Connect with us

Kozhikode

ഓട്ടോ - ടാക്‌സി പണിമുടക്കില്‍ ജനം ദുരിതത്തിലായി

Published

|

Last Updated

കോഴിക്കോട്: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംയുക്ത ഓട്ടോ – ടാക്‌സി തൊഴിലാളി യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ പണിമുടക്കില്‍ ജനം ദുരിതത്തിലായി.
പണിമുടക്ക് അറിയാതെ റെയില്‍വേ സ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിലുമെല്ലാം വന്നിറങ്ങിയ നൂറ്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ഓട്ടോകള്‍ ലഭിക്കാതെ സ്ത്രീകളും കുട്ടികളും അടക്കം വലിയ ബാഗുകളുമായി റെയില്‍വേസ്റ്റേഷനില്‍ നിന്ന് ബസ്സ്റ്റാന്‍ഡിലേക്കും മറ്റും നടന്നുപോകുകയായിരുന്നു.
മെഡിക്കല്‍ കോളജ് പരിസരത്ത് വാഹനങ്ങള്‍ ലഭിക്കാതെ രോഗികളും ബന്ധുക്കളും വലഞ്ഞു. ടാക്‌സി വാഹനങ്ങള്‍ മാത്രം കാര്യമായ സര്‍വീസുള്ള ജില്ലയുടെ ചില മലയോര മേഖലകളില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനായില്ല.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ നടത്തിയ പണിമുടക്ക് ജില്ലയുടെ മലയോര മേഖലയിലും പൂര്‍ണമായിരുന്നു. സമരാനുകൂലികള്‍ രാവിലെ നഗരത്തില്‍ പ്രകടനം നടത്തി. ചാര്‍ജ് വര്‍ധനവിന് അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം അടക്കം ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് ഇവര്‍ പറഞ്ഞു. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി, ബി എം എസ്, ടി യു സി ഐ, എച്ച് എം എസ്, എസ് ടി യു, ജെ ടി യു സി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുത്തത്.