Connect with us

Thrissur

പാലസ് റോഡില്‍ പൈപ്പ് പൊട്ടി ദുരിതപ്രളയം വീണ്ടും

Published

|

Last Updated

തൃശൂര്‍: ടൗണ്‍ഹാള്‍ റോഡില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുന്നു; ജനങ്ങളുടെ ദുരിതവും. പൈപ്പിടാന്‍ നടക്കുന്ന റോഡ് വെട്ടിപൊളിമൂലം ആറ് മാസമായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ തുടര്‍ച്ചയാണ് പൈപ്പ് പൊട്ടലും.
മോഡല്‍ഗേള്‍സ് ഹൈസ്‌കൂള്‍ ഗേറ്റിനു മുന്നിലാണ് ഒടുവിലെ പൊട്ടല്‍. വെള്ളിയാഴ്ച മുതലാണ് പൈപ്പ്‌പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയത്. ചെറിയ തോതിലെ ഒഴുക്കുണ്ടായിരുന്നുള്ളൂ. 700 എം എം പ്രിമോ, 150 എം എം 80 എം എം എന്നീ മൂന്ന് പൈപ്പുകള്‍ ഇതുവഴി പോകുന്നുണ്ട്. 150, 80 എം എം പൈപ്പുകള്‍ കോര്‍പറേഷന്‍ വകയാണ്.
ഏതു പൈപ്പാണ് പൊട്ടിയതെന്ന് ഇനിയും തീര്‍ച്ചയായിട്ടില്ല. ഞായറാഴ്ച റോഡില്‍ വെള്ളം കിനിഞ്ഞുവരുന്ന ഭാഗത്തു കോര്‍പറേഷന്‍ കരാറുകാരന്‍ റോഡ് വെട്ടിപൊളിച്ചെങ്കിലും അവിടെയായിരുന്നില്ല പൊട്ടല്‍. അത് മൂടിയശേഷം അതിന്റെ 10 മീറ്റര്‍ തെക്ക് മാറി ഇന്നും വെട്ടിപൊളിക്കാനാരംഭിച്ചിട്ടുണ്ട്. ഇതോടെ വെള്ളത്തിന്റെ ചോര്‍ച്ച കൂടി.
വെള്ളം പമ്പ് ചെയ്ത് വറ്റിച്ചാണ് പൈപ്പ് ലെയിന്‍ നന്നാക്കുന്നത്. ഇന്നുതന്നെ പൈപ്പ്‌ലൈന്‍ നന്നാക്കാനാകുമെന്നാണ് കോര്‍പറേഷന്‍ കരുതുന്നത്. എ ഡി ബി പദ്ധതിയില്‍ 700 എം എം പൈപ്പ് ലെയിന്‍ സ്ഥാപിക്കല്‍ ആറ് മാസമായി ഈ റോഡില്‍ നടക്കുകയാണ്. റോഡിന്റെ മദ്ധ്യഭാഗംതന്നെ വെട്ടിപൊളിച്ച് മൂടിയിട്ടിരിക്കുകയാണ്. ഇതിനോട് ചേര്‍ന്നാണ് പൈപ്പ്‌പൊട്ടല്‍.
വെറും 600 എം എം പൈപ്പിടാന്‍ ഇത്രയേറെ സമയം എടുക്കുന്നതില്‍ അധികൃതര്‍തന്നെ ആശങ്കയിലാണ്. പീച്ചിയില്‍നിന്ന് തൃശൂരിലേക്ക് 18 കിലോമീറ്റര്‍ പൈപ്പിടല്‍ എടുത്ത സമയം വെറും മൂന്ന് മാസമായിരുന്നു. പൈപ്പിടാന്‍ പൊട്ടിപൊളിച്ച സ്ഥലത്തു മണ്ണ് ഇളക്കിയതിനുമുകളിലൂടെ വാഹനങ്ങള്‍ ഓടുമ്പോഴുണ്ടാകുന്ന പ്രകമ്പനമാണ് വെള്ളം ഒഴുകുന്ന മറ്റ് പൈപ്പ് ലെയിന്‍പൊട്ടുന്നതിനും കാരണമാകുന്നതെന്ന് പറയുന്നു. സാഹിത്യ അക്കാദമിക്ക് മുന്നില്‍ പലയിടത്തായി പൈപ്പ് പൊട്ടല്‍ ഉണ്ടായി.
ഇതുകണ്ടെത്താനും നന്നാക്കാനും ഏറെ പണിപെടേണ്ടിവന്നു. ഈ റോഡിലൂടെ വാട്ടര്‍ അതോറിറ്റിയുടെയും കോര്‍പറേഷന്റെയും പൈപ്പുകള്‍ പോകുന്നതിനാല്‍ ഉടമസ്ഥാവകാശതര്‍ക്കവും പൈപ്പ് നന്നാക്കാന്‍ താമസമാകുന്നുണ്ട്. പ്രശ്‌നം തീര്‍ക്കാന്‍ ആരുടെയും ഇടപെടലുകളും ഉണ്ടാകുന്നില്ല. നാഥനില്ലാത്ത അവസ്ഥയില്‍ ഇഴഞ്ഞുനീങ്ങുകയാണ് പൈപ്പിടല്‍.

 

Latest