ദോഹയില്‍ അപ്രതീക്ഷിത ഗതാഗതക്കുരുക്കില്‍ ജനം വീര്‍പ്പു മുട്ടി

Posted on: September 13, 2014 12:42 pm | Last updated: September 13, 2014 at 12:57 pm
SHARE

ദോഹ: ദോഹ സിറ്റിയില്‍ അടുത്തെങ്ങുമനുഭവപ്പെടാത്ത ഗതാഗതക്കുരുക്കിനു ഇന്നലെ നഗരം സാക്ഷിയായി.പഴയ എയര്‍പോര്‍ട്ടിനു സമീപം വി.ഐ.പി സിഗ്‌നലിനും ടൊയോട്ട സിഗനലിനുമിടയില്‍ മുന്നറിയിപ്പോ സൂചനാബോര്‍ഡുകളോ ഒന്നുമില്ലാതെ നടപ്പിലാക്കിയ ട്രാഫിക് ഗതിമാറ്റമാണ് ഇന്നലെ ഉച്ചയോടെ രൂക്ഷമായ റോഡുതടസ്സത്തിനു കാരണമായത്. സി റിംഗ് റോഡിലെ നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന വി.ഐ.പി റൌണ്ട്എബൌട്ടാണ് നിര്‍മ്മാണജോലികളുടെ ഭാഗമായി ഇന്നലെ രാവിലെ മുതല്‍ അടച്ചിട്ടത്. വെള്ളിയാഴ്ച്ച ആയതിനാല്‍ ഗതാഗതക്കുരുക്ക് ഇരട്ടിക്കുകയും ചെയ്തു. വൈകുന്നേരം കോര്‍ണീഷിലേക്കുള്ള റോഡിലും മറ്റും ഒരടി പോലും നീങ്ങാനാവാതെ അനേക മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു. മെയിന്‍ റോഡുകളിലെ കുരുക്കില്‍ നിന്ന് രക്ഷപ്പെടാനായി സര്‍വീസ് റോഡുകളിലേക്കും മറ്റ് ഉള്‍റോഡുകോളിലേക്കും വാഹനങ്ങളുമായി തലങ്ങും വിലങ്ങും ആളുകള്‍ കയറിയത് നഗരത്തിലെ റോഡുനീക്കത്തെ സ്തംഭിപ്പിച്ചു. വെള്ളിയാഴ്ച്ച ഓഫീസുകളും സ്ഥാപനങ്ങളും ഒഴിവായതിനാല്‍ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യത കുറവെന്നു ധരിച്ചാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ പതിവിലും കവിഞ്ഞ വാഹനങ്ങളാണ് വാരാന്ത്യത്തില്‍ റോഡിലിറങ്ങിയത്.ഓര്‍ക്കാപ്പുറത്ത് അനുഭവപ്പെട്ട ഗതാഗതക്കുരുക്കില്‍ പൊതുജനങ്ങള്‍ വിവിധതലങ്ങളില്‍ പ്രതികരിച്ചു.