യമനില്‍ സംഘര്‍ഷം രൂക്ഷമാകുന്നു

Posted on: September 21, 2014 6:00 am | Last updated: September 20, 2014 at 10:28 pm
SHARE

yamenസന്‍ആ: ശിയാ വിമത സംഘത്തിന്റെ മോര്‍ട്ടാര്‍ ആക്രമണത്തെ തുടര്‍ന്ന് യമനീ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ കെട്ടിടത്തിന് തീപ്പിടിച്ചു. മൂന്ന് ദിവസമായി യമന്‍ സര്‍ക്കാറിനെതിരെ ശിയാ സൈന്യം പോരാട്ടം തുടരുകയാണ്. യമനിലെ പ്രധാന നഗരമായ സന്‍ആഇന് പുറത്ത് ശിയാക്കളുടെ നേതൃത്വത്തിലുള്ള ഹൂത്തി വിമതരും സൈന്യവും കഴിഞ്ഞ ആഴ്ച ശക്തമായ പോരാട്ടം നടന്നിരുന്നു. അല്‍ അഹ്മര്‍ സംഘവുമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്ന ഗോത്രവര്‍ഗങ്ങളും ശിയാ വിമതരുമാണ് പോരാട്ടം വീണ്ടും ശക്തിപ്പെടുത്തിയിരിക്കുന്നത്.
തീപ്പിടിച്ച ടെലിവിഷന്‍ കേന്ദ്രത്തോട് ചേര്‍ന്ന് സര്‍ക്കാറിന്റെ നിരവധി പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെ രാവിലെ വിമതര്‍ നടത്തിയ മോര്‍ട്ടാര്‍ ആക്രമണത്തിലാണ് ടെലിവിഷന്‍ കേന്ദ്രത്തിന് തീപ്പിടിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. തീപ്പിടിച്ചതിനെ തുടര്‍ന്ന് നൂറു കണക്കിന് പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളുടെ ടെലിവിഷന്‍ കേന്ദ്രത്തില്‍ സേവനം ചെയ്യുന്നവരുടെ ജീവന്‍ രക്ഷിക്കണമെന്ന് ദേശീയ, അന്തര്‍ദേശീയ സംഘടനകളോട് ടെലിവിഷന്‍ ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു. ടെലിവിഷന്‍ കേന്ദ്രത്തിന് പുറമെ മറ്റു പല മേഖലകളിലും ശക്തമായ ഷെല്ലാക്രമണം നടന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച ഇരുവിഭാഗവും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ യമനിലെ സന്‍ആ യൂനിവേഴ്‌സിറ്റി ഗ്രൗണ്ടിലും ഷെല്‍ പതിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇപ്പോള്‍ യൂനിവേഴ്‌സിറ്റി അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം യു എന്നില്‍ നിന്നുള്ള പ്രത്യേക സംഘം യമനില്‍ എത്തി ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തിയുമായി ചര്‍ച്ച നടത്തിയിരുന്നു. സമാധാന മാര്‍ഗങ്ങളിലേക്ക് പ്രവേശിക്കാതെ രണ്ട് വിഭാഗങ്ങളും സംഘര്‍ഷത്തിന്റെ പാതയിലേക്ക് പോകുന്നതില്‍ ഇവര്‍ ആശങ്ക രേഖപ്പെടുത്തി.
അതേസമയം, സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഹൂത്തികള്‍ മുന്നോട്ടവെച്ച ചില നിര്‍ദേശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ കൂടിയാലോചന നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.