തോട്ടം തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി

Posted on: September 10, 2014 9:40 am | Last updated: September 10, 2014 at 9:40 am
SHARE

കല്‍പ്പറ്റ: ബോണസ് നല്‍കാന്‍ തയ്യാറാകാത്ത മാനേജ്‌മെന്റ് നിലപാടിനെതിരെ തോട്ടം തൊഴിലാളികളുടെ ഉജ്വലമാര്‍ച്ച്. ഓണത്തിന് മുമ്പ് ബോണസ് നല്‍കാന്‍ തയ്യറാകാതിരുന്ന ഹാരിസണ്‍ മലയാളം കമ്പനിയുടെ നിലപാടിനെതിരെയാണ് തൊഴിലാളികള്‍ വയനാട് എസ്‌റ്റേറ്റ് ലേബര്‍ യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ എസ്‌റ്റേറ്റ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തിയത്.ഹാരിസണ്‍ കമ്പനിയുടെ അരപ്പറ്റ, സെന്റീനല്‍റോക്ക്,തൊമരിമല,ചുണ്ടേല്‍, അച്ചൂര്‍ എന്നിവിടങ്ങളിലേക്ക് നടന്ന മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.
2013 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച്‌വരെയുള്ള കാലയളവിലെ ബോണസാണ് തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ടുമാസത്തെ തേയിലയുടെ ഉല്‍പാദന കുറവ് ചൂണ്ടിക്കാട്ടി സാമ്പത്തിക പ്രതിസന്ധിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് മാനേജ്‌മെന്റുകള്‍ നടത്തിയത്. ഓണത്തിന് മുമ്പായി ഇരുപത് ശതമാനം ബോണസ് അല്ലെങ്കില്‍ 10,000 രൂപ വീതം തൊഴിലാളികള്‍ക്ക് അഡ്വാന്‍സ് നല്‍കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ അംഗികരിക്കാനോ ബോണസ് വിഷയം ചര്‍ച്ചചെയ്യാനോ മാനേജ്‌മെന്റ് തയ്യറായില്ല. അഡ്വാന്‍സ് എന്ന പേരില്‍ മിനിമം ബോണസ് നല്‍കി തൊഴിലാളികളെ വഞ്ചിക്കാനുള്ള ശ്രമമാണ് ഉണ്ടായത്.
ഈ സാഹചര്യത്തിലായിരുന്നു പ്രതിഷേധം. അരപ്പറ്റയില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി പി ഗഗാറിന്‍ സമരം ഉദ്ഘാടനം ചെയ്തു. കെ ടി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി സി ഹരിദാസ്, സിജി റോഡ്രിഗ്‌സ്, കെ ശാന്ത, എന്‍ സി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. യു കരുണന്‍ സ്വാഗതവും എം മുരളി നന്ദിയും പറഞ്ഞു.അച്ചുരില്‍ നടന്ന സമരം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി പി മജീദ് അധ്യക്ഷത വഹിച്ചു. എം സെയ്ദ്, സി എച്ച് മമ്മി, കെ വി ഗിരിഷ് എന്നിവര്‍ സംസാരിച്ചു. എന്‍ സി പ്രസാദ് സ്വാഗതവും എം കെ മണി നന്ദിയും പറഞ്ഞു. സെന്റിനല്‍റോക്കില്‍ കെ സെയ്ദലവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്ഷാഫി അധ്യക്ഷനായി. കെ സുബ്രമണ്യന്‍, പി സി സ്മിത, എന്നിവര്‍ സംസാരിച്ചു. പി വി സുരേഷ് സ്വാഗതവും കെ ശിവാനന്ദന്‍ നന്ദിയും പറഞ്ഞു. ചുണ്ടയില്‍ കെ സുഗതന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. എം ജനാര്‍ദനന്‍, ടി അബു എന്നിവര്‍ സംസാരിച്ചു. മജീദ് സ്വാഗതവും അച്ചുതന്‍ നന്ദിയും പറഞ്ഞു. തൊവരിമലയില്‍ വി വി ബേബി ഉദ്ഘാടനം ചെയ്തു. കുപ്പുസ്വാമി അധ്യക്ഷനായി. കെ യു കുര്യാക്കോസ് സംസാരിച്ചു. കോടിക്കല്‍ അബു സ്വാഗതവും പി സി വര്‍ഗീസ് നന്ദിയും പറഞ്ഞു.