ദുബൈയില്‍ വിവാഹ മോചനത്തില്‍ 40 ശതമാനം വര്‍ധനവ്

Posted on: August 30, 2014 6:28 pm | Last updated: August 30, 2014 at 6:28 pm

marriageദുബൈ: വിവാഹ മോചനം നടത്തുന്നവരുടെ എണ്ണത്തില്‍ ദുബൈയില്‍ വന്‍ വര്‍ധന. ദുബൈ സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പുറത്തുവിട്ട കണക്കിലാണ് വിവാഹ മോചനത്തില്‍ 40 ശതമാനം വര്‍ധനവ് സംഭവിച്ചതായി കണ്ടെത്തിയിരിക്കുന്നത്. 2011 മുതല്‍ 2013 വരെ കാലഘട്ടത്തിലാണ് വിവാഹ മോചനത്തില്‍ വന്‍ വര്‍ധനവ് ദൃശ്യമായിരിക്കുന്നത്.

2011ല്‍ 896 വിവാഹ മോചന സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയതെങ്കില്‍ 2012ല്‍ 25.56 ശതമാനം വര്‍ധിച്ച് 1,124 ആയി. 2013ല്‍ 1,255 ആയി. ഇതോടെയാണ് 2011 നും 2013നും ഇടയില്‍ വിവാഹ മോചനത്തില്‍ 40 ശതമാനം വര്‍ധനവ് സംഭവിച്ചത്. വിവിധ സംസ്‌കാരങ്ങളുടെ നഗരമായതിനൊപ്പം മിശ്ര വിവാഹങ്ങളും വിവാഹ മോചനം വര്‍ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. സ്വദേശി ദമ്പതികള്‍ക്കിടയിലാണ് ഏറ്റവും ഉയര്‍ന്ന വിവാഹ മോചന നിരക്ക്. ഇത് 61.57 ശതമാനം വരുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വെളിപ്പെടുത്തുന്നു.
വിവാഹ മോചനങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ദുബൈ ക്ലിനിക്കല്‍ ഹെല്‍ത്ത് സെന്ററിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. മേരി ജോണ്‍ വ്യക്തമാക്കി. യുവ ദമ്പതികള്‍ക്കിടയിലാണ് വിവാഹമോചന കേസുകള്‍ വര്‍ധിക്കുന്നത്. സാമൂഹികമായ പിന്തുണയുടെ കുറവാണ് ഇതിന് വഴി വെക്കുന്നത്. പല കുടുംബങ്ങളും വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അകന്നാണ് ദുബൈയില്‍ കഴിയുന്നത്.
ദമ്പതികള്‍ ഒറ്റപ്പെടുന്നതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ പരിഹരിക്കാനുള്ള സാധ്യതയും കുറയുന്നു. ഈ സാഹചര്യം ഒടുവില്‍ വിവാഹമോചനത്തിലേക്കു ചെന്നെത്തുകയാണ്. ഇത്തരം ദമ്പതികള്‍ക്ക് ശരിയായ ഉപദേശം ലഭിക്കുന്നില്ല. ഉപദേശങ്ങളുടെ അപര്യാപ്തത തെറ്റായ തീരൂമാനങ്ങളിലേക്ക് നയിക്കുന്നതാണ് കണ്ടുവരുന്നത്.
പലപ്പോഴും സുഹൃത്തുക്കള്‍ നല്‍കുന്ന തെറ്റായ ഉപദേശമാണ് വിവാഹമോചനത്തില്‍ കലാശിക്കുന്നത്. 2011ല്‍ 445 വിവാഹമോചന കരാറുകളാണ് പ്രവാസി ദമ്പതികള്‍ക്കിടയില്‍ നല്‍കിയത്. 2012ല്‍ ഇത് 31.24 ശതമാനം വര്‍ധിച്ച് 584 ആയി ഉയര്‍ന്നു. 2013ല്‍ വീണ്ടും 23.12 ശതമാനം ഉയര്‍ന്ന് 719 ആയെന്നും ഡോ. മേരി പറഞ്ഞു. വിവാഹത്തിന്റെ മൂല്യത്തെ ഇടിച്ചുതാഴ്ത്തുന്ന നിലയിലാണ് വിവാഹമോചനങ്ങള്‍ ഉണ്ടാവുന്നത്. പല യുവാക്കള്‍ക്കും കല്യാണമേ വേണ്ടയെന്ന നിലപാടായിരിക്കുന്നു. പല സുഹൃത്തുക്കളുടെയും വിവാഹ ജീവിതം തകരുന്നതിന് സാക്ഷിയാവുന്നതും ഇത്തരം ഒരു തീരുമാനത്തില്‍ എത്താന്‍ യുവാക്കളെയും യുവതികളെയും പ്രേരിപ്പിക്കുന്നുണ്ട്.
സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളാല്‍ വിവാഹം വൈകി മതിയെന്നു തീരുമാനിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു. പലപ്പോഴും ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ മൂന്നാമതൊരാളുമായുള്ള അടുപ്പമാണ് വിവാഹമോചനത്തില്‍ മിക്കതിനും കാരണമാവുന്നത്. വ്യക്തികള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും വിവാഹമോചനത്തിലേക്ക് നയിക്കാറുണ്ട്. അധിക ദമ്പതികള്‍ക്കിടയിലും വിവാഹമോചനം സംഭവിക്കാറ് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കുമെന്നും അവര്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ വ്യക്തമാക്കി. ചില ബന്ധങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചനത്തിലേക്ക് ചെന്നെത്തിയപ്പോള്‍ ചില കേസുകളില്‍ 25 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടിയതായും ഡോ. മേരി ജോണ്‍ പറഞ്ഞു.