Connect with us

Kerala

ശശി തരൂരിന് കോണ്‍ഗ്രസ് മുഖപത്രത്തിന്റെ രൂക്ഷ വിമര്‍ശം

Published

|

Last Updated

തിരുവനന്തപുരം: നരേന്ദ്രമോദിയെ പ്രശംസിച്ച ശശി തരൂര്‍ എം പിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ രൂക്ഷ വിമര്‍ശം. “പുരയ്ക്ക് മീതെ ചാഞ്ഞാല്‍ പൊന്‍മരവും…” എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് തരൂരിനെതിരെ പേരെടുത്ത് പരാമര്‍ശിക്കാതെയുള്ള രൂക്ഷ വിമര്‍ശം. ചാനല്‍ പ്രതികരണങ്ങളില്‍ നിഷ്പക്ഷതയുടെ മുഖംമൂടി അണിയുകയും ട്വിറ്ററില്‍ മോദിക്കു വേണ്ടി പ്രണയഗീതം എഴുതുകയും ചെയ്യുന്നവരുടെ ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന് വ്യക്തമായെന്ന് പത്രം പരിഹസിക്കുന്നു. ഇത്തരം വിശുദ്ധ പശുക്കള്‍ എത്രകാലം കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നും പ്ത്രം സംശയം ഉന്നയിക്കുന്നു.
അപ്പുറത്തെ പ്രലോഭനങ്ങളില്‍ ആകൃഷ്ടരായി ഇപ്പുറത്തിരുന്ന് അപ്പുറത്തേക്ക് കണ്ണയക്കുന്നവരുണ്ട്. മോദി ഫാന്‍സില്‍ അംഗത്വമെടുക്കാന്‍ ഇത്തരക്കാര്‍ ഉണ്ടോ എന്ന് സംശയേക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പരാജയം കണ്ട് ഇവര്‍ ബിജെപിയുടെ സമൃദ്ധിയില്‍ ആകൃഷ്ടരായിരിക്കുന്നു. അനുകൂല കാലാവസ്ഥ തേടി നടക്കുന്ന ഇത്തരക്കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് വഞ്ചിക്കുന്നതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ഗാന്ധിജയന്തി ദിനത്തില്‍ മോദി ആള്‍ദൈവം മുതല്‍ താരസുന്ദരിവരെയുള്ളവരോട് ചൂലെടുക്കാന്‍ ആവശ്യപ്പെ
ട്ടത് തെരുവിലെ മാലിന്യ നീക്കം ചെയ്യാന്‍ വേണ്ടി അല്ല. തന്റെ ഭൂതകാലത്തിലെ മാലിന്യം നീക്കം ചെയ്യാന്‍ വേണ്ടിയായിരുന്നെന്നും പത്രം പറയുന്നു. വാഴ്ചയില്‍ അടുക്കുകയും വീഴ്ചയില്‍ അകലുകയും ചെയ്യുന്നവരെ സംശയിക്കേണ്ടതാണ്. പറ്റിയ തെറ്റുകള്‍ തിരുത്തുന്നില്ലെങ്കില്‍ പുര നിറഞ്ഞുനില്‍ക്കുന്ന ഇത്തരക്കാരെ കെട്ടിച്ചുവിടുകയാണ് ഉചിതം എന്നു പറഞ്ഞാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
ബിജെപി നേതാവിന്റെ നല്ല പ്രവൃത്തിയെ പിന്തുണക്കുന്നത് ബിജെപിക്കുള്ള പിന്തുണയല്ലെന്ന ശശി തരൂരിന്റെ വിശദീകരണത്തിന് പിന്നാലെയാണ് പത്രത്തിന്റെ വിമര്‍ശം.

Latest