Connect with us

Gulf

കോര്‍ണിഷ് ഹോസ്പിറ്റലില്‍ പിറന്നത് രണ്ടു ലക്ഷം കുഞ്ഞുങ്ങള്‍

Published

|

Last Updated

അബുദാബി: തലസ്ഥാനത്ത് മൂന്നു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത ആതുരാലയമായ കോര്‍ണിഷ് ഹോസ്പിറ്റലില്‍ പിറന്നത് രണ്ടു ലക്ഷം കുഞ്ഞുങ്ങള്‍. 30 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഒരു സെപ്തംബര്‍ മാസത്തിലായിരുന്നു ആശുപത്രി ആരംഭിച്ചതും ഗര്‍ഭിണികള്‍ പരിചരണത്തിനും പ്രസവത്തിനുമായി ആശുപത്രിയില്‍ എത്തിത്തുടങ്ങിയതും. എമിറേറ്റില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ നടന്ന മൊത്തം പ്രസവത്തിന്റെ നാലില്‍ ഒരു ഭാഗവും നടന്നത് ഈ ആശുപത്രിയിലാണ്.
എവിടെ ചെന്നാലും പാതി പേരെങ്കിലും തങ്ങളോ തങ്ങളുടെ കുട്ടികളോ കോര്‍ണിഷിലാണ് ജനിച്ചതെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ടെന്ന് കോര്‍ണിഷ് ഹോസ്പിറ്റല്‍ ചീഫ് എക്‌സിക്യൂട്ടീവ് ലിന്‍ഡ ക്ലാര്‍ക്ക് വ്യക്തമാക്കി. പലര്‍ക്കും തലമുറകളുടെ ബന്ധമാണ് ഈ ആശുപത്രിയുമായിട്ട്. ചിലര്‍ ഇവിടെ ജനിച്ചു വീണപ്പോള്‍ മറ്റു ചലരുടെ കുട്ടികളും ബന്ധുക്കളുമെല്ലാം ഈ ആശുപത്രിയെയാണ് പ്രസവത്തിനായി തിരഞ്ഞെടുത്തത്. ചിലരുടെ സഹോദരങ്ങള്‍ ഈ ആശുപത്രിയിലാണ് പിറന്നുവീണത്. 1977ല്‍ ഇവിടെ നിലനിന്നിരുന്ന ഹോട്ടല്‍ രൂപാന്തരപ്പെടുത്തിയാണ് ആശുപത്രിയാക്കി മാറ്റിയത്. 1984ലാണ് ഇന്നു കാണുന്ന പ്രസവത്തിനായുള്ള ആശുപത്രി പണിതത്.
കോര്‍ണിഷ് ഹോസ്പിറ്റലില്‍ ഇപ്പോള്‍ ആയിരം പേരാണ് ജോലി ചെയ്യുന്നത്. അതിസങ്കീര്‍ണമായ പ്രസവ കേസുകള്‍ വരെ കൈകാര്യം ചെയ്യാനുള്ള രാജ്യത്തെ പ്രധാന ആശുപത്രികളില്‍ ഒന്നാണിത്.
നവജാത ശിശുക്കള്‍ക്കായുള്ള പ്രത്യേക ഐ സി യു, അത്യാധുനികമായ ഗൈനക്കോളജി വിഭാഗം എന്നിവക്കൊപ്പം അടുത്ത കാലത്തായി ഇവിടെ ഐ വി എഫ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പ്രസവത്തിനായി എത്തിയ സ്ത്രീയുടെ അമ്മയെ പ്രസവിച്ചതും ഇതേ ആശുപത്രിയിലായിരുന്നുവെന്നും അവര്‍ പറഞ്ഞു. അവരുടെ മാതാവ് ഇവിടെ മുമ്പുണ്ടായിരുന്ന ആശുപത്രിയിലായിരിക്കും ജനിച്ചിട്ടുണ്ടാവുക. അവര്‍ അന്നു കണ്ട പലതിനെക്കുറിച്ചും പറഞ്ഞതില്‍ നിന്നാണ് ഇക്കാര്യം ബോധ്യപ്പെട്ടത്.
മുലയൂട്ടലിന് ആശുപത്രി നല്‍കുന്ന പ്രാധാന്യമാണ് ലോകാരോഗ്യ സംഘടന ആശുപത്രിയെ ശിശു സൗഹൃദ ആശുപത്രിയായി തിരഞ്ഞെടുക്കാന്‍ ഇടയാക്കിയത്. കാറുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ 8,000 കുട്ടികള്‍ക്കായുള്ള കാര്‍ സീറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു. പ്രസവനാന്തര ശുശ്രൂഷയില്‍ കഴിഞ്ഞ നാലു വര്‍ഷമായി ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ പരിശീലന കോഴ്‌സ് നടത്തുന്നുണ്ട്. യു എ ഇയില്‍ ഏറ്റവും അധികം പ്രസവ ശുശ്രൂഷകരുള്ള ആശുപത്രിയെന്ന ഖ്യാതിയും കോര്‍ണിഷ് ഹോസ്പിറ്റലിന് അവകാശപ്പെട്ടതാണ്. ഇവിടെ 100 പേരാണ് ഈ മേഖലയില്‍ മാത്രം ജോലിചെയ്യുന്നത്. ആശുപത്രിയോടനുബന്ധിച്ച് വന്ധ്യതാ ചികിത്സാ കേന്ദ്രവും മാനസികാരോഗ്യ കേന്ദ്രവും തുടങ്ങാനും പദ്ധതിയുണ്ട്.
2012ല്‍ കോര്‍ണിഷ് ഹോസ്പിറ്റല്‍ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. 235 കിടക്കകളുള്ള ആശുപത്രിയാണ് അന്ന് പൊളിച്ചു നീക്കുമെന്ന് വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ അക്കാര്യത്തില്‍ ഇന്നും അന്തിമ തിരുമാനം ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. പ്രസവത്തിനുള്ള രാജ്യത്തെ മികച്ച ആശുപത്രിയെന്ന ഖ്യാതിയാണ് അമ്മയാവാന്‍ പോകുന്നവരെ ആശുപത്രിയിലേക്കു ആകര്‍ഷിക്കുന്നതെന്ന് ഡപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. മറിയം അല്‍ മസ്‌റൂഇയും വ്യക്തമാക്കി.