മാസത്തില്‍ രണ്ട് ദിവസം പ്ലാസ്റ്റിക് ശേഖരിക്കാന്‍ തീരുമാനം

Posted on: September 30, 2014 12:28 am | Last updated: September 29, 2014 at 11:08 pm
SHARE

പാലക്കാട്: മാസത്തില്‍ രണ്ടുദിവസം ഡിവിഷന്‍തലത്തില്‍ പ്ലാസ്റ്റിക് കളക്ഷന്‍ നടത്താന്‍ പാലക്കാട് നഗരസഭയുടെ തീരുമാനം.
പാലക്കാട് നഗരസഭ ക്ലീന്‍ പാലക്കാട് പദ്ധതിയുമായി ഒക്‌ടോബര്‍ ഒന്നുമുതല്‍ എട്ടുവരെ നടത്തുന്ന ശുചീകരണ യജ്ഞവും പ്ലാസ്റ്റിക് പദ്ധതിയും നടപ്പാക്കുന്നതിനായുള്ള ആലോചനാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
വിവിധ സംഘടനാ ഭാരവാഹികളുടെ പ്രത്യേക യോഗങ്ങള്‍ വിളിക്കുന്നതിനും റസിഡന്‍ഷ്യല്‍ കോളനികളുടെയും കുടുംബശ്രീ എ ഡി എസ് ഭാരവാഹികളുടെയും യോഗങ്ങള്‍ വിളിക്കാനും തീരുമാനമായി.
ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍ എന്നിവരുടെ യോഗം ഒക്‌ടോബര്‍ 14ന് ഉച്ചയ്ക്ക് മൂന്നിന് ടോപ് ഇന്‍ ടൗണ്‍ ഹാളില്‍ നടത്താനും തീരുമാനിച്ചു.
ജി ബി റോഡ്, കോര്‍ട്ട് റോഡ് എന്നിവിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനും തീരുമാനമെടുത്തു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ ഒന്നിന് ഗവ. മോയന്‍ എല്‍ പി സ്‌കൂളില്‍ നിന്നും ആരംഭിക്കുന്ന ശുചിത്വ സന്ദേശ ജാഥ നഗരസഭാ ചെയര്‍മാന്‍ പി വി രാജേഷ് ഫഌഗ് ഓഫ് ചെയ്യും.
ഒക്‌ടോബര്‍ രണ്ടിന് നഗരസഭാതല ഉദ്ഘാടനം ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
നഗരസഭാ ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സഹീദ അധ്യക്ഷയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ പി വി രാജേഷ് ഉദ്ഘാടനം ചെയ്തു.