കാലു വേദനക്ക് പോലും ദുബൈ ആംബുലന്‍സിലേക്ക് വിളിയെത്തി!

Posted on: August 29, 2014 9:41 pm | Last updated: August 29, 2014 at 9:41 pm

ദുബൈ: ചെറിയ കാലു വേദനക്ക് പോലും ദുബൈ ആംബുലന്‍സ് സര്‍വീസിലേക്ക് ആളുകള്‍ വിളിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി.
ഇത്തരം നിസാര കാര്യങ്ങള്‍ക്കായി ആളുകള്‍ ആംബുലന്‍സ് സര്‍വീസിലേക്കു വിളിക്കുന്നത് സമയവും അധ്വാനവും നഷ്ടപ്പെടുത്തുകയാണെന്ന് ദുബൈ ആംബുലന്‍സ് കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ് (ഡി സി എ എസ്) സി ഇ ഒ ഖലീഫ ബിന്‍ ദാരി വെളിപ്പെടുത്തി. ഇത്തരം നിസാര കാര്യങ്ങള്‍ക്കായി പതിനായിരത്തില്‍ അധികം കോളുകളാണ് ആംബുലന്‍സ് സര്‍വീസ് സെന്ററിലേക്ക് എത്തിയത്. ഇതുമൂലം 1,340 പ്രവര്‍ത്തി മണിക്കൂര്‍ നഷ്ടമായി.
കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടയില്‍ 9,898 പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ് സര്‍വീസിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര ബോധവത്ക്കരണം ഇല്ലാത്തതിനാല്‍ നിഷേധിക്കുകയായിരുന്നു.
പാരാമെഡിക്കല്‍ ജീവനക്കാരില്‍ ഇത്തരം സമീപനം അല്‍ഭുതമാണ് സൃഷ്ടിച്ചത്. പരുക്കേറ്റവരില്‍ ചിലര്‍ നല്ല രീതിയില്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പോലും തയ്യാറായില്ല. പലര്‍ക്കും ആംബുലന്‍സിന് അകത്ത് കയറാന്‍ മടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.