കണ്ണൂര്‍ കലക്ടറേറ്റില്‍ തുടങ്ങാനിരുന്ന എം പിയുടെ ഓഫീസിന് സര്‍ക്കാര്‍ വിലക്ക്

Posted on: August 30, 2014 12:15 am | Last updated: August 29, 2014 at 11:15 pm

കണ്ണൂര്‍: പാര്‍ലിമെന്റംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും മുഴുവന്‍ ജനങ്ങള്‍ക്കും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനുമായി കണ്ണൂര്‍ എം പി കലക്ടറേറ്റില്‍ തുടങ്ങാനിരുന്ന സന്ദര്‍ശക സഹായകേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാറിന്റെ വിലക്ക്.
പാര്‍ലിമെന്റംഗത്തിന്റെ പൂര്‍ണ ധനസഹായമുപയോഗിച്ച് ഇന്ന് തുടങ്ങാനിരുന്ന ഓഫീസിന്റെ പ്രവര്‍ത്തനമാണ് സംസ്ഥാന പ്ലാനിംഗ് വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയതെന്ന് പി കെ ശ്രീമതി എം പി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇക്കഴിഞ്ഞ 20ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി (പഌനിംഗ്) പി മാരാപാണ്ഡ്യന്‍ ഇറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചശേഷം മാത്രമേ ഫെലിസിറ്റേഷന്‍ സെന്റര്‍ തുടങ്ങാന്‍ പാടുള്ളൂവെന്നാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ എം പി ഓഫീസ് തുടങ്ങാനുള്ള ഒരുക്കം നിര്‍ത്തിവച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ചു ചേര്‍ത്ത എം പിമാരുടെ യോഗത്തില്‍ ജില്ലകള്‍ തോറും സന്ദര്‍ശക സഹായക കേന്ദ്രം എത്രയും വേഗം നടപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം തുടങ്ങാനുള്ള നീക്കം സര്‍ക്കാറില്‍ നിന്ന് ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ നിര്‍ത്തിവെക്കണമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിലെ നിര്‍ദേശം. എം എല്‍ എമാരുടെ ഫണ്ട് വിനിയോഗിക്കുന്നതിനും ഈ സംവിധാനം ആലോചിക്കുന്നതായും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്താണ് ജില്ലകള്‍ തോറും സന്ദര്‍ശക സഹായകേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി പല ജില്ലകളിലും കലക്ടറേറ്റുകളില്‍ സെന്ററുകള്‍ തുടങ്ങുകയും ചെയ്തു. എല്ലാ സൗകര്യങ്ങളുമുള്ള ഓഫീസാണ് തുടങ്ങിയത്. കണ്ണൂരിലും ഇത്തരം സെന്റര്‍ തുടങ്ങാനാണ് തീരുമാനിച്ചത്. കലക്ടറേറ്റില്‍ അഞ്ച് ലക്ഷം രൂപ വരെ ചെലവിട്ട് ഓഫീസ് തുറക്കാനാണ് ധാരണയുള്ളത്. ഓഫീസില്‍ ഡെപ്യൂട്ടേഷനില്‍ നിയമിതനായ ഒരാള്‍ക്ക് പുറമെ കരാര്‍ അടിസ്ഥാനത്തില്‍ 10,000 രൂപ ശമ്പള നിരക്കില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെയും നിയമിക്കും.
ജില്ലയിലെ ജനങ്ങള്‍ക്ക് ഇവിടെയെത്തി എം പിയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ ലഭ്യമാക്കാനാകും. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുമ്പായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ എം പി ഓഫീസ് പ്രവര്‍ത്തനം തുടങ്ങാത്ത ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഇതിനായി സ്ഥലം കണ്ടെത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെയെല്ലാമടിസ്ഥാനത്തിലാണ് കണ്ണൂരില്‍ താന്‍ പാര്‍ലിമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടയുടനെ പുതിയ ഓഫീസ് തുടങ്ങാനുള്ള നടപടിയുമായി മുന്നോട്ടുപോയതെന്ന് പി കെ ശ്രീമതി പറഞ്ഞു. കണ്ണൂര്‍ കലക്ടറെ ഓഫീസ് തുടങ്ങുന്ന കാര്യം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലം എത്രയും വേഗം കണ്ടെത്തുമെന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു. പിന്നീട് കലക്ടറേറ്റില്‍ ഓഫീസിന്റെ നിര്‍മാണം നടത്തുകയും കഴിഞ്ഞ മാസം 30ന് നടന്ന ജില്ലാ വികസന സമിതി യോഗത്തിന് ശേഷം ജനപ്രതിനിധികള്‍ ഇത് സന്ദര്‍ശിക്കുകയും ചെയ്തു. ഈ മാസം 30ന് ഓഫീസ് ഔദ്യോഗികമായി തുറന്നുപ്രവര്‍ത്തിക്കാനാണ് തത്വത്തില്‍ തീരുമാനമായിരുന്നത്.
വികസനകാര്യത്തില്‍ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. സി പി എം ഓഫീസില്‍ എത്തി എല്ലാവര്‍ക്കും എം പിയുടെ സഹായം തേടാന്‍ പ്രയാസം കാണും. അതിന് പരിഹാരമായാണ് കലക്ടറ്റേറില്‍ ഓഫീസ് തുടങ്ങാന്‍ തീരുമാനിച്ചത്. എം എല്‍ എമാരുടെ ഫണ്ട് ചെലവഴിക്കുന്നതിന് ഇങ്ങനെയൊരു സംവിധാനമോ റൂള്‍സോ നിലവിലില്ല. അതുകൊണ്ട് കണ്ണൂരില്‍ ഓഫീസ് തുടങ്ങേണ്ടതില്ലെന്ന് പറയുന്നത് ഉചിതമല്ല. കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ് മറികടന്നാണ് സംസ്ഥാന മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉത്തരവിറക്കിയതെന്ന് പി കെ ശ്രീമതി പറഞ്ഞു