Connect with us

Business

രണ്ട് പതിറ്റാണ്ടിന് ശേഷം കോഴിത്തീറ്റ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുന്നു

Published

|

Last Updated

തൃശൂര്‍: സംസ്ഥാനത്തെ പൊതുമേഖലയിലെ പ്രഥമ കോഴിത്തീറ്റ ഫാക്ടറി നിറവ് കെപ്‌കോ ഫീഡ്‌സ് നാളെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇതോടെ രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമാകുകയാണ്. 1993ല്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ മുന്‍കൈയെടുത്ത് മാള കുഴൂരില്‍ 5.13 ഏക്കറില്‍ ഫാക്ടറിക്കായി സ്ഥലം വാങ്ങി. 93ല്‍ ഫാക്ടറിയുടെ തറക്കല്ലിടല്‍ അന്നത്തെ കൃഷി മന്ത്രി പി പി ജോര്‍ജിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ നിര്‍വഹിച്ചു. അന്ന് ഈ ഫാക്ടറിക്ക് 217.20 ലക്ഷം രൂപയാണ് അടങ്കല്‍ തുക നിശ്ചയിച്ചിരുന്നത്. 49.74 ലക്ഷം രൂപ ചെലവഴിച്ച ശേഷം പ്രതീക്ഷിച്ച ബേങ്ക് ലോണ്‍ ലഭ്യമാകാത്തതിനാല്‍ പ്ലാന്റിന്റെ പണി നിര്‍ത്തിവെക്കേണ്ടി വന്നു. അതിന് ശേഷം 20 വര്‍ഷത്തോളം പ്ലാന്റിന്റെ ജോലി തുടരാന്‍ സാധിക്കാതെ സ്ഥലവം കെട്ടിടവും വെറുതെയിട്ടു.
പിന്നീട് 2011ല്‍ ഇപ്പോഴത്തെ സര്‍ക്കാറിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഈ ഫാക്ടറിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഉള്‍പ്പെടുത്തുകയും സെപ്തംബര്‍ ആറിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫാക്ടറിയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയെ ഏല്‍പ്പിച്ചു. നിലവില്‍ 9.86 കോടി രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരവും 5.75 കോടി രൂപ സംസ്ഥാന വിഹിതവും ചേര്‍ത്ത് 15.55 കോടി രൂപയാണ് ഇപ്പോഴത്തെ നിര്‍മാണ ചെലവ്. 90ഓളം അവിദഗ്ധ തൊഴിലാളികള്‍ക്കും മുന്നൂറോളം പേര്‍ക്ക് നേരിട്ടല്ലാതെയും ഇവിടെ തൊഴില്‍ സാധ്യതയുണ്ട്. അമ്പതിനായിരത്തോളം വരുന്ന കോഴി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ഫാക്ടറിയുടെ സഹായം ലഭിക്കും. രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പ്രതിദിനം 160 ടണ്‍ കോഴിത്തീറ്റ പെല്ലറ്റ് രൂപത്തില്‍ ഉത്പാദിപ്പിക്കാന്‍ ഇവിടെ സാധിക്കും.
ചോളം, സോയാബീന്‍, ഉണക്കമീന്‍ എന്നിവ ചേര്‍ത്താണ് കോഴിത്തീറ്റ തയ്യാറാക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നാണ് കോഴിത്തീറ്റക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ കൃഷി മന്ത്രി കെ പി മോഹനന്‍ അധ്യക്ഷത വഹിക്കും. പുതിയ ഹാച്ചറി ബില്‍ഡിംഗിന്റെ ശിലാസ്ഥാപനം മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ നിര്‍വഹിക്കും. ഫീഡ് അനലിറ്റിക്കല്‍ ലാബിന്റെ ഉദ്ഘാടനം ഇന്നസെന്റ് എംപി നിര്‍വഹിക്കും. എം എല്‍ എമാരായ കെ മുരളീധരന്‍, ബി ഡി ദേവസി, തോമസ് ഉണ്ണിയാടന്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.