ സ്‌റ്റോക്ക് അവിടെ വിറ്റഴിക്കാന്‍ ഇടയുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ വില ടണ്ണിന് 12,000 ഡോളറിനു മുകളിലാണ്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 68,000 ല്‍ നിന്ന് 70,800 രൂപയായി.
ചുക്ക് വിപണി തളര്‍ച്ചയിലാണ്. പച്ച ഇഞ്ചി വില താഴ്ന്നത് ചുക്കിനെയും ബാധിച്ചു. അതേസമയം വിപണിയില്‍ സ്‌റ്റോക്ക് കുറവാണ്. വിദേശ ഓര്‍ഡറുകളുടെ അഭാവം നിരക്ക് കുറയാന്‍ കാരണമായി. ശൈത്യം ശക്തമാകുന്നതോടെ ഉത്തരേന്ത്യയില്‍ നിന്ന് ചുക്കിനു ആവശ്യക്കാര്‍ എത്തി തുടങ്ങും. വിവിധയിനം ചുക്ക് 21,000- 3,000 രൂപയിലാണ്.
രാജ്യാന്തര റബ്ബര്‍ മാര്‍ക്കറ്റിലെ തളര്‍ച്ച തുടരുന്നു. ടോക്കോമിലും സിക്കോമിലും റബ്ബര്‍ വില നേരിയ റേഞ്ചില്‍ നീങ്ങി. ഇന്ത്യന്‍ മാര്‍ക്കറ്റിലും വ്യവസായികള്‍ കാര്യമായ താല്‍പര്യം കാണിച്ചില്ല. അതേസമയം ചെറുകിട വ്യവസായികളില്‍ നിന്നുള്ള അന്വേഷണങ്ങളുടെ ചുവടു പിടിച്ച് നാലാം ഗ്രേഡ് 12,100 ല്‍ നിന്ന് 12,250 രൂപയായി. അഞ്ചാം ഗ്രേഡ് റബ്ബര്‍ 12,000 രൂപയിലുമാണ്. അതേ സമയം ലാറ്റക്‌സ് വില വീണ്ടും ഇടിഞ്ഞ് 8,000 രൂപയായി.
സ്വര്‍ണ വില ഉയര്‍ന്നു. ആഭരണ വിപണികളില്‍ പവന്‍ 20,080 രൂപയില്‍ നിന്ന് 20,320 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 35 രൂപ വര്‍ധിച്ച് 2,545 രൂപയായി. ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിനു 1,190 ഡോളറില്‍ നിന്ന് 1,221 ഡോളറായി.