Connect with us

Gulf

എക്‌സ്‌പോ 2020: മെട്രോ വികസിപ്പിച്ചേക്കും

Published

|

Last Updated

ദുബൈ; വേള്‍ഡ് എക്‌സ്‌പോ 2020ന്റെ ഭാഗമായി മെട്രോ വികസനം നടപ്പാക്കിയേക്കുമെന്നു സൂചന. നിലവിലെ മെട്രോ പാതകളായ ചുവപ്പും പച്ചയും വികസിപ്പിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. രണ്ട് പാതകളും വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ ടി എ മുമ്പ് തന്നെ ആവശ്യമായ റിപോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വേള്‍ഡ് എക്‌സ്‌പോ 2020ന്റെ മുന്നോടിയായി എമിറേറ്റില്‍ നടക്കുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെട്രോ വികസനവും നടന്നേക്കുമെന്നാണ് ആര്‍ ടി എ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ദുബൈയില്‍ വേള്‍ഡ് എക്‌സ്‌പോ 2020ന് ആതിഥ്യം അരുളാന്‍ അവസരം ലഭിച്ചതിന് ശേഷമാണ് ഇത്തരത്തില്‍ ഒരു ആലോചന ആര്‍ ടി എയുടെ ഭാഗത്ത് സജീവമായതും റിപ്പോര്‍ട്ട് തയ്യാറാക്കിയതും.

ദുബൈയില്‍ താമസിക്കുന്ന പലരും മെട്രോ ലൈനുകള്‍ തങ്ങളുടെ താമസ മേഖലകളിലേക്കും സ്ഥാപനങ്ങളുടെ സമീപത്തേക്കും നീട്ടണമെന്ന് ആവശ്യപ്പെട്ടുവരുന്നതിനിടയിലാണ് മെട്രോ വികസനം വീണ്ടും സജീവമാകുന്നത്.
ചുവപ്പ് പാതയുടെ അറ്റമായ റാശിദിയ്യയില്‍ നിന്നും മെട്രോ ലൈന്‍ മിര്‍ദിഫ് വരെ നീട്ടാനാണ് ആലോചന. പച്ച പാതയില്‍ പുതിയ 11 സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തിയാവും വികസനം പൂര്‍ത്തീകരിക്കുക. ഈ പാത ആറു പുതിയ മേഖലകളിലേക്കാവും വികസിപ്പിക്കുക.
നിലവിലെ പാതയില്‍ മെട്രോയുടെ സേവനം ജദ്ദാഫ് വരെ എത്തിച്ച് ഇത് അക്കാദമിക് സിറ്റി വരെ നീട്ടാനാണ് പദ്ധതി. ഇപ്പോള്‍ ജദ്ദാഫ് വരെ പാതയുണ്ടെങ്കിലും ഊദ് മേത്തയുടെ തൊട്ടടുത്ത സ്റ്റേഷനായ ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റിവരെ മാത്രമാണ് പച്ച പാതയില്‍ മെട്രോ സര്‍വീസ് നടത്തുന്നത്. അക്കാദമിക് സിറ്റിവരെ നീട്ടുന്ന പക്ഷം ഫെസ്റ്റിവല്‍ സിറ്റിയിലും ലഗൂണിലും സ്റ്റോപ്പുകള്‍ ഉണ്ടാവും. പാത റാസല്‍ഖോര്‍ വ്യവസായ മേഖല വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഇന്റര്‍നാഷനല്‍ സിറ്റിയിലും പുതിയ സ്റ്റേഷന്‍ രൂപപ്പെടും. അക്കദമിക് സിറ്റിവരെ വരുമ്പോള്‍ സിലികോണ്‍ ഒയാസിസിന് പുറമെ രണ്ട് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കാനും സാധ്യതയുണ്ട്.
നിലവിലെ പാതയുടെ വികസനം ചര്‍ച്ചയാവുന്നതിനൊപ്പം നാലു പുതിയ പാതകളെക്കുറിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. നീലപ്പാത, സുവര്‍ണ പാത, പെര്‍പ്പിള്‍ പാത, പാത എന്നിവയാണിത്.
എമിറേറ്റിന്റെ തെക്കുനിന്നു വടക്കോട്ടാണ് പെര്‍പ്പിള്‍ പാതയുടെ ദിശ. ഇതിനെ പരമാവധി മറ്റ് മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കും. വിമാനത്താവളങ്ങള്‍ക്കിടയിലെ പാത എന്നതിലുപരി എക്‌സ്‌പോ 2020 സെന്ററുമായും ബന്ധിപ്പിച്ചേക്കും.
പെര്‍പ്പിള്‍ പാതക്ക് സമാന്തരമായാവും നീലപ്പാതയുടെ നിര്‍മാണം. ദുബൈ ബൈപ്പാസിനും സമാന്തരമായി ലക്ഷ്യമിടുന്ന ഈ പാത ദുബൈ ലാന്റിന്റെ ഉള്‍ഭാഗങ്ങളെയും മെട്രോ സേവനവുമായി കൂട്ടിയിണക്കും. എമിറേറ്റ് റോഡിന് സമാന്തരമാവും പാതയുടെ രൂപകല്‍പ്പന.
ചുവപ്പ്-പച്ച പാതകളില്‍ നിന്ന് പരമാവധി അകലം പാലിച്ചാവും സുവര്‍ണപാതയും പര്‍പ്പിള്‍ പാതയും നിര്‍മിക്കുക. ഇവയെ പല സ്ഥലങ്ങളിലും ചുവപ്പ്, പച്ച പാതകളുമായി ബന്ധിപ്പിക്കും. അല്‍ സുഫൂഹില്‍ ദുബൈ ട്രാമുമായും പിങ്ക് പാതയെ ബന്ധിപ്പിക്കും. സിറ്റി ഓഫ് അറേബ്യയുടെ ദിശയിലാവും ഇത്.
ദുബൈ മറീനയില്‍ നിന്ന് ആരംഭിച്ച് അറേബ്യന്‍ റാഞ്ചസുമായി ബന്ധിപ്പിച്ച് ദേര എത്തുന്ന വിധമാവും സുവര്‍ണ പാതയുടെ രൂപകല്‍പന. പുതിയ പാതകളും നിലവിലെ പാത വികസനവും സാധ്യമായാല്‍ എല്ലാ പാതകളുടെയും സംഗമകേന്ദ്രമായി മെയ്ദാന്‍ മേഖല മാറും. ഇവിടെയാണ് ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ ഭാഗമായി സ്റ്റേഷന്‍ നിര്‍മിക്കപ്പെടുക.
421 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത്തിഹാദ് റെയില്‍ പദ്ധതിയില്‍ 197 സ്റ്റേഷനുകളാവും സജ്ജമാക്കുക. ഇവയുടെ നിര്‍മാണം നിലവിലെ പദ്ധതി പ്രകാരം 2030ല്‍ പൂര്‍ണമായും സജ്ജമാവും. ഈ കാലയളവിനുള്ളില്‍ ദുബൈ മെട്രോയും പൂര്‍ണമായും പൂര്‍ത്തീകരിക്കുമെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.

---- facebook comment plugin here -----

Latest