കടുവാ സങ്കേതം: വയനാട് വീണ്ടും ആശങ്കയുടെ മുള്‍മുനയിലേക്ക്

Posted on: August 29, 2014 10:44 am | Last updated: August 29, 2014 at 10:44 am

tigerകല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതം കടുവാസങ്കേതമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. കേന്ദ്ര-വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുടെ ഇത് സംബന്ധിച്ച പ്രസ്താവന നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയതിന്റെ സൂചനയാണ്.
വയനാട് വന്യജീവി കേന്ദ്രത്തില്‍ ഉള്‍പ്പെടുന്ന തോല്‍പ്പെട്ടി, കുറിച്യാട്, മുത്തങ്ങ റേഞ്ചുകളാണ് കടുവ സങ്കേത പരിധിയില്‍ വരിക. തെന്നിന്ത്യയിലെ പ്രമുഖ കടുവാസങ്കേതങ്ങളായബന്ദിപ്പുര, നാഗര്‍ഹോള(കര്‍ണാടക), മുതുമല(തമിഴ്‌നാട്) എന്നിവയോടുചേര്‍ന്നാണ് വയനാടിന്റെ കിടപ്പ്. കേരള, കര്‍ണാട, തമിഴ്‌നാട് വനങ്ങളുടെ സംഗമസ്ഥാനങ്ങളിലൊന്നായ ട്രൈജംഗ്ഷന്‍ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയ്ഞ്ച് ആസ്ഥാനത്തുനിന്ന് ഏറെ അകലെയല്ല. തെന്നിന്ത്യയില്‍ കടുവകളുടെ മുഖ്യ ആവാസമേഖലയാണ് വയനാട് വന്യജീവി സങ്കേതം കണക്കാക്കപ്പെടുന്നത്. വേള്‍ഡ് വൈല്‍ഡ് ഫണ്ട് വയനാട് വന്യജീവി സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ക്യാമറകളില്‍ 40 ഓളം കടുവകളുടെ ചിത്രം പതിഞ്ഞിരുന്നു. ഒറ്റ കടുവ പോലും ഇല്ലാത്ത കടുവാസങ്കേതങ്ങളാണ് രാജസ്ഥാനിലെ സരിസ്‌ക, മധ്യപ്രദേശിലെ പെന്ന എന്നിവ. എന്നിരിക്കെ വയനാട് വന്യജീവി സങ്കേതം കടുവാസങ്കേതമാക്കുന്നതിനു യോജിച്ചതാണെന്ന് അഭിപ്രായം വനം-വന്യജീവി-പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്നവരിലുണ്ട്. വയനാടിനെ കടുവാസങ്കേതമാക്കണമെന്ന നിര്‍ദേശം പ്രധാനമന്ത്രി അധ്യക്ഷനായ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി(എന്‍.ടി.സി.എ.)യാണ് 2012ല്‍ കേരള സര്‍ക്കാറിന് നല്‍കിയത്.
ബന്ദിപ്പൂര്‍ കടുവാ സങ്കേത്തോടുചേര്‍ന്ന് സംരക്ഷിതമേഖലകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ വയനാടിന്റെ ഭാഗങ്ങളും ഉള്‍പ്പെടുമെന്നും ഇത് വയനാടിനെ കടുവാസങ്കേതമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണെന്നുമാണ് കര്‍ഷകരുടെ നിരീക്ഷണം. സംരക്ഷിത മേഖകള്‍ പില്‍ക്കാലത്ത് കടുവാസങ്കേതത്തിന്റെ ബഫര്‍ സോണില്‍ ഉള്‍പ്പെടുമെന്ന വാദവും കര്‍ഷകര്‍ ഉന്നയിക്കുന്നു. ബഫര്‍ സോണുകളില്‍ ഭൂമിയുടെ ക്രയവിക്രയം ദുഷ്‌കരമാകും, പുതിയ നിര്‍മാണങ്ങള്‍ക്കും നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കും അനുമതി ലഭിക്കില്ല, ഗതാഗതം പൂര്‍ണമായോ ഭാഗികമായോ നിരോധിക്കാന്‍ വനം-വന്യജീവി വകുപ്പിന് അധികാരമുണ്ട്,
വീടുകള്‍ക്ക് പച്ചച്ചായം അടിക്കണം തുടങ്ങിയ ആശങ്കയും നിലനില്‍ക്കുന്നുണ്ട്.