ബര്‍വ്വ ലേബര്‍ സിറ്റി: ആദ്യഘട്ടം പ്രവര്‍ത്തന സജ്ജമായി

Posted on: September 23, 2014 6:32 pm | Last updated: September 23, 2014 at 6:32 pm
SHARE

ദോഹ: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അല്‍ ബാറാഹ ലേബര്‍ സിറ്റിയിലെ എട്ടു കെട്ടിടങ്ങള്‍ ഉപയോഗയോഗ്യമായി. 1064 മുറികളുള്ള ഇവിടെ ആറായിരത്തിലേറെ തൊഴിലാളികള്‍ക്ക് താമസിക്കാനാകും.24000 ത്തോളം തൊഴിലാളികളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഇന്ടസ്ട്രിയല്‍ ഏരിയയില്‍ നിര്‍മ്മാണം ആരംഭിച്ച കൂറ്റന്‍ പാര്‍പ്പിട സമുച്ചയത്തിലെ എട്ടു കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള ആദ്യഘട്ടം വാടകക്ക് നല്‍കാന്‍ സജ്ജമാക്കി നിര്‍മ്മാതാക്കളായ ബര്‍വ്വ തങ്ങള്‍ക്കു കൈമാറിയതായി വസീഫ് പ്രോപ്പര്‍ട്ടീസ് അധികൃതര്‍ അറിയിച്ചു.നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജി.സി സി രാജ്യങ്ങളിലെ ഏറ്റവും വലിയ പാര്‍പ്പിട സമുച്ചയമായിരിക്കും ഇത്. കെട്ടിടങ്ങളില്‍ വൈദ്യുതി, എയര്‍കണ്ടീഷന്‍, വെള്ളം, പാചകവാതകം എന്നിവ സുഗമമായി ലഭ്യമാക്കുന്നതിനും അവയില്‍ സംഭവിക്കുന്ന തകരാറുകള്‍ പെട്ടെന്ന് പരിഹരിക്കുന്നതിനും വസീഫ് നേരിട്ട് സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.അതോടൊപ്പം വസീഫ് വാഗ്ദാനം ചെയ്യുന്ന 24 മണിക്കൂര്‍ സെക്യൂരിറ്റി സംവിധാനവും ഇവിടത്തെ പ്രത്യേകതയാണ്. കെട്ടിടശുചീകരണത്തിനും അനുബന്ധകാര്യങ്ങള്‍ക്കുമായി വസീഫ് നേരിട്ട് ജോലിക്കാരെ നിയോഗിക്കുമെന്നും സ്ഥാപനത്തിന്റെ സെയില്‍സ് ആന്‍ഡ് ലീസിംഗ് ഡയറക്റ്റര്‍ മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു.ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ 340 കോടി റിയാല്‍ മുതല്‍ മുടക്കില്‍ ആരംഭിച്ച ആധുനിക രീതിയിലുള്ള ബര്‍വ്വ അല്‍ ബാറാഹ പാര്‍പ്പിട പദ്ധതി 2008 ലാണ് തയ്യാറാക്കിയത്.പദ്ധതിയിലെ 64 ബ്ലോക്കുകളും തുറക്കുമ്പോള്‍ 4,55,872 ചതുരശ്രമീറ്റര്‍ വിസ്തൃതി ഉണ്ടാകും.