Connect with us

Editorial

ലാബുകള്‍ക്ക് നിയന്ത്രണം വേണം

Published

|

Last Updated

ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് സഹായകമായി പ്രവര്‍ത്തിക്കേണ്ട സ്വകാര്യ മെഡിക്കല്‍ ലാബുകളില്‍ നല്ലൊരു ഭാഗവും രോഗവിതരണ കേന്ദ്രങ്ങളാണെന്നാണ് ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. അണുമുക്തമല്ലാത്ത ഉപകരണങ്ങളുടെയും കാലാവധി കഴിഞ്ഞ രാസവസ്തുക്കളുടെയും ഉപയോഗം, അടിസ്ഥാന യോഗ്യതയില്ലാത്തവരെ ടെസ്റ്റ് നടത്താന്‍ നിയോഗിക്കല്‍, ഫ്രിഡ്ജില്‍ മരുന്നുകള്‍ക്കൊപ്പം ഇറച്ചിയും ഭക്ഷ്യ സാധനങ്ങളും സൂക്ഷിക്കല്‍, ലാബില്‍ എത്തുന്ന രക്തം, കഫം, മലം എന്നിവ പരിശോധനക്ക് ശേഷം തൊട്ടടുത്ത പറമ്പുകളില്‍ അലക്ഷ്യമായി ഉപേക്ഷിക്കല്‍ തുടങ്ങി ഒട്ടനേകം ക്രമക്കേടുകളും രോഗവ്യാപനത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങളും മിന്നല്‍ പരിശോധനകളില്‍ കണ്ടെത്തുകയുണ്ടായി. “സേഫ് കേരള” പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്.
അനുമതിപത്രമില്ലാതെയാണ് മിക്ക ലാബുകളും പ്രവര്‍ത്തിക്കുന്നതെന്നും പരിശോധനയില്‍ ബോധ്യപ്പെട്ടു. സ്വകാര്യ ലാബുകളില്‍ പകുതിയിലേറെയും അനുമതിയില്ലാത്തവയാണെന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയതുമാണ്. ലാബ് ഉടമകളും ആരോഗ്യ വകുപ്പ് അധികൃതരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ബലത്തിലാണ് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന ഇത്തരം അനധികൃത സ്ഥാപനങ്ങള്‍ പവര്‍ത്തിച്ചു വരുന്നത്. കൂണു പോലെ മുളച്ചുപൊന്തുകയായിരുന്നു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംസ്ഥാനത്ത് ലാബുകള്‍. ചെറിയൊരു പെട്ടിക്കടയുടെ വലിപ്പമുള്ള മുറിയും പേരിന് ചില ഉപകരണങ്ങളുമുണ്ടെങ്കില്‍ ആര്‍ക്കും എപ്പോഴും ലാബുകള്‍ തുടങ്ങാം എന്നതാണ് അവസ്ഥ.സംസ്ഥാനത്ത് 20,000ത്തോളം മെഡിക്കല്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്.
