Connect with us

Kerala

ഡാറ്റാ സെന്റര്‍ കേസ്: വി എസ് കുറ്റക്കാരനല്ലെന്ന് സി ബി ഐ

Published

|

Last Updated

vs

തിരുവനന്തപുരം: ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതില്‍ ക്രമക്കേടോ അഴിമതിയോ നടന്നിട്ടില്ലെന്ന് സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ട്. വി എസ് അച്യുതാനന്ദന്‍ ഇതില്‍ കുറ്റക്കാരനല്ലെന്നും വിവാദ ഇടനിലക്കാരന്‍ ടി ജി നന്ദകുമാറിന്റെ ഇടപാടുകള്‍ ദുരൂഹമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഈ ഇടപാടില്‍ സാമ്പത്തിക നേട്ടമുണ്ടായിട്ടില്ല. നന്ദകുമാറിന് റിലയന്‍സ് ഉള്‍പ്പെടെ പല വന്‍കിട കമ്പനികളില്‍ നിന്നും പണം ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയത്. വിവാദ ഇടനിലക്കാരന്‍ നന്ദകുമാറിന്റെ സഹായത്തോടെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ ഡാറ്റാ സെന്റര്‍ നടത്തിപ്പ് റിലയന്‍സിന് കൈമാറിയെന്നായിരുന്നു ആക്ഷേപം.
സി ബി ഐ തയ്യാറാക്കിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലാണ് വി എസിന് ക്ലീന്‍ചിറ്റ് നല്‍കുന്നത്. റിലയന്‍സിന് ഡാറ്റാ സെന്റര്‍ കൈമാറിയതില്‍ വഴിവിട്ടൊന്നുമില്ല. സംസ്ഥാന ഖജനാവിന് നഷ്ടമോ ഇടപാടില്‍ റിലയന്‍സിന് അധിക നേട്ടമോ ഉണ്ടായിട്ടില്ല. വി എസിനും ഐ ടി വകുപ്പിനും ക്ലീന്‍ചിറ്റ് നല്‍കുമ്പോഴും ടി ജെ നന്ദകുമാറിനെതിരെ നിരവധി സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നന്ദകുമാര്‍ തട്ടിപ്പുകാരനാണെന്നും ഉന്നത ബന്ധങ്ങള്‍ പറഞ്ഞാണ് പലരെയും പാട്ടിലാക്കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
റിലയന്‍സടക്കം രാജ്യത്തെ പത്ത് വന്‍കിട കമ്പനികളില്‍ നിന്ന് നന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് കോടികള്‍ ഒഴുകിയെത്തി. കൊച്ചിയിലും ഡല്‍ഹിയിലും ഭൂമി വാങ്ങുന്നതിനാണ് ഇതെല്ലാം ഉപയോഗിച്ചിരിക്കുന്നത്. ഡാറ്റാ സെന്റര്‍ ഇടപാടിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റായിരുന്ന പരിമള്‍ നട്‌വാനിയുമായി നന്ദകുമാര്‍ വി എസിനെ കണ്ടിരുന്നു. കേസുകള്‍ ഒത്തുതീര്‍പ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത് പാലക്കാട്ടെ വ്യവസായി വി എം രാധാകൃഷ്ണനെയും ഒരു ഡിസ്റ്റിലറി ഉടമയെയും നന്ദകുമാര്‍ പറ്റിച്ച കാര്യവും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
പാവപ്പെട്ട കുടുംബത്തില്‍ നിന്നെത്തിയ നന്ദകുമാറിന്റെ ഇന്നത്തെ ആസ്തി 93 കോടി രൂപയുടെതാണ്. സംസ്ഥാനത്ത് ആറിടങ്ങളില്‍ ഭൂമിയുണ്ട്. 2007 മുതല്‍ മാസം ഒരു ലക്ഷം രൂപ ശമ്പളത്തില്‍ റിലയന്‍സ് കണ്‍സള്‍ട്ടന്റായി നന്ദകുമാര്‍ പ്രവര്‍ത്തിച്ചെന്നും സി ബി ഐ കൊച്ചി യൂനിറ്റ് എസ് പി. വി കെ കൃഷ്ണകുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
ഡാറ്റാ സെന്റര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാനാണ് സി ബി ഐ തീരുമാനം. പക്ഷേ, വരവില്‍ക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിന് ആദായ നികുതി വകുപ്പ് നന്ദകുമാറിനെതിരെ അന്വേഷണം തുടരുകയാണെന്ന് സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും വിശദമായ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്റ്റേറ്റ് ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതല 2005 മുതല്‍ സിഡാക്കിനും (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ്) ടി സി എസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി) എന്നീ സ്ഥാപനങ്ങള്‍ക്കായിരുന്നു.
2008 ഏപ്രില്‍ 28ന് ചുമതല ഏല്‍പ്പിക്കാന്‍ അര്‍ഹരായവരില്‍ നിന്ന് പുതിയ ടെന്‍ഡര്‍ വിളിച്ചിരുന്നുവെങ്കിലും 2009ന് ഈ ടെന്‍ഡര്‍ നടപടി റദ്ദാക്കി വീണ്ടും ടെന്‍ഡര്‍ പ്രെപ്പോസല്‍ ക്ഷണിച്ചു. നിശ്ചയിച്ച പ്രകാരം അവസാന തീയതി ആഗസ്റ്റ് പന്ത്രണ്ട് ആയിരുന്നുവെങ്കിലും തീയതി വീണ്ടും നീട്ടിയതും ആദ്യ ടെന്‍ഡര്‍ അകാരണമായി റദ്ദാക്കി 2009 ജൂലൈയില്‍ യോഗ്യതാ മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ത്ത് രണ്ടാം ടെന്‍ഡര്‍ വിളിച്ചെന്നുമായിരുന്നു ആക്ഷേപം. ഇതേ തുടര്‍ന്ന് 5.9 കോടി രൂപക്കാണ് ഡാറ്റാ സെന്റര്‍ റിലയന്‍സ് സ്വന്തമാക്കിയത്.
റിലയന്‍സിന്റെ സൗകര്യം മാനിച്ച് അന്നത്തെ മുഖ്യമന്ത്രി വി എസിന്റെ നിര്‍ദേശപ്രകാരമാണ് തീയതി നീട്ടിയതെന്നും ടി ജി നന്ദകുമാര്‍ ഇടനിലക്കാരനായി നിന്നാണ് ഇടപാട് നടത്തിയതെന്നുമുള്ള ആരോപണമാണ് ഉയര്‍ന്നത്. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജാണ് ഇക്കാര്യത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.