വയനാട് വന്യജീവി കേന്ദ്രം കടുവാ സങ്കേതമാക്കണമെന്ന് 2012ല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ജില്ലയിലെ ജനപ്രതിനിധികള്‍ ഇത് നിഷേധിച്ചെങ്കിലും വന്യജീവി വിഭാഗം സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വയനാട്ടിലെ ബത്തേരി നെന്മേനിക്കുന്ന് ഗ്രാമശ്രീ സ്വാശ്രയസംഘം പ്രസിഡന്റ് സുരേഷ്‌കുമാറിന് വിവരാവകാശ നിയമപ്രകാരം കൊടുത്ത മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വയനാട് വന്യജീവി സങ്കേതം കടുവാസങ്കേതമായി മാറ്റണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടോ, എന്തെല്ലാം നടപടികള്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചു, വയനാട് കടുവാസങ്കേതമായല്‍ അതില്‍ ഏതല്ലാം വനം റെയ്ഞ്ചുകള്‍ ഉള്‍പ്പെടും, വയനാട് വന്യജീവി സങ്കേതത്തോടുചേര്‍ന്നുള്ള സ്വകാര്യ ഭൂമികള്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമായി മാറ്റണമെന്ന് നിര്‍ദേശമുണ്ടോ, ഇത്തരത്തില്‍ നിര്‍ദേശം ലഭിച്ചിട്ടുെങ്കില്‍ വിശദാംശങ്ങള്‍ എന്തൊക്കെ എന്നീ ചോദ്യങ്ങളാണ് വിവരാവകാശനിയമപ്രകാരം ചോദിച്ചിരുന്നത്. ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ 2012 ഒക്‌ടോബര്‍ 25ലെ ഡബ്ല്യൂ എല്‍ (10)-22991/2012 നമ്പര്‍ മറുപടിയില്‍ ആദ്യത്തെ ചോദ്യത്തിന് ‘ഉണ്ട്’ എന്നും രണ്ടാമത്തെ ചോദ്യത്തിന് ‘നടപടികള്‍ സ്വീകരിച്ചുവരുന്നു’ എന്നുമുള്ള മറുപടിയാണ് ലഭിച്ചത്. പ്രധാനമന്ത്രി അധ്യക്ഷനായ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ കടുവാസങ്കേതങ്ങളാക്കാന്‍ ആലോചനയുള്ള വനപ്രദേശങ്ങളുടെ പട്ടികയില്‍ വയനാടിനെയും ഉള്‍പ്പെടുത്തിയിരുന്നു. കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശിപാര്‍ശ സാധാരണഗതിയില്‍ സംസ്ഥാനം തള്ളാറില്ല. അതുകൊണ്ടുതന്നെ കേന്ദ്ര നിര്‍ദേശം പരിഗണിച്ച് വയനാടിനെ കടുവ സങ്കേതം ആക്കുമെന്ന് ജനങ്ങളുടെ ആശങ്ക ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രി നടത്തിയിട്ടുള്ള പ്രസ്താവന.വയനാടിനെ കടുവാസങ്കേതമാക്കണമെന്ന ശിപാര്‍ശ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്ക് സമര്‍പ്പിച്ചിട്ടില്ലെന്നാണ് സംസ്ഥാനത്തെ മന്ത്രിമാരും ജനപ്രതിനിധികളും പറഞ്ഞിരുന്നത്. വയനാടിനെ കടുവാസങ്കേതമാക്കണമെന്ന് ശിപാര്‍ശ ചെയ്തിട്ടില്ലെന്നാണ് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസും പറഞ്ഞിരുന്നത്. വയനാടിനെ കടുവാസങ്കേതമാക്കരുതെന്ന് എല്‍ ഡി എഫിന്റെയും വിവിധ സ്വതന്ത്ര സംഘടനകളും യു ഡി എഫിലെ ചില ഘടകകക്ഷികളും ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ വിവിധ വിഭാഗം ജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ഗുഢനീക്കമുണ്ടെന്ന ആരോപണം 2012 ഒക്‌ടോബര്‍ മുതല്‍ നിലനിന്നിരുന്നു. ഇത് ശരിവക്കുന്നതാണ് നെന്മേനിക്കുന്ന് ഗ്രാമശ്രീ സ്വാശ്രയസംഘത്തിന് ലഭിച്ച മറുപടി.വയനാട് വന്യജീവി സങ്കേതത്തിനകത്തും സമീപത്തും നിരവധി ജനവാസകേന്ദ്രങ്ങളുണ്ട് ഇവരുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കടുവാ സങ്കേതം പ്രഖ്യാപിച്ചാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരിടേണ്ടിവരും. 2012 മുതല്‍ തന്നെ വയനാട് വന്യജീവി സങ്കേതത്തിന്റെ അരകിലോമീറ്റര്‍ ചുറ്റളവ് വരെ ഉള്‍പ്പെടുത്തി സംവേദക മേഖല രൂപീകരിക്കണമെന്ന ആവശ്യവും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തേതും അല്ലാത്തതുമായ സംഘടനകള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിക്കുകയാണ് യു ഡി എഫ് ജനപ്രതിനിധികള്‍ ചെയ്തത്. വയനാട് വനത്തോട് ചേര്‍ന്ന് കിടക്കുന്ന ബന്ദിപ്പുര വന മേഖല നേരത്തെ തന്നെ കടുവാ സങ്കേതമായി പ്രഖ്യാപിച്ചിരുന്നു.