Connect with us

Palakkad

അഞ്ചു ആര്‍ എം എസ് എ സ്‌കൂളുകളില്‍ തസ്തികകള്‍ സൃഷ്ടിച്ച് അധ്യാപകരെ നിയമിക്കണം: സി ഡബ്ല്യു സി

Published

|

Last Updated

കല്‍പ്പറ്റ: ഇക്കഴിഞ്ഞ അധ്യയന വര്‍ഷം ജില്ലയില്‍ ആരംഭിച്ച അഞ്ചു ആര്‍ എം എസ് എ സ്‌കൂളുകളില്‍ തസ്തികകള്‍ ഉടനടി സൃഷ്ടിച്ച് അധ്യാപകരെ നിയമിക്കാനാവശ്യപ്പെട്ട് സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സി ഡബ്ല്യു സി ഉത്തരവ് നല്‍കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇണഇ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
താരതമ്യേന അവികസിത പ്രദേശളായ തേറ്റമല, കുറുമ്പാല, ബീനാച്ചി, പുളിഞ്ഞാല്‍, റിപ്പണ്‍ എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു സ്‌കൂളുകളുകളിലായി 549 കുട്ടികളാണ് 8, 9 ക്ലാസുകളില്‍ ഇപ്പോള്‍ പഠനം നടത്തുന്നത്. ഇതിലേറെയും ആദിവാസി പിന്നോക്ക വിഭാഗങ്ങളില്‍ പെടുന്നവരാണെന്ന് ഇണഇ യുടെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
8-ാം ക്ലാസ്സു വരെയുളള വിദ്യാഭ്യാസം കേവലം ഔദാര്യമല്ല, മൗലികാവകാശമാണെന്ന് ഭാരതത്തിന്റെ ഭരണഘടനയും 2009 -ലെ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമവും, 2011 -ലെ കേരളാ ചട്ടങ്ങളും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോഴാണ് പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന കുറ്റകരമായ അവസ്ഥ വയനാട്ടില്‍ തുടരുന്നത്. ഇത് ഗൗരവകരമായ വീഴ്ചയായി സി ഡബ്ല്യു സിവിലയിരുത്തി.
മേല്‍ സൂചിപ്പിച്ച വിദ്യാലയങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ഒന്നര വര്‍ഷം പിന്നിടുമ്പോഴും ആവശ്യമായ അദ്ധ്യാപക തസ്ഥികകള്‍ പോലും നിര്‍ണ്ണയിക്കപ്പെടാതിരിക്കുന്നത് ഭരണകൂടത്തിന് ന്യായീകരിക്കാനാവില്ല.
സൗജന്യ വിദ്യാഭ്യാസത്തിന് കുട്ടികള്‍ക്ക് അവകാശമുളളപ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തിലെന്ന പോലെ അദ്ധ്യാപക ശമ്പളത്തിനുളള തുക രക്ഷിതാക്കളില്‍ നിന്നും പിരിച്ചെടുക്കുന്ന നടപടി ഉടന്‍ അവസാനിപ്പിക്കാന്‍ ആര്‍.എം.എസ്.എ സ്‌കൂളുകളുടെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കാനും ഇണഇ തീരുമാനിച്ചു. 2013 -ലെ വ്യക്തമായ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തനമാരംഭിച്ച ഈ സ്‌കൂളുകളിലെ അദ്ധ്യാപകര്‍ക്ക് ദിവസ വേതനമായി ഇപ്പോള്‍ നൂറു രൂപ പോലും തികച്ചു ലഭിക്കുന്നില്ല. ഇത് കടുത്ത അനീതിയും വിവേചനവുമാണെന്ന് സി ഡബ്ല്യു സിനിരീക്ഷിച്ചു. ഈ സ്‌കൂളുകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന അടിസ്ഥാന യോഗ്യതയുളള മുഴുവന്‍ അധ്യാപകര്‍ക്കും, ഇതേ തസ്ഥികയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് അധ്യാപകര്‍ക്ക് നല്‍കുന്ന വേതനം ഒരു മാസത്തിനകം നല്കാന്‍ വേണ്ട നടപടി സ്വീകരിക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ തുകയില്‍ നിന്നും നാളിതുവരെ രക്ഷിതാക്കളില്‍ നിന്നും പിരിച്ചെടുത്ത മുഴുവന്‍ പണവും തിരിച്ചു നല്‍കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 15 നകം സി ഡബ്ല്യു സിക്ക് സമര്‍പ്പിക്കണം.
ഈ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കുട്ടികളുടെ വിദ്യാഭ്യാസാവകാശ നിയമത്തിന്റെ നോഡല്‍ ഏജന്‍സിയായ സംസ്ഥാന ബാലാവകാശ കമ്മീഷനെ സമീപിക്കാനും കഴിഞ്ഞ ദിവസം നടന്ന സി ഡബ്ല്യു സി സിറ്റിംഗില്‍ തീരുമാനമായി.
ചെയര്‍മാന്‍ അഡ്വ.ഫാ.തോമസ് ജോസഫ് തേരകം, അംഗങ്ങളായ അഡ്വ.എന്‍ ജി ബാലസുബ്രമണ്യന്‍, ടി ബി സുരേഷ് എന്നിര്‍ സംബന്ധിച്ചു.

Latest