Connect with us

National

അമിത് ഷാക്കെതിരെ കുറ്റപത്രം: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

Published

|

Last Updated

മുസാഫര്‍നഗര്‍: വിദ്വേഷ പ്രസംഗത്തിന് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ കുറ്റപത്രം തയ്യാറാക്കിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ന്യൂമാന്‍ഡി സര്‍ക്കിള്‍ ഡി വൈ എസ് പി യോഗീന്ദര്‍ സിംഗ്, എസ് ഐ ഭരത് ലാല്‍ എന്നിവരെയാണ് മാറ്റിയത്. ഇവര്‍ തയ്യാറാക്കിയ കുറ്റപത്രം കോടതി സ്വീകരിച്ചിരുന്നില്ല. ഇത് സാധാരണ സ്ഥലം മാറ്റമാണെന്നും അമിത് ഷായുടെ കേസുമായി ബന്ധമില്ലെന്നും എസ് എസ് പി. എച്ച് എന്‍ സിംഗ് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉത്തര്‍ പ്രദേശിലെ മുസാഫര്‍ഗനഗറില്‍ അമിത് ഷാ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ കേസ് അന്വേഷിച്ചത് എസ് ഐ ഭരത് ലാല്‍ ആയിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചത് യോഗീന്ദര്‍ സിംഗും. കഴിഞ്ഞ പത്താം തീയതി സമര്‍പ്പിച്ച കുറ്റപത്രം പിറ്റേന്ന് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുന്ദര്‍ ലാല്‍ നിരസിക്കുകയായിരുന്നു. ക്രിമിനല്‍ ചട്ടം 173(2) പ്രകാരം കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് കുറ്റാരോപിതനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരോധനാജ്ഞ ലംഘിച്ചുവെന്ന് കാണിച്ചുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പരാതിയില്ലാതെ ഇന്ത്യന്‍ ശിക്ഷാ നിയമം 188 അനുസരിച്ച് കുറ്റപത്രം സമര്‍പ്പിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.