ലാബുകളുടെ റിപോര്‍ട്ടിനെ ആധാരമാക്കിയാണ് പല കേസുകളിലും ഡോക്ടര്‍മാര്‍ ചികിത്സ വിധിക്കുന്നതെന്നതിനാല്‍ പരിശോധനാ ഫലങ്ങളില്‍ കൃത്യതയും കണിശതയും ആവശ്യമാണ്. എന്നാല്‍ മിക്ക ലാബുകളിലെയും ജീവനക്കാര്‍ക്ക് മതിയായ യോഗ്യതകളുണ്ടാകാറില്ല. വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ എത്തുന്നവരും പരിശീലനത്തിന് നില്‍ക്കുന്നവരുമാണ് പലപ്പോഴും ടെസ്റ്റുകള്‍ നടത്തുന്നത്. ഇവരുടെ പരിശോധനാ റിപോര്‍ട്ടുകളില്‍ തെറ്റുകള്‍ സംഭവിക്കുക പതിവാണ്. മലപ്പുറം ജില്ലയിലെ ഒരു ലാബില്‍ പനി ബാധിച്ച പെണ്‍കുട്ടിയുടെ രക്തപരിശോധന നടത്തിയപ്പോള്‍ ടൈഫോയ്ഡാണെന്ന റിപോര്‍ട്ടാണ് ലഭിച്ചത്. ഇതടിസ്ഥാനത്തില്‍ ഡോക്ടര്‍ ചികിത്സ തുടങ്ങി. പിന്നീട് സംശയം തോന്നിയ ഡോക്ടര്‍ മറ്റൊരു ലാബില്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചു. വൈറല്‍ ഫീവര്‍ മാത്രമാണെന്നായിരുന്നു പരിശോധനാ ഫലം.
പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ശിപാര്‍ശ ചെയ്യുന്ന ഒരു ബില്‍ സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. അനധികൃത ക്ലിനിക്കുകളുടെ വ്യാപനത്തെ തുടര്‍ന്ന് മുന്‍ സര്‍ക്കാല്‍ തയാറാക്കിയ പ്രസ്തുത ബില്‍ ഉപേക്ഷിച്ചു, പകരം കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ നടപ്പില്‍ വരുത്താനാണ് യു ഡി എഫ് സര്‍ക്കാര്‍ തീരുമാനം. ലാബുകള്‍ക്ക് വിപുലമായ സൗകര്യങ്ങളും സംവിധാനങ്ങളും വ്യവസ്ഥ ചെയ്യുന്ന ഈ നിയമം നടപ്പാക്കിക്കഴിഞ്ഞാല്‍ സംസ്ഥാനത്തെ ലാബുകളില്‍ ബഹുഭൂരിഭാഗവും പൂട്ടേണ്ടി വരുമെന്നതിനാല്‍ ലാബ് ഉടമകളും ഡോക്ടര്‍മാരും ഈ ബില്ലിനെതിരാണ്. ഈ നിയമത്തിന്‍ കീഴില്‍ ലാബുകള്‍ ആരംഭിക്കാനും തുടര്‍പ്രവര്‍ത്തനത്തിനുമുള്ള സാമ്പത്തിക ബാധ്യത ഇന്നത്തെ അപേക്ഷിച്ചു പതിന്മടങ്ങ് വര്‍ധിക്കുമെന്നതിനാല്‍ ലാബുകള്‍ കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലൊതുങ്ങുമെന്നും പരിശോധനാ ഫീസുകള്‍ കുത്തനെ ഉയരുമെന്നും ആശങ്കയുമുണ്ട്. അനധികൃത ലാബുകളെ നിയന്ത്രിക്കാനും അവയുടെ കാര്യക്ഷമത ഉറപ്പ് വരുത്താനും മുന്‍ സര്‍ക്കാര്‍ തയാറാക്കിയ നിയമം തന്നെ പര്യാപ്തമാണെന്നാണ് ഡോക്ടര്‍മാരുടെയും ലാബുടകളുടെയും പക്ഷം.സര്‍ക്കാറും സ്വകാര്യ പാരാമെഡിക്കല്‍ വിഭാഗവും തമ്മിലുള്ള ഈ അഭിപ്രായഭിന്നതയെച്ചൊല്ലി നിയമനിര്‍മാണം നീണ്ടു പോയാല്‍ പാവപ്പെട്ട രോഗികകളാണ് അതിന്റെ കെടുതികള്‍ അനുഭവിക്കേണ്ടി വരുന്നത്. ഇതുസംബന്ധിച്ചു ആരോഗ്യ വിദഗ്ധരും ലാബുടമകളുമായി സമവായത്തിലെത്തി ബില്ലിന് എത്രയും വേഗം അംഗീകാരം നല്‍കേണ്ടത് ആരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും അനിവാര്യമാണ്.

Latest