ഗാര്‍ഹിക അതിക്രമ നിരോധന നിയമം: ജില്ലയില്‍ കര്‍ശനമായി നടപ്പാക്കും

Posted on: August 31, 2014 11:13 am | Last updated: August 31, 2014 at 11:13 am

കല്‍പ്പറ്റ: സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് 2005 ല്‍ നടപ്പാക്കിയ ഗാര്‍ഹിക അതിക്രമ നിരോധന നിയമം 2005 ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് പദ്ധതി തയ്യാറാക്കുന്നു.
രക്തബന്ധം, വിവാഹബന്ധം, ദത്തെടുക്കല്‍, കൂട്ടുകുടുംബം എന്നിവയിലൂടെ ഒരു വീട്ടില്‍ ഒരുമിച്ച് താമസിക്കുന്നവര്‍ക്ക് മറ്റ് അംഗങ്ങളില്‍ നിന്നുണ്ടാവുന്ന ശാരീരിക-മാനസിക-ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെയും കുട്ടികളെയും ഈ നിയമം സംരക്ഷിക്കുന്നു. സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരും.
നിയമം നടപ്പാക്കുന്നതിന് പ്രൊട്ടക്ഷന്‍ ഓഫീസര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സര്‍വ്വീസ് പ്രൊവൈഡര്‍, മജിസ്‌ട്രേറ്റ് എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള പീഡനങ്ങള്‍ക്കിരയാവുന്നവര്‍ക്ക് ആവശ്യമായ ചികിത്സയും സംരക്ഷണവും നഷ്ടപരിഹാരവും ഈ നിയമം ഉറപ്പ് വരുത്തുന്നുണ്ട്.
ലൈംഗിക ദുരുപയോഗം എന്നതില്‍ വനിതയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന തരത്തില്‍ തെറി വിളിക്കുക, നാണം കെടുത്തുക, തരം താഴ്ത്തുക എന്നിവ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍, ലൈംഗിക ചുവയുള്ള പെരുമാറ്റം എന്നിവ ഉള്‍പ്പെടും.
‘ശാരീരിക ദുരുപയോഗം’ എന്നാല്‍ പരാതിക്കാരിയെ ശാരീരികമായി വേദനിപ്പിക്കുക, ജീവനും ശാരീരിക അവയവങ്ങള്‍ക്കും ക്ഷതമേല്‍പ്പിക്കുക, വളര്‍ച്ചയ്ക്കും വികാസത്തിനും തടസ്സം സൃഷ്ടിക്കുക തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഏതെങ്കിലും നടപടിയോ പെരുമാറ്റമോ ആണ്. കൈയ്യേറ്റം, ഭീഷണി, ബലപ്രയോഗം എന്നിവയും ഇതിലുള്‍പ്പെടും.വാക്കാലും വൈകാരികവും ആയ പീഡനങ്ങളില്‍ കുത്തുവാക്ക് പറയുക, അധിക്ഷേപിക്കുക, ചീത്തവിളിക്കുക, മച്ചിയെന്നോ, ആണ്‍കുട്ടിയില്ലാത്തവള്‍ എന്നോ വിളിച്ച് അധിക്ഷേപിക്കുക, കളിയാക്കുക, ഭീഷണിപ്പെടുത്തുക, പരാതിക്കാരിക്ക് താല്‍പ്പര്യമുള്ള മറ്റേതെങ്കിലും വ്യക്തിയെ ശാരീരികമായി ഉപദ്രവിക്കുമെന്ന് പറയുക എന്നിവയും ഉള്‍പ്പെടും.
അവകാശപ്പെട്ട സ്വത്ത് മുഴുവനായോ ഭാഗികമായോ തട്ടിയെടുക്കുക, സ്ഥാവരജംഗമ വസ്തുക്കള്‍, ഷെയറുകള്‍, ജാമ്യപത്രങ്ങള്‍, ബോണ്ടുകള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍, മറ്റ് സ്വത്തുക്കള്‍ എന്നിവ അന്യാധീനപ്പെടുത്തുക എന്നിവയും ഈ നിയമത്തിന്റെ പരിധിയില്‍പ്പെടും.
നിയമം സംബന്ധിച്ച് സര്‍ക്കാര്‍ റേഡിയോ, പത്രം, ടെലിവിഷന്‍ എന്നിവയിലൂടെ പ്രചാരം നല്‍കാനും നിയമമനുശാസിക്കുന്നു. ഗാര്‍ഹിക പീഡനം നടന്നുവെന്നോ നടക്കുന്നുവെന്നോ നടക്കുമെന്നോ അറിവുള്ള ഏതൊരാള്‍ക്കും ഈ വിവരം വാക്കാലോ എഴുതിയോ ബന്ധപ്പെട്ട പ്രൊട്ടക്ഷന്‍ ഓഫീസറെ അറിയിക്കാം. അടിയന്തിര സാഹചര്യങ്ങളില്‍ പീഡന വിവരമറിഞ്ഞാല്‍ പ്രൊട്ടക്ഷന്‍ ഓഫീസറോ സര്‍വ്വീസ് പ്രൊവൈഡറോ ഉടന്‍തന്നെ പോലീസിന്റെ സഹായത്തോടെ സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി മജിസ്‌ട്രേറ്റിന് നല്‍കണം.
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഈ നിയമം പര്യാപ്തമാണെങ്കിലും പലപ്പോഴും ഇതനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കാറില്ല. ഈ സാഹചര്യത്തിലാണ് സാമൂഹ്യക്ഷേമ ബോര്‍ഡ് ഇത് സംബന്ധിച്ച് പൊതുജനങ്ങളേയും ഉദ്യോഗസ്ഥരേയും ബോധവത്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുന്നത്.