Connect with us

Malappuram

ചോക്കാട് സഹകരണ സംഘത്തിലെ കൂട്ടരാജി പഞ്ചായത്ത് ഭരണത്തേയും ബാധിച്ചേക്കും

Published

|

Last Updated

കാളികാവ്: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേ ചോക്കാട് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിന കളമൊരുങ്ങുന്നു.
നീര പദ്ധതിയുമായി ബന്ധപ്പെട്ട് യു ഡി എഫില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ ഏറെ അകന്ന് നില്‍ക്കേ ഭരണം നടത്തുന്ന കോണ്‍ഗ്രസിലും പുതിയ തര്‍ക്കം ഉടലെടുത്തതോടെയാണ് നിലവിലെ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ അണിയറയില്‍ നീക്കം നടക്കുന്നത്. സഹകരണ സംഘത്തിലെ തര്‍ക്കം പഞ്ചായത്ത് ഭരണസമിതിയേയും ബാധിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കോണ്‍ഗ്രസ് നിയന്തണത്തിലുള്ള ചോക്കാട് വനിത സഹകരണ സംഘത്തില്‍ നിന്നും നിലവിലെ ഭരണസമിതിയിലെ അഞ്ച് ഡയറക്ടര്‍മാര്‍ രാജിവെച്ചിരുന്നു. ഡയറക്ടറായ മോളി പൗലോസ് ആണ് ആദ്യം രാജിവെച്ചത്.
അടുത്തിടെ സുശീല, റംലത്ത്, ബീക്കുട്ടി, കമല എന്നിവര്‍ കൂടി രാജിവെച്ചു. ഒമ്പതംഗ ഭരണ സമിതിയില്‍ നിന്നും അഞ്ച് പേര്‍ രാജിവെച്ചതോടെ നിലവിലെ സംഘം ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. രാജിവെച്ചവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകകളാണ്. പത്ത് വര്‍ഷത്തെളമായി പ്രവര്‍ത്തിക്കുന്ന സംഘം ബേങ്കിന്റെ എല്ലാ സൗകര്യങ്ങളോടെയുമാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ബേങ്കിനുവേണ്ടി പിരിവ് നടത്തുന്ന ദിവസപ്പിരിവുകാരുടെ കമ്മീഷന്‍ സംഘത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ വെട്ടിക്കുറക്കുകയം അതേസമയം മറ്റു ചില പ്രധാനികളുടെ ശമ്പളം കുത്തനെ കൂട്ടുകയും ചെയ്തിരുന്നു.
മാത്രമല്ല സംഘത്തിലെ ചിലര്‍ തന്‍ പ്രമാണിത്തം കാണിക്കുന്നതായും പരാതി ഉയര്‍ന്നു. ഇതോടെയാണ് കോണ്‍ഗ്രസ്സിലെ ചില പ്രമുഖര്‍ ഇടപ്പെട്ട് കഴിഞ്ഞ ദിവസം നാല് ഡയറക്ടര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. നിലവിലെ മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തിലിരിക്കുന്നയാള്‍ക്കും പഞ്ചായത്ത് ഭരണ സമിതിയിലെ പ്രധാനിക്കും സംഘത്തിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടെന്നാണ് കോണ്‍ഗ്രസിലെ മറുചേരി പറയുന്നത്.
ഇത് വരും ദിവസങ്ങളില്‍ പഞ്ചായത്ത് ഭരണസമിതിയേയും ബാധിക്കുമെന്നാണ് മറു വിഭാഗം അടക്കം പറയുന്നുണ്ട്. പ്രദേശത്ത് യു ഡി എഫില്‍ നിന്നും ഘടകക്ഷിയായ ലീഗ് നേരത്തേ വിട്ട് നില്‍ക്കുകയാണ്.
കേരസമിതി- ഫെഡറേഷന്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രസ്താവന യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ലീഗും കോണ്‍ഗ്രസും ഇപ്പോള്‍ കൂടുതല്‍ അകന്ന് കഴിഞ്ഞു. പഞ്ചായത്തില്‍ പതിനെട്ട് അംഗങ്ങളില്‍ രണ്ട് അംഗങ്ങള്‍ മാത്രമുള്ള സി പി എമിന് ഇപ്പോള്‍ ഭരണ പക്ഷത്തെ പുറത്താക്കാനുള്ള ശേഷിയില്ല.
അതേസമയം, ലീഗും കോണ്‍ഗ്രസിലെ ചിലരും ഒന്ന് ചേരുന്ന രാഷ്ട്രീയ സാഹചര്യം വന്നാല്‍ അവസരം മുതലാക്കാന്‍ സി പി എം പ്രാദേശിക നേതൃത്വം മടിച്ചേക്കില്ലെന്നാണ് കരുതപ്പെടുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രദേശിക പുനസംഘടന കഴിയുന്നതോടെ ഇത്തരമൊരു രാഷ്ട്രീയ സാഹചര്യം ഉരിത്തിരിയുമാന്നാണ് സൂചന.

Latest