Connect with us

National

വഖ്ഫ് സ്വത്ത് വികസനം: ധാരണാപത്രം ഒപ്പുവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: വഖ്ഫ് സ്വത്തുക്കള്‍ വികസിപ്പിക്കുന്നതിന് ദേശീയ വഖ്ഫ് വികസന കോര്‍പറേഷനും (നവാഡ്‌കോ) ദേശീയ കെട്ടിട നിര്‍മാണ കോര്‍പറേഷനും (എന്‍ ബി സി സി) ധാരണാപത്രം ഒപ്പുവെച്ചു. ഡല്‍ഹിയില്‍ ഒന്നും രാജസ്ഥാനില്‍ രണ്ടും മധ്യപ്രദേശില്‍ ആറും കര്‍ണാടകയില്‍ ഏഴുമടക്കം നിരവധി വഖ്ഫ് സ്വത്തുക്കള്‍ നവാഡ്‌കോക്ക് ഉണ്ടെന്ന് ന്യൂനപക്ഷകാര്യ മന്ത്രി ഡോ. നജ്മ ഹിബത്തുല്ല അറിയിച്ചു. അവ ഉടനെ സ്ഥാപന, വാണിജ്യ പദ്ധതികളാക്കി മാറ്റുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒഴിഞ്ഞു കിടക്കുന്ന സ്വത്തുക്കള്‍ സുഗമമായ വികസനത്തിന് ഏറ്റെടുക്കും. രാജസ്ഥാനില്‍ രണ്ട് പദ്ധതികള്‍ നിര്‍മാണ ഘട്ടത്തിലാണ്. ഒന്ന് ജോധ്പൂരില്‍ ആശുപത്രിയും മറ്റൊന്ന് അജ്മീറില്‍ സ്‌കൂളുമാണ്. ഇത് പൊതു ധാരണാപത്രമാണെന്നും അടിസ്ഥാന ഔപചാരികതകളും മറ്റ് നടപടികളും പൂര്‍ത്തിയാക്കിയതിന് ശേഷം പ്രത്യേകം കരാര്‍ ഒപ്പുവെക്കുമെന്നും അവര്‍ അറിയിച്ചു.
കൃത്യമായ വരുമാനം നേടാന്‍ വഖ്ഫ് സ്വത്തുക്കള്‍ ഉപയുക്തമാക്കണമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കാന്‍ വഖ്ഫ് സ്വത്തുക്കള്‍ക്ക് സാധിക്കണം. വികസനത്തിനും രാഷ്ട്ര നിര്‍മാണത്തിനും തുല്യപങ്കാളികളാണ് ന്യൂനപക്ഷങ്ങളെന്ന കാഴ്ചപ്പാടാണ് സര്‍ക്കാറിനുള്ളതെന്ന് നായിഡു അവകാശപ്പെട്ടു.
ലോകത്ത് ഏറ്റവും കൂടുതല്‍ വഖ്ഫ് സ്വത്തുക്കള്‍ ഉള്ളത് ഇന്ത്യയിലാണ്. 4.9 ലക്ഷം രജിസ്റ്റര്‍ ചെയ്ത വഖ്ഫ് സ്വത്തുക്കളുണ്ട്. അവയില്‍ നിന്നുള്ള വരുമാനം 163 കോടിയോളം വരും. അവ കൃത്യമായി വികസിപ്പിച്ചാല്‍ വര്‍ഷം 12000 കോടി രൂപ വരുമാനം ലഭിക്കുമെന്ന് സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. ആറ് ലക്ഷം ഏക്കര്‍ വഖ്ഫ് ഭൂമിയുണ്ട്. ഇവയുടെ മാര്‍ക്കറ്റ് നിരക്ക് 1.20 ലക്ഷം കോടി വരും. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ അനുസിരിച്ച് കഴിഞ്ഞ ജനുവരിയിലാണ് വഖ്ഫ് കോര്‍പറേഷന്‍ നിലവില്‍ വന്നത്. സംസ്ഥാന/ കേന്ദ്രഭരണ പ്രദേശ വഖ്ഫ് ബോര്‍ഡുകളുടെയും മുതവല്ലിമാരുടെയും സഹകരണത്തോടെയാണ് നവാഡ്‌കോ വഖ്ഫ് സ്വത്തുക്കള്‍ വികസിപ്പിക്കുന്നത്.