Connect with us

Malappuram

പ്രധാനമന്ത്രി ജന്‍ധന്‍ യോജന: 51473 പുതിയ അക്കൗണ്ടുകള്‍

Published

|

Last Updated

മലപ്പുറം: എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുന്നതിനായി ആവിഷ്‌കരിച്ച പ്രധാനമന്ത്രിയുടെ ജന്‍ ധന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുതുതായി തുറന്നത് 51473 അക്കൗണ്ടുകള്‍. ഈമാസം 18 മുതല്‍ 28 വരെയുള്ള കാലയളവിലാണ് ഇത്രയും അക്കൗണ്ടുകള്‍ തുറന്നത്. അക്ഷയ കേന്ദ്രങ്ങള്‍ വഴി മാത്രം 3800 ഓളം അക്കൗണ്ടുകളാണ് തുറന്നത്.
ജനങ്ങളില്‍ സമ്പാദ്യ ശീലം വളര്‍ത്താനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ട് ലഭിക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം സീറോ ബാലന്‍സ് അക്കൗണ്ടും തുടങ്ങാം. പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ തുടങ്ങുന്ന അക്കൗണ്ടുകളില്‍ 5000 രൂപ വരെ ഓവര്‍ ഡ്രാഫ്റ്റ് നല്‍കുന്നതും സര്‍ക്കാര്‍ പരിഗണനയിലാണ്. സീറോ ബാലന്‍സ് അക്കൗണ്ട് ആണ് തുറക്കുന്നതെങ്കിലും ഉപഭോക്താവിന് എ.റ്റി.എം കാര്‍ഡ് ലഭിക്കും. വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ വിദേശ നിര്‍മിത കാര്‍ഡുകള്‍ക്ക് പകരം ഇന്ത്യന്‍ നിര്‍മിത “റുപേ” കാര്‍ഡുകളാണ് നല്‍കുക. വിദേശ കമ്പനികളുടെ കാര്‍ഡുകള്‍ക്ക് സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതിനാലാണ് റുപേ കാര്‍ഡുകള്‍ അനുവദിക്കുന്നത്. ഒരു ലക്ഷം വരെ അപകട ഇന്‍ഷുറന്‍സും അക്കൗണ്ട് ഉമെകള്‍ക്ക് ലഭിക്കും. പദ്ധതിയുടെ ഭാഗമായി ഉപഭോക്താവിന്റെ വീടിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ബാങ്ക് സൗകര്യം ലഭ്യമാക്കും. എല്ലാവര്‍ക്കും ബേങ്കിങ് സേവനം ലഭ്യമാക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങള്‍ വഴി സേവനങ്ങള്‍ നല്‍ശും. വോട്ടര്‍ പട്ടിക ഉപയോഗപ്പെടുത്തി അക്കൗണ്ട് ഇല്ലാത്തവരെ കണ്ടെത്തി അക്കൗണ്ട് തുറക്കുന്നതിന് സഹായം നല്‍കും. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി അക്കൗണ്ട് ഓപണിങ് കാംപും സാമ്പത്തിക സാക്ഷരതാ സെമിനാറും നടത്തി. കേരളാ ഗ്രാമീണ്‍ ബേങ്കിന്റെ കൗണ്ടര്‍ വഴി മാത്രം ഇന്നലെ 60 പുതിയ അക്കൗണ്ടുകള്‍ എടുത്തു.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാനറാ ബേങ്ക് ജനറല്‍ മാനെജര്‍ ആര്‍. മധുസുദന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്റ്റര്‍ കെ ബിജു പദ്ധതി പ്രഖ്യാപനം നിര്‍വഹിച്ചു.