പെരിയോറില്‍ നിന്ന് ഇദയക്കനിയിലേക്ക്

Posted on: September 28, 2014 9:30 am | Last updated: September 28, 2014 at 9:33 am
SHARE

jaya-mgrസ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പെരിയോര്‍ രാമസ്വാമി നായ്ക്കരാണ് ദ്രാവിഡ രാഷ്ട്രീയത്തിന് തുടക്കമിട്ടത്. ജസ്റ്റിസ് പാര്‍ട്ടിയില്‍നിന്നാണ് തുടക്കം. ആ പാര്‍ട്ടിയില്‍നിന്ന് വേര്‍പിരിഞ്ഞാണ് രാമസ്വാമി നായ്ക്കര്‍ ദ്രാവിഡ കഴകം രൂപവത്കരിച്ചത്. ഉത്തരേന്ത്യന്‍ മേധാവിത്വത്തിനെതിരെക്കൂടി രൂപം കൊണ്ട ദ്രാവിഡ കഴകം ഇന്നത്തെ കേരളം, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ അടങ്ങിയ പ്രദേശത്തെ ദ്രാവിഡനാട് ആയി കാണുകയും അങ്ങനെയുള്ള ദ്രാവിഡനാട് സ്വതന്ത്രനാടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുള്ള പ്രസ്ഥാനമെന്ന നിലക്ക് യുക്തിവാദവും കമ്യൂണിസത്തോട് ആഭിമുഖ്യമുള്ള സാമൂഹികനിലപാടുകളുമാണ് സ്വീകരിച്ചത്. സി എന്‍ അണ്ണാദുരൈ, എം കരുണാനിധി, എം ജി രാമചന്ദ്രന്‍, മരുമകന്‍ ഇ വി കെ സമ്പത്ത്, നെടുഞ്ചെഴിയന്‍, അന്‍പഴകന്‍, നാഞ്ചില്‍ കെ മനോഹരന്‍ എന്നിവര്‍ നായ്ക്കരുടെ പ്രിയശിഷ്യന്മാരായിരുന്നു.
അന്‍പതുകളുടെ തുടക്കത്തില്‍ വയോധികനായിരുന്ന രാമസ്വാമി നായ്ക്കര്‍ മണിയമ്മ എന്ന യുവതിയെ രണ്ടാം വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് മേല്‍പ്പറഞ്ഞ നേതാക്കള്‍ ദ്രാവിഡ കഴകം ഉപേക്ഷിച്ച് ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്കരിച്ചത.് ആശയങ്ങളിലും കാഴ്ചപ്പാടുകളിലും ദ്രാവിഡ കഴകവുമായി വ്യത്യസ്തത പുലര്‍ത്തിയിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രതിപക്ഷത്ത് ശക്തമായിരിക്കെ, 1952ലെ തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ പോലും ഡി എം കെക്ക് സാധിച്ചില്ല. പക്ഷേ 1957 ആയപ്പോള്‍ 1956ല്‍ രൂപവത്കൃതമായ തമിഴ്‌നാട് സംസ്ഥാന നിയമസഭയില്‍ ഏതാനും സീറ്റുകള്‍ കൈവശപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചു. മാത്രമല്ല വിരുദ നഗര്‍ മണ്ഡലത്തില്‍ അപ്രധാനിയായ സ്ഥാനാര്‍ഥിയോട് കാമരാജ നാടാര്‍ക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. 1962ലെ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ശക്തമായ പ്രതിപക്ഷമാകാനും ഡി എം കെക്ക് സാധിച്ചു. എന്നാല്‍ പാര്‍ട്ടിയിലെ ഒന്നാമനായ സി എന്‍ അണ്ണാദുരൈ തിരഞ്ഞെടുക്കപ്പെട്ടില്ല. അദ്ദേഹം രാജ്യസഭാംഗമായി. ദ്രാവിഡ നാടിന്റെ സ്വാതന്ത്ര്യം എന്ന ലക്ഷ്യം തമിഴ്‌നാട്ടില്‍ വേര് പിടിക്കുന്നതില്‍ ആശങ്കപൂണ്ട കേന്ദ്ര സര്‍ക്കാര്‍ വിഘടനവാദം രാജ്യദ്രേഹ കുറ്റമാണെന്നുള്ള ഭേദഗതി ഭരണഘടനയില്‍ വരുത്തുകയും ഡി എം കെ ആ ലക്ഷ്യം ഉപേക്ഷിക്കുകയുമുണ്ടായി. 