ജൗലാന്‍ കുന്നുകളില്‍ യു എന്‍ സൈനികര്‍ വിമതരുടെ പിടിയില്‍

Posted on: August 30, 2014 12:32 am | Last updated: August 29, 2014 at 10:32 pm

ജനീവ: ഇസ്‌റാഈല്‍ കൈയടക്കിവെച്ചിരിക്കുന്ന ജൗലാന്‍ കുന്നുകളില്‍ അല്‍ഖാഇദ ബന്ധമുള്ള സിറിയന്‍ വിമതര്‍ 43 യു എന്‍ സൈനികരെ പിടികൂടിയതായി റിപ്പോര്‍ട്ട്. മേഖലയില്‍ മറ്റ് 81 പേര്‍ കൂടി ഇവരുടെ വലയിലാണെന്നും യു എന്‍ അറിയിച്ചു. ഇസ്‌റാഈല്‍ കൈയടക്കി വെച്ച മേഖലയില്‍ നുസ്‌റ മുന്നണിയിലെ 43 ഫിജിയന്‍ സൈനികരെ സിറിയന്‍ വിമതര്‍ പിടികൂടിയതായി വ്യാഴാഴ്ച അമേരിക്ക പറഞ്ഞിരുന്നു. യു എന്‍ നിരീക്ഷക സേനയിലുള്‍പ്പെട്ടവരാണിവര്‍.
റൂഹിന്‍ഹയില്‍ വെച്ച് 81 ഫിലിപ്പൈന്‍സ് സൈനികര്‍ കൂടി വിമതരുടെ വലയിലകപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏറ്റുമുട്ടലിനിടെ തങ്ങളുടെ സൈനികര്‍ ആയുധം വെച്ച് കീഴടങ്ങിയിട്ടില്ലെന്ന് ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ പറഞ്ഞു. ഖ്വനീത്രയിലേക്ക് നുസ്‌റ മുന്നണിയും വിമതരും മുന്നേറ്റം നടത്തുന്നതിനിടെയാണ് സൈനികരെ പിടികൂടിയത്. വിമത സംഘത്തിന്റെ നടപടിയെ അമേരിക്ക അപലപിച്ചു. സംഭവങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ സംഘങ്ങളും സായുധ സംഘങ്ങളുമാണെന്ന് യു എന്‍ രക്ഷാ സമിതി വ്യക്തമാക്കി.
1967ലെ മധ്യപൗരസ്ത്യ യുദ്ധത്തിലാണ് തന്ത്രപ്രധാനമായ ജൗലാന്‍ കുന്നുകള്‍ ഇസ്‌റാഈല്‍ കൈയടക്കിയത്. സാങ്കേതികമായി സിറിയയും ഇസ്‌റാഈലും ഇപ്പോഴും യുദ്ധത്തിലാണ്. 1973ലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ലബനന്‍ അതിര്‍ത്തിയിലെ ഹെര്‍മോന്‍ കുന്നുകളില്‍ യു എന്‍ സൈന്യം നിരീക്ഷണം നടത്തുകയാണ്. ഫിജി, ഇന്ത്യ, അയര്‍ലന്‍ഡ്, നേപ്പാള്‍, നെതര്‍ലന്‍ഡ്‌സ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ 1,223 സൈനികരാണ് യു എന്‍ നിരീക്ഷക സേനയിലുള്ളത്. സിറിയന്‍ യുദ്ധത്തെ തുടര്‍ന്നും സുരക്ഷാ പ്രശ്‌നത്തെ തുടര്‍ന്നും ഓസ്ത്രിയ, ജപ്പാന്‍, ക്രൊയേഷ്യ എന്നീ രാജ്യങ്ങള്‍ യു എന്‍ നിരീക്ഷണ സേനയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ട് തവണ വിമതര്‍ സൈനികരെ പിടികൂടിയെങ്കിലും വിട്ടയച്ചിരുന്നു.