Connect with us

Kerala

മദ്യനിരോധനത്തിന് ജനപങ്കാളിത്തം ആവശ്യം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: മദ്യ നിരോധനം നടപ്പാക്കാന്‍ ജനങ്ങളുടെ പങ്കാളിത്തം ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മദ്യനിരോധനവും മദ്യവര്‍ജനവും സമന്വയിപ്പിക്കുന്ന മാര്‍ഗമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇച്ഛാശക്തിയോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. മദ്യനിരോധനത്തിന് സമൂഹത്തിന്റെയാകെ പിന്തുണ ഉണ്ടാകണമെന്നും അതുകൊണ്ടുതന്നെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഗാന്ധിജയന്തി വാരാഘോഷം ഏറെ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിസത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ ഏറിവരുന്ന ഈ കാലഘട്ടത്തില്‍ എല്ലാ ആസക്തികള്‍ക്കെതിരെയും ഉച്ചനീചത്വങ്ങള്‍ക്കെതിരെയും മഹാത്മാഗാന്ധി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. സര്‍ക്കാറിന്റെ മദ്യനയം പൂര്‍ണ്ണമായും നടപ്പാക്കുന്നതിന് സമൂഹത്തിന്റെയാകെ പങ്കാളിത്തം ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മേയര്‍ ചന്ദ്രിക മദ്യവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മദ്യവിമുക്തി നേടിയ കോട്ടൂര്‍ വനമേഖലയില്‍ നിന്നുള്ള പത്ത് ആദിവാസികളെ മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു. മന്ത്രി വി എസ് ശിവകുമാര്‍ എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, പി ആര്‍ ഡി ഡയറക്ടര്‍ മിനി ആന്റണി പങ്കെടുത്തു.

---- facebook comment plugin here -----

Latest