Connect with us

International

നിരോധിത സംഘടനയുടെ നേതാവ് ബംഗ്ലാദേശില്‍ അറസ്റ്റില്‍

Published

|

Last Updated

ധാക്ക: രാജ്യത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്ന് കരുതുന്ന നിരോധിത സംഘടനയുടെ തലവനെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് പോലീസ്. ഇയാള്‍ക്ക് ഇസിലുമായും ബന്ധമുണ്ട്. ജമായത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റ നേതാവ് അബ്ദുല്ല അല്‍ താസ്‌നിമിനേയും മറ്റ് ആറ് പേരെയുമാണ് ധാക്കയില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തതെന്ന് പോലീസ് വക്താവ് പറഞ്ഞു. താസ്‌നിം ഇസില്‍ തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയോട് പോലീസ് വക്താവ് മുനീറുല്‍ ഇസ്‌ലാം പറഞ്ഞു. പിടിയിലായവരില്‍ നിന്ന് ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടെടുത്തതായും ഇവര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് കുറ്റസമ്മതം നടത്തിയതായും ഇസ്‌ലാം പറഞ്ഞു. 2005 ഓടെ രാജ്യത്ത് ശക്തിപ്രാപിച്ച ജെ എം ബി ആഗസ്റ്റിനും ഡിസംബറിനുമിടക്ക് രാജ്യത്താകമാനം നൂറുകണക്കിന് ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയിരുന്നു. ജഡ്ജിമാരേയും കോടതികളേയും ലക്ഷ്യം വെച്ച് ബോംബാക്രമണങ്ങള്‍ നടത്തിയ സംഘടന സര്‍ക്കാര്‍ ഇവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുകയും ആയിരത്തിലധികം അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനെത്തുടര്‍ന്ന് അല്‍പ്പം നിര്‍ജീവമായിരുന്നു. 2007ല്‍ സൈനിക പിന്തുണയോടെ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ജെ എം ബിയുടെ സ്ഥാപക നേതാവ് ശേഖ് അബ്ദുര്‍ റഹ്മാനടക്കം ആറ് പേരെ തൂക്കിലേറ്റിയിരുന്നു. എന്നാല്‍ സംഘടന പിന്നീട് പുനഃസംഘടിപ്പിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഫെബ്രുവരിയില്‍ ജയില്‍ വാഹനം ആക്രമിച്ച് ഇവര്‍ മൂന്ന് ജെ എം ബി തടവുകാരെ മോചിപ്പിക്കുകയും പോലീസ് ഓഫീസറെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

Latest