സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല

Posted on: September 21, 2014 6:00 am | Last updated: September 20, 2014 at 9:42 pm
SHARE

കാസര്‍കോട്: സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നില്ലാത്തത് പാവപ്പെട്ട രോഗികളെ ദുരിതത്തിലാക്കി. രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ കുറിച്ചുകൊടുക്കുന്ന മരുന്നുകള്‍ക്ക് മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക്.
മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മരുന്നു വാങ്ങി ബില്ല് കാണുമ്പോഴായിരിക്കും പലപ്പോഴും രോഗികളുടെ കണ്ണ് തള്ളുക.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ആകെയുള്ള ഗുളിക പാരസെറ്റമോള്‍ മാത്രം. ജീവന്‍രക്ഷാ മരുന്നുകളോ ശസ്ത്രക്രിയകള്‍ക്കും മറ്റും വേണ്ട വാക്‌സിനുകളോ ഒന്നും തന്നെ ഇവിടെയില്ല.
പനിയും ചുമയുമായി വരുന്നവര്‍ക്ക് പോലും ഇവിടെ മരുന്ന് നല്‍കാനില്ല. ഇവര്‍ക്കും പുറമെയുള്ള മെഡിക്കല്‍ ഷോപ്പുകള്‍ ആശ്രയിക്കുകയേ ഗതിയുള്ളൂ. കഴിഞ്ഞദിവസം പനിയും ചുമയുമായെത്തിയ യുവാവ് മരുന്നിന്റെ വില കേട്ട് തരിച്ചുനിന്നുപോയി.
ഡോക്ടര്‍ അഞ്ചു ദിവസത്തേക്ക് എഴുതിക്കൊടുത്ത ഗുളികയുടെ വില 375 രൂപ. ഇതുകേട്ടാണ് യുവാവിന്റെ കണ്ണ് തള്ളിയത്.
ഇത്രയും തുക കൊടുക്കാന്‍ കയ്യില്‍ പണമില്ലാത്തതിനാല്‍ രണ്ടുദിവസത്തെ മരുന്ന് വാങ്ങി യുവാവ് മടങ്ങുകയായിരുന്നു. സാധാരണക്കാരന്റെ ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികള്‍ ഇപ്പോള്‍ നോക്കുകുത്തിയായി മാറുന്നുവെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.