Connect with us

National

ചരിത്രകാരന്‍ ബിപന്‍ ചന്ദ്ര അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രമുഖ ചരിത്രകാരന്‍ ബിപന്‍ ചന്ദ്ര (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുഡ്ഗാവിലെ വസതിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. പത്മ വിഭൂഷണ്‍ അവാര്‍ഡ് നേടിയ ബിപന്‍ ചന്ദ്ര, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രൊഫസര്‍, യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ അംഗം, നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. സാമ്പത്തിക, രാഷ്ട്രീയ ചരിത്രത്തിലെ അതികായനായാണ് ബിപിന്‍ ചന്ദ്ര അറിയപ്പെടുന്നത്. ദേശീയ രാഷ്ട്രീയവുമായും ഗാന്ധിസവുമായും ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ദ റൈസ് ആന്‍ഡ് ഗ്രോത്ത് ഓഫ് ഇക്കണോമിക് നാഷനലിസം, ഇന്‍ ദ നെയിം ഓഫ് ഡെമോക്രസി: ദ ജെ പി മൂവ്‌മെന്റ് ആന്‍ഡ് ദ എമര്‍ജന്‍സി, നാഷനലിസം ആന്‍ഡ് കൊളോണിയലിസം ഇന്‍ മോഡേണ്‍ ഇന്ത്യ, ദ മേക്കിംഗ് ഓഫ് മോഡേണ്‍ ഇന്ത്യ: ഫ്രം മാര്‍ക്‌സ് ടു ഗാന്ധി തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍.
ഹിമാചല്‍ പ്രദേശിലെ കങ്ക്ര ജില്ലയില്‍ 1928ലാണ് ജനനം. ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്ത്യന്‍ കോളജ്, യു എസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളിലായാണ് പഠനം നടത്തിയത്. ചന്ദ്രയുടെ രചനകള്‍ രാജ്യത്തെ നിരവധി സര്‍വകലാശാലകളിലും സ്‌കൂളുകളിലും പഠനവിഷയമായിട്ടുണ്ട്. 1985ല്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനവും ചന്ദ്ര അലങ്കരിച്ചു. ബിപന്‍ ചന്ദ്രയുടെ നിര്യാണത്തില്‍ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ ദുഃഖം രേഖപ്പെടുത്തി.