റഷ്യക്കെതിരായ പുതിയ ഉപരോധം നടപ്പാക്കുന്നത് ഇ യു വൈകിപ്പിക്കുന്നു

Posted on: September 10, 2014 12:05 am | Last updated: September 9, 2014 at 10:31 pm
SHARE

ബ്രസല്‍സ്: ഉക്രൈനിലെ യുദ്ധമേഖലയില്‍ ഇടപെടുന്നതിനെതിരെ യൂറോപ്യന്‍ യൂനിയന്‍ റഷ്യക്കെതിരെ പ്രഖ്യാപിച്ച പുതിയ ഉപരോധം നടപ്പാക്കുന്നത് വൈകിപ്പിക്കുന്നു. ഉക്രൈനിലെ യുദ്ധ മേഖലയില്‍ അടുത്തിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നിലവിലെ സാഹചര്യത്തില്‍ പുതിയ ഉപരോധത്തെ പൂര്‍ണമായോ ഭാഗികമായോ പുനഃപരിശോധിക്കാന്‍ ഇ യു തയ്യാറാണെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഹെര്‍മാന്‍ വാന്‍ റോംപി ഇ യു അംഗങ്ങളുടെ യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന പുതിയ ഉപരോധം റഷ്യയുടെ എണ്ണ മേഖലയെ ലക്ഷ്യംവെച്ചുള്ളതായിരുന്നു. റഷ്യയുമായി വ്യാപാര, ഊര്‍ജ സഖ്യം ഇപ്പോഴും തുടരുന്ന ചില ഇ യു അംഗരാജ്യങ്ങളുടെ ഇടപെടലും ഉക്രൈനിലെ വെടിനിര്‍ത്തല്‍ കരാറുമാണ് ഉപരോധം വൈകുന്നതിനു പിന്നില്‍. അതേസമയം വെടിനിര്‍ത്തല്‍ സമയം വര്‍ധിപ്പിക്കണമെന്ന് ആസ്‌ത്രേലിയ, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, സൈപ്രസ്, സ്ലോവാക്യ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 31ന് റഷ്യക്കെതിരെ ഇ യു സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ആഗസ്റ്റ് 30 ന് ബ്രസല്‍സില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ഉപരോധം ഏര്‍പ്പെടുത്താന്‍ ഇ യു തീരുമാനിച്ചത്.