Connect with us

Wayanad

സുല്‍ത്താന്‍ ബത്തേരി ബൈപ്പാസിന് 69 കോടിയുടെ പദ്ധതി

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി: ബത്തേരി ബൈപ്പാസ് നിര്‍മ്മാണത്തിന് 69 കോടി രൂപ വകയിരുത്തിയതായും പദ്ധതിയുടെ വിശദമായ അടങ്കല്‍ തയ്യാറാക്കി ഈ മാസം 30ന് പി.ഡബ്ലു.ഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
ബത്തേരി ടൗണിലെ ഫുട്പാത്ത് നവീകരിച്ച് ടൈല്‍ അടക്കമുള്ള നടപ്പാത ഉണ്ടാക്കുമെന്നും എം.എല്‍.എ പറഞ്ഞു.മൂന്ന് കോടി രൂപയുടെ പദ്ധതി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മീനങ്ങാടി ടൗണിലും ഇതേ രീതിയില്‍ ഫുട്പാത്ത് നവീകരിക്കും ഒന്നരക്കോടി രൂപയുടെ ഫണ്ട് വേണം. ഇതും സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പദ്ധതി പാസാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഏര്‍പ്പെടുത്തിയ മെറിറ്റ് അവാര്‍ഡ് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ബത്തേരി വ്യാപാരഭവനില്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ വിതരണം ചെയ്യുമെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തുടര്‍ച്ചയായ രണ്ടാംതവണയാണ് എം എല്‍ എയുടെ നേതൃത്വത്തില്‍ ഉന്നത വിജയികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണം നടത്തുന്നത്.
മണ്ഡലത്തിലെ എട്ട് സ്‌കൂളുകളില്‍ നിന്ന് 160 കുട്ടികള്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് സ്വന്തം നിലയില്‍ ഇത്തരം ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.
കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന നൂല്‍പ്പുഴ രാജീവ്ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സിക്കും, പ്ലസ്ടുവിനും ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌ക്കാരവും ഇതോടൊപ്പം തന്നെ വിതരണം ചെയ്യും. മണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയിലെ പുരോഗതിക്കായി വിവിധ പദ്ധതികള്‍ അസൂത്രണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനചിലവ് ഏറ്റെടുത്ത് നടത്തുന്നതിനായി സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളുടെ സഹായം തേടുവാനും വരുംകാലങ്ങളില്‍ പദ്ധതി ഒരുക്കുന്നുണ്ട്.
പഠനചിലവ് വഹിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിയുടെയും വിദ്യാഭ്യാസം മുടങ്ങരുത് എന്നതാണ് ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നതെന്നും എം എല്‍ എ പറഞ്ഞു.

 

Latest