കാമുകിയുമൊത്ത് ജീവിക്കാന്‍ സ്വയം ‘കൊന്നു’; ഒടുവില്‍ കൊലക്കേസില്‍ അറസ്റ്റില്‍

Posted on: August 30, 2014 7:22 am | Last updated: August 30, 2014 at 7:22 am

Chandra_mohan360ന്യൂഡല്‍ഹി: കാമുകിയുടെ കൂടെ ജീവിക്കാന്‍ സ്വന്തം വ്യാജമരണം സൃഷ്ടിച്ച വിവരാവകാശ പ്രവര്‍ത്തകന്‍ കൊലപാതകക്കേസില്‍ അറസ്റ്റില്‍. മൂന്ന് മാസം മുമ്പ് കാറിന് തീപ്പിടിച്ച് മരിച്ചുവെന്ന് കരുതിയ ആം ആദ്മി പ്രവര്‍ത്തകന്‍ ചന്ദ്രമോഹന്‍ ശര്‍മയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനായ ശര്‍മ ബംഗളുരുവില്‍ കാമുകിക്കൊപ്പം ജീവിക്കാന്‍ സ്വയം ‘മരണം’ ആസൂത്രണം ചെയ്യുകയായിരുന്നു. ഈ തിരക്കഥ തയ്യാറാക്കാന്‍ മാനസിക വൈകല്യമുള്ള വ്യക്തിയെ കൊലപ്പെടുത്തി കാറിനുള്ളിലിട്ടു. തന്റെ വസ്ത്രങ്ങള്‍ മൃതദേഹത്തില്‍ ധരിപ്പിച്ചു. ശേഷം കാറിന് തീകൊടുക്കുകയായിരുന്നു.
തുടര്‍ന്ന് ബംഗളുരുവിലേക്ക് പോയ ശര്‍മ അവിടെ കാമുകിക്കൊപ്പം ജീവിക്കുമ്പോഴാണ് നോയിഡ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഡല്‍ഹിയിലേക്ക് കൊണ്ടുവരും.
കാമുകിയുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശര്‍മ പോലീസ് വലയിലായത്.
സാമൂഹിക പ്രവര്‍ത്തകയായ ഭാര്യ സവിതയുമായി തെറ്റിയ ശര്‍മ, തന്റെ ‘മരണം’ ആസൂത്രണം ചെയ്യുന്നതിന് ഭാര്യാ സഹോദരന്റെയും സഹായം തേടി. താന്‍ മരിച്ചുവെന്ന് പ്രചരിച്ചാല്‍ സഹോദരിക്ക് ഇന്‍ഷ്വറന്‍സ് തുകയും ജോലിയും ലഭിക്കുമെന്ന് ശര്‍മ സഹോദരനെ ധരിപ്പിച്ചു. തുടര്‍ന്നാണ് കൃത്യം നിര്‍വഹിച്ചത്.
അതേസമയം ഭര്‍ത്താവിന്റെ ‘മരണ’ മുണ്ടായ ദിവസം മുതല്‍ അയല്‍വാസിയായ മറ്റൊരു സ്ത്രീയെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശര്‍മ ജീവിച്ചിരിപ്പുണ്ടെന്ന് സവിത അറിഞ്ഞത്. ഭര്‍ത്താവുമായി ബന്ധമുള്ള സ്ത്രീയുടെ വിലാസം തേടിപ്പിടിച്ച് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കാമുകിയുടെ ഫോണ്‍കോളുകള്‍ പോലീസ് നിരീക്ഷിച്ച് ശര്‍മയെ പിടികൂടുകയായിരുന്നു.