Connect with us

Kozhikode

മനോനില തെറ്റിയ പൂജാരിയുടെ വെട്ടേറ്റ് സീനിയര്‍ പോലീസ് ഓഫീസര്‍ക്ക് പരുക്ക്

Published

|

Last Updated

vadakara- rambhutt 30 vtk

അക്രമാസക്തനായ പൂജാരി രാംഭട്ട്.

വടകര: തിരുവള്ളൂര്‍ വള്ള്യാട് പെരുവച്ചേരി ഭഗവതി ക്ഷേത്രത്തില്‍ മനോനില തെറ്റി അക്രമാസക്തനായ പൂജാരിയെ കീഴ്‌പ്പെടുത്താനെത്തിയ പോലീസുകാരന് വെട്ടേറ്റു. വടകര സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ കണ്ണൂര്‍ പിണറായി പാലോറ അശോകനാണ് (42) വെട്ടേറ്റത്. വാള്‍കൊണ്ട് വലതുകൈക്ക് വെട്ടേറ്റ അശോകനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. രണ്ട് വിരലുകളുടെ ഞരമ്പ് മുറിഞ്ഞ നിലയിലാണ്.
ക്ഷേത്ര പൂജാരിയായ കര്‍ണാടക കാര്‍വാര്‍ ബ്രഹ്മാറില്‍ രാംഭട്ട് രാമചന്ദ്രനാണ് (30) ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ പോലീസുകാരനെ വെട്ടിയത്. തിങ്കളാഴ്ച രാത്രിയിലെ പൂജാദി കര്‍മങ്ങള്‍ക്ക് ശേഷം ശ്രീകോവില്‍ അടക്കാന്‍ കൂട്ടാക്കാതെ ഇനിയും പൂജ തുടരേണ്ടതുണ്ടെന്ന് പറഞ്ഞ് അവിടെത്തന്നെ നിലയുറപ്പിക്കുകയായിരുന്നു. രാത്രി ഏറെ വൈകീട്ടും നടയടക്കാതായപ്പോള്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ഇയാളെ ത്രീകോവിലിന് പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും മനോനില തെറ്റിയ ഇയാള്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് നേരെ വാള്‍ വീശുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വടകര പോലീസും ഫയര്‍ ഫോഴ്‌സും എത്തി പൂജാരിയെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് അശോകന് വെട്ടേറ്റത്. കുറച്ച് ദിവസങ്ങളിലായി മനോവിഷമത്തിലാണ് പൂജാരിയെന്ന് നാട്ടുകാര്‍ പറഞ്ഞു. തൊട്ടടുത്ത് മറ്റൊരു ക്ഷേത്രത്തില്‍ പൂജാരിയായ സഹോദരന്‍ വിവമറിയിച്ചതിനെത്തുടര്‍ന്ന് പിതാവ് വെങ്കട്ടരമണ കഴിഞ്ഞ ദിവസം വള്ള്യാട് എത്തിയിരുന്നു. ഇയാളും സഹോദരനും അഭ്യര്‍ഥിച്ചിട്ടും പൂജാരി ശാന്തനാകാന്‍ കൂട്ടാക്കാതെ വാള്‍ വീശുകയായിരുന്നു. പോലീസുകാരനെ വെട്ടേറ്റതിന് ശേഷം കൂടുതല്‍ പോലീസെത്തി മുന്‍ കരുതല്‍ നടപടി സ്വീകരിച്ച ശ്രീകോവിലില്‍ കയറി രാംഭട്ടിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ കൊറ് എന്ന ചടങ്ങിന് മാത്രം ശ്രീകോവിലില്‍ നിന്നും പുറത്തെടുക്കുന്ന വാളാണിത്. ഈ വാള്‍ ഉപയോഗിച്ചാണ് അക്രമം നടത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് കര്‍ണാടക സ്വദേശിയായ രാംഭട്ട് പൂജാരിയായി ക്ഷേത്രത്തിലെത്തുന്നത്.