ലീല സ്മാരക ഹാള്‍ നിര്‍മാണം പാതിവഴിയില്‍

Posted on: August 29, 2014 10:46 am | Last updated: August 29, 2014 at 10:46 am

ചിറ്റൂര്‍: ഗവ. വിക്‌ടോറിയ ഗേള്‍സ് ഹൈസ്‌കൂളിലെ പി ലീല സ്മാരക ഹാളിന്റെ നിര്‍മാണം പാതി വഴിയിലായതോടെ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍.
ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാവേണ്ട പണി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒന്നുമായില്ല. പുതിയ അധ്യയന വര്‍ഷത്തില്‍ തുറന്നു കൊടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അധ്യയനവര്‍ഷം തുടങ്ങി രണ്ടരമാസമായിട്ടും പണി പൂര്‍ത്തിയായില്ലെന്നു മാത്രമല്ല പാതിവഴിയില്‍ നിലക്കുകയും ചെയ്തു. ചിറ്റൂരിന്റെ ഗാനകോകിലം അനശ്വരഗായിക പി ലീലയുടെ സ്മരണാര്‍ഥമുള്ള കെട്ടിടത്തിന്റെ പണിയാണ് കരാറുകാരന്‍ പാതിവഴിയില്‍ നിര്‍ത്തിയത്.
കെ അച്യുതന്‍ എം എല്‍ എയുടെ ആസ്തി വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 1.—17 കോടി രൂപയുടെതാണു പദ്ധതി.—ആദ്യം ഒരു കോടി രൂപയാണ് അനുവദിച്ചത്. പണി ആരംഭിക്കുന്നതില്‍ കാലതാമസം വന്നതോടെ 17 ലക്ഷം കൂടി അനുവദിക്കുകയായിരുന്നു.
നിലത്തിന്റെ പണിയാണ് ഇനി നടത്താനുള്ളത്.നിലംപണി പൂര്‍ത്തിയാവാത്ത ക്ലാസ് മുറികളിലാണു വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത്. നിലത്തിലെ തണുപ്പ് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ക്ലാസ് മുറികളുടെ അപര്യാപ്തതമൂലം തിക്കിത്തിരക്കിയാണു വിദ്യാഭ്യാസം. ഏഴാം ക്ലാസ് ഒരു ഡിവിഷനില്‍ മാത്രം 116 കുട്ടികളാണു പഠിക്കുന്നത്. ആറാം ക്ലാസില്‍ 90, അഞ്ചാം ക്ലാസില്‍ 86 എന്നിങ്ങനെയാണു കുട്ടികളുടെ എണ്ണം. ഹൈസ്‌കൂളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
ശരാശരി 75 കുട്ടികള്‍ ഓരോ ക്ലാസുകളിലുമുണ്ട്.——മലയാളം മീഡിയം ഡിവിഷനുകളില്‍ ശരാശരി 60 കുട്ടികള്‍ വീതമുണ്ട്.
മൂന്നു വര്‍ഷം മുന്‍പാണു കെട്ടിടം പണി ആരംഭിച്ചത്. സ്‌കൂള്‍ മൈതാനത്ത് താല്‍ക്കാലിക ഷെഡ് സ്ഥാപിച്ച് അഞ്ച് ക്ലാസും തുടങ്ങി.
മൈതാനത്തേക്ക് ക്ലാസ് മുറികള്‍ മാറ്റിയതോടെ കായികപരിശീലനം മുടങ്ങിയിരിക്കുകയാണ്. ദേശീയ താരങ്ങള്‍ വരെ പരിശീലനം നടത്തുന്ന മൈതാനമാണിത്.
ജൂനിയര്‍ വിഭാഗം ലോങ് ജംപ്, ട്രിപ്പിള്‍ ജംപ് ഇനങ്ങളില്‍ ദേശീയ സ്വര്‍ണം നേടിയ രുഗ്മ ഉദയന്‍, കബഡിയില്‍ രണ്ട് ദേശീയ താരങ്ങളുമുണ്ട്.