യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം;ജില്ലാ പ്രസിഡന്റടക്കം 9 പേര്‍ക്കെതിരെ കേസ്‌

Posted on: August 30, 2014 12:18 am | Last updated: August 29, 2014 at 10:21 pm

കാസര്‍കോട്: അത്തം മുതല്‍ ചതയം വരെ സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. കാസര്‍കോട്ടെ രണ്ട് ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട് ജില്ലാ പ്രസിഡന്റടക്കം ഒമ്പത് പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.
ജില്ലാ പ്രസിഡന്റ് പി ആര്‍ സുനില്‍കുമാര്‍, ഉദയകുമാര്‍, എ പി ഹരീഷ് കുമാര്‍, രാജേഷ് കെ, പ്രസാദ് പെര്‍ള, ധനഞ്ജയന്‍, കീര്‍ത്തന്‍, ഭരതന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ഓണക്കാലത്ത് സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന ആവശ്യത്തിനു മേല്‍ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംസഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചത്.
പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകര്‍ മദ്യഷാപ്പുകളിലേക്ക് ഇരച്ചുകയറിയതോടെ ഷട്ടര്‍ താഴ്ത്തുകയായിരുന്നു. ഇതോടെ വ്യാപകമായ അക്രമം അഴിച്ചുവിടുകയായിരുന്നു.
സമരക്കാര്‍ ഷട്ടറുകള്‍ ചവിട്ടി തകര്‍ക്കുകയും ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. പിന്നീട് പൊലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാസര്‍കോട്ടെ മദ്യഷോപ്പുകള്‍ അടച്ച് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.