Connect with us

Kollam

മനുഷ്യച്ചങ്ങല തീര്‍ത്ത് റബര്‍ കര്‍ഷകരുടെ സമരം

Published

|

Last Updated

കൊല്ലം: റബര്‍ കര്‍ഷകരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന ദ്രോഹനടപടികള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് റബര്‍ കര്‍ഷകര്‍ കലക്ടറേറ്റിനു ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്തു.
റബര്‍ ഇറക്കുമതി അവസാനിപ്പിക്കുക, ഇറക്കുമതി ചുങ്കം ഉയര്‍ത്തുക, ഒരുകിലോ റബറിന് 250 രൂപ നല്‍കി സംസ്ഥാന സര്‍ക്കാര്‍ സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു കലക്ടറേറ്റ് വളയല്‍. സമരം ഉദ്ഘാടനം ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചങ്ങലയില്‍ കണ്ണിചേര്‍ന്നു.
റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയണം. വന്‍കിട ടയര്‍ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങിയതിലൂടെ റബര്‍ കര്‍ഷകന്റെനട്ടെല്ലൊടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. അതിനു കുഴലൂതുകയായിരുന്നു കേരളത്തിലെ യു ഡി എഫ് സര്‍ക്കാര്‍. കേന്ദ്ര മന്ത്രിസഭപോലും ചര്‍ച്ചചെയ്യാതെ തിരക്കിട്ടാണ് കരാറില്‍ ഏര്‍പ്പെട്ടതെന്നും പിണറായി കുറ്റപ്പെടുത്തി.
കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് സി ബാള്‍ഡുവിന്‍ അധ്യക്ഷത വഹിച്ചു. സ്ത്രീകളടക്കം പങ്കെടുത്തു. കെ രാജഗോപാല്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം കെ ഭാസ്‌കരന്‍, പി രാജേന്ദ്രന്‍, ബി രാഘവന്‍, കെ എന്‍ ബാലഗോപാല്‍ എം പി, കെ വരദരാജന്‍, എസ് രാജേന്ദ്രന്‍ എന്നിവര്‍ ചങ്ങലയില്‍ കണ്ണികളായി. കലക്ടറേറ്റ് മെയിന്‍ഗേറ്റിനു മുന്നില്‍ പ്രവര്‍ത്തകര്‍ റബര്‍ഷീറ്റ് കത്തിച്ചു. തുടര്‍ന്ന് പ്രകടനത്തോടെ മനുഷ്യച്ചങ്ങല സമാപിച്ചു. അഡ്വ. കെ സോമപ്രസാദ്, ആര്‍ സത്യശീലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍, എസ് സുദേവന്‍ മനുഷ്യച്ചങ്ങലക്ക് നേതൃത്വം നല്‍കി.

Latest