1967ല്‍ കേരളത്തില്‍ രൂപവത്കൃതമായ സപ്തകക്ഷി മുന്നണി മാതൃകയില്‍ അണ്ണാദുരൈയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത മുന്നണി നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി. തനിച്ച് കേവല ഭൂരിപക്ഷം നേടിയ ഡി എം കെയുടെ നേതാവ് അണ്ണാദുരൈ മുഖ്യമന്ത്രിയായി. ഇന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന യശസ്സ് നിലനിര്‍ത്തിക്കൊണ്ടിരിക്കെ അര്‍ബുദ രോഗം ബാധിച്ച അണ്ണാദുരൈ 1969ല്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍ അധികാര വടംവലി തുടങ്ങിയത്. അതുവരെ ട്രഷററായിരുന്ന എം കരുണാനിധി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുമായി. കരുണാനിധിയുമായി തെറ്റിയ എം ജി രാമചന്ദ്രന്‍ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്കരിച്ചു. അതിനിടെ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി. ബേങ്ക് ദേശസാത്കരണം, പ്രവിപേഴ്‌സ് നിര്‍ത്തലാക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിച്ച ഇന്ദിരാഗാന്ധിയുടെ കേന്ദ്രഭരണം നിലനിര്‍ത്താന്‍ ഇരു കമ്മ്യൂണിസറ്റ് പാര്‍ട്ടികളും ഡി എം കെയും സഹകരിച്ചു.
പക്ഷേ, 1971ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ ഡി എം കെയെയാണ് കോണ്‍ഗ്രസ് സഖ്യകക്ഷിയാക്കിയത്. എം ജി ആര്‍ മുഖ്യമന്ത്രി. തുടര്‍ന്ന് അദ്ദേഹം പെരിയോരുടെയും അണ്ണാ ദുരൈയുടെയും ആശയങ്ങളില്‍നിന്ന് വ്യതിചലിച്ചു. ക്ഷേത്രങ്ങളിലും മറ്റും സന്ദര്‍ശനം നടത്താന്‍ തുടങ്ങിയപ്പോള്‍ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നേടിയ, ബ്രാഹ്മണകുലജാതയായ സിനിമാ നടി ജയലളിത എം ജി ആറിന്റെ അനന്തരാവകാശിയായി മുന്നിട്ടിറങ്ങി. 1989ല്‍ എം ജി ആര്‍ അന്തരിച്ചപ്പോള്‍ എം ജി ആറിന്റെ മൃതശരീരം വഹിച്ച വാഹനത്തില്‍ കയറാന്‍ ജയലളിതയെ അനുവദിക്കാതിരുന്നത് ചരിത്രം. തുടര്‍ന്ന് എം ജി ആറിന്റെ പത്‌നി വി എന്‍ ജാനകിയാണ് മുഖ്യമന്ത്രിയായത്. എന്നാല്‍ പൊതുവെ സിനിമാഭ്രാന്തന്മാരായ തമിഴര്‍ക്കിടയില്‍ സ്വാധീനം വളര്‍ത്തിയെടുക്കാന്‍ എം ജി ആറിന്റെ ഇദയക്കനിക്ക് നിഷ്പ്രയാസം സാധിച്ചു. അതിനുശേഷമുള്ള ആധുനിക കാലാനുഭവങ്ങള്‍ എ ഐ എ ഡി എം കെ നേതാവ് ജയലളിതയും ഡി എം കെ ചെയര്‍മാന്‍ എം കരുണാനിധിയും തമ്മിലുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള പോരാട്ടങ്ങളുടെതാണ്. രാമസാമി നായ്ക്കരെന്ന ദ്രാവിഡസിംഹത്തില്‍ നിന്ന് സവര്‍ണ ജാതിക്കാരിയായ ജയലളിതയിലേക്കുള്ള ആശയമാറ്റം ആധുനിക രാഷ്ട്രീയചരിത്രത്തിന്റെ പ്രതിഫലനം തന്നെ. പെരിയോരുമായി ആശയതലത്തില്‍ ഇപ്പോഴും അടുത്തുനില്‍ക്കുന്നത് കരുണാനിധിയാണ്.