ഹജ്ജ് : പുതുതായി അവസരം ലഭിക്കുന്നവര്‍ക്ക് ഹജ്ജ് ഹൗസിലും പണമടക്കാം

Posted on: September 11, 2014 11:52 pm | Last updated: September 11, 2014 at 11:52 pm
SHARE

hajjകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ പുതുതായി ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ക്ക് നാളെ മുതല്‍ ഹജ്ജ് ഹൗസിലും പണം അടക്കാനുള്ള സൗകര്യമുണ്ടായിരിക്കും. സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക കൗണ്ടര്‍ നാളെ മുതല്‍ ഹജ്ജ് ഹൗസില്‍ പ്രവര്‍ത്തനമാരംഭിക്കും.ഹജ്ജിന് അവസരം ലഭിച്ചവര്‍ അവിചാരിതമായ കാരണങ്ങളാല്‍ യാത്ര മാറ്റി വെക്കേണ്ടി വന്നാല്‍ പകരം വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നുള്ളവര്‍ക്ക് അവസരം നല്‍കും. ഇപ്രകാരം അവസരം ലഭിക്കുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് ഹജ്ജ് ഹൗസിലും എസ് ബി ഐയുടെ പ്രത്യേക കൗണ്ടര്‍ ആരംഭിക്കുന്നത്. ഹജ്ജ് യാത്ര ഞായറാഴ്ച ആരംഭിക്കാനിരിക്കെ ഹജ്ജ് ക്യാമ്പിന് നാളെ തുടക്കമാകും. ഞായറാഴ്ച പുറപ്പെടുന്ന ആദ്യ വിമാനത്തിലെ ഹാജിമാര്‍ നാളെയോടെ ഹജ്ജ് ക്യാമ്പിലെത്തും. ആദ്യ വിമാനം ഞായറാഴ്ച വൈകീട്ട് 4.30ന് യാത്ര തിരിക്കും. 350 ഹാജിമാരാണ് ഒരോ വിമാനത്തിലും യാത്ര തിരിക്കുക. ഇഹ്‌റാം വേഷത്തിലായിരിക്കും ഹാജിമാര്‍ ക്യാമ്പില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുക. ആദ്യ വിമാനത്തിലെ ഹാജിമാരുടെ യാത്രാ രേഖകളുടെ ക്ലിയറന്‍സ് പൂര്‍ത്തിയായി. ഹാജിമാരുടെ ബാഗേജുകള്‍ ഹജ്ജ് ക്യാമ്പില്‍ എയര്‍ലൈന്‍സ് അധികൃതര്‍ ഏറ്റുവാങ്ങും. വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ലഗേജുകള്‍ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ,് സ്‌ക്രീനിംഗ് പരിശോധനക്ക് വിധേയമാക്കും.