ഓഡി ക്യു3 ഡൈനാമിക് പുറത്തിറക്കി: വില 38.40 ലക്ഷം

Posted on: September 12, 2014 6:23 pm | Last updated: September 12, 2014 at 6:29 pm

odi

ഓഡിയുടെ പുതിയ ക്യു3 എസ് യു വി മോഡലായ ക്യു3 ഡൈനാമിക് പുറത്തിറക്കി. 38.40 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ വില. ഓഡി ഡ്രൈവ് സെലക്ട് സിസ്റ്റമാണ് പുതിയ മോഡലിന്റെ സവിശേഷതയായി കമ്പനി ഉയര്‍ത്തിക്കാട്ടുന്നത്. ഇത് സാഹചര്യത്തിന് അനുസരിച്ച് സസ്‌പെന്‍ഷന്‍ സെറ്റിംഗ് ക്രമീകരിക്കാന്‍ ഡ്രൈവറെ സഹായിക്കും.

ഓഡി ഡ്രൈവ് സെലക്ട് സിസ്റ്റം കണ്‍ഫര്‍ട്ട്, ഓട്ടോ, ഡൈനാമിക് എന്നിങ്ങനെ മൂന്നു രീതിയിലുണ്ട്. കണ്‍ഫര്‍ട്ട് മോഡ് സുരക്ഷിത ഡ്രൈവിംഗിനായി സസ്‌പെന്‍ഷന്‍ ലഘൂകരിക്കാന്‍ സഹായിക്കും. ഡൈനാമിക് മോഡ് കഠിനമായ ഡ്രൈവിംഗ് സുഗമമാക്കാന്‍ സഹായിക്കുമ്പോള്‍ ഓട്ടോ മോഡ് ഡ്രൈവിംഗ് ശൈലിക്കും റോഡിന്റെ സാഹചര്യത്തിനും അനുസരിച്ച് ഓട്ടോമാറ്റിക് ക്രമീകരണത്തിന് സഹായിക്കും.

എക്‌ഹോസ്റ്റിലെ ക്രോമെ പ്ലേറ്റിംഗാണ് വാഹനത്തിന്റെ പുറം ഡിസൈനിംഗിലുള്ള പ്രധാന പ്രത്യേകത. മുന്നിലും പിന്നിലും മെറ്റാലിക് സ്‌കഫ് പ്ലേറ്റുകളും എല്‍ ഇ ഡി ടെയ്ല്‍ ലൈറ്റുകളുമുണ്ട്. 17 ഇഞ്ച് അലോയ്‌സ്, സെനോണ്‍ ഹെഡ് ലാംപ്, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് റേഞ്ച് ക്രമീകരണം തുടങ്ങിയവ പ്രീമിയം പ്ലസ് ട്രിം മോഡലില്‍ നിന്ന് സ്വീകരിച്ചിട്ടുണ്ട്.

174 ബി എച്ച് പി 2. ലിറ്റര്‍ ടി ഡി ഐ സംവിധാനത്തോടെയുള്ള സെവന്‍ സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ ബോക്‌സ് ഓഡ് ക്യ3ക്ക് കരുത്ത് പകരുന്നു. ഓഡി ക്വാട്രോ സിസ്റ്റത്തിലൂടെ എഞ്ചിന്‍ പവര്‍ നാല് ടയറുകളിലേക്കുമെത്തും. പുതിയ മോഡല്‍ അധികം താമസിയാതെ വിപണിയിലെത്തുമെന്ന് കമ്പനി അധകൃതര്‍ അറിയിച്ചു.