National
ബി ജെ പി കാലുമാറ്റക്കാര്‍: ശിവസേന
മുംബൈ: ബി ജെ പി കാലുമാറ്റക്കാരാണെന്ന് ആരോപിച്ച് ശിവസേന ആക്രമണം ശക്തമാക്കി. സംസ്ഥാനത്തിന്റെ സാംസ്‌കാരിക വശങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള അധികാരം തങ്ങള്‍ക്കാണെന്നും “വിട്ടുപോയവര്‍ക്ക്” അല്ലെന്നും ശിവസേന വ്യക്തമാക്കി.
ശിവസേനയെ അധികാരത്തിലേറ്റുന്ന കാര്യം മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഉറപ്പുവരുത്തും. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ചരിത്രം, സംസ്‌കാരം, സ്വാഭിമാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുക ശിവസേന മാത്രമായിരിക്കും. ആ അവകാശം തങ്ങള്‍ ആര്‍ജിച്ചതാണ്. ശാസ്ത്ര പൂജ തങ്ങളുടെ ജനങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം പകരും. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു. മഹാരാഷ്ട്രക്ക് വേണ്ടി തങ്ങള്‍ രക്തവും ബലിയും നല്‍കി. അതുകൊണ്ട് തന്നെ തങ്ങളുടെ ജനങ്ങള്‍ക്ക് നേട്ടമുണ്ടാകുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാനുള്ള അവകാശം തങ്ങള്‍ക്കേയുള്ളൂ. വിട്ടുപോയവര്‍ (ബി ജെ പിയെ സൂചിപ്പിക്കാന്‍) ആയുധം ഏന്തുന്നത് നല്ലതായി കാണാന്‍ സാധിക്കില്ല. ഈ ദസറ ദിനം സംസ്ഥാനത്ത് യഥാര്‍ഥ കാവി തരംഗത്തിനുള്ള തുടക്കമാകുമെന്നും സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.