മെഡിക്കല്‍ കോളജ് അട്ടിമറിക്കാന്‍ ഗൂഢോലോചന: ശാഫി പറമ്പില്‍ എം എല്‍ എ

Posted on: August 29, 2014 1:18 am | Last updated: August 29, 2014 at 6:55 am

shafi parambil

പാലക്കാട്: കുറ്റങ്ങള്‍ കണ്ടെത്താന്‍ ഗവേഷണം നടത്തി പാലക്കാട് മെഡിക്കല്‍ കോളജ് അട്ടിമറിക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുകയാണെന്ന് ശാഫി പറമ്പില്‍ എം എല്‍ എ മെഡിക്കല്‍ കോളജിനെതിരെയുള്ള പല പ്രസ്താവനകളും തൃശൂരില്‍ നിന്നാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രികളുടെ അച്ചാരം പറ്റിയാണ് ഇവര്‍ പ്രതികരിക്കുന്നത്.
നെഗറ്റീവായ പ്രസ്താവനകളെല്ലാം തൃശൂരില്‍ നിന്നാണ്. മെഡിക്കല്‍ കോളജിനെക്കുറിച്ച് പട്ടികജാതി സംഘടനകള്‍ അസംതൃപ്തി രേഖപ്പെടുത്തിയാലും അയ്യങ്കാളിയുടെ ആത്മാവിനു് സംതൃപ്തിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളജ് സ്വാശ്രയ മേഖലയിലാണെന്നും സഹകരണാടിസ്ഥാനത്തിലുമാണെന്നുള്ള പ്രസ്താവനകള്‍ തെറ്റിദ്ധാരണാജനകവും അബ്ധവുമാണ്. പൂര്‍ണമായും പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വരുന്ന മെഡിക്കല്‍ കോളജ് ഗവ.ന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. 70 ശതമാനം സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കും 30 ശതമാനം സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനുമാണുണ്ടാവുക.
പാലക്കാട് മെഡിക്കല്‍ കോളജ് എല്ലാവിധ ശാസ്ത്ര സാങ്കേതിക തികവോടെയുള്ള മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയായിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും അംഗങ്ങളായ ഗവേര്‍ണിംഗ് ബോഡിയാണ് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.
രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ 500 കോടി രൂപ മെഡിക്കല്‍ കോളജിനായി ചെലവഴിക്കും. സെപ്തംബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യുന്ന മെഡിക്കല്‍ കോളജ് മൂന്നുവര്‍ഷത്തിനുള്ളില്‍ സ്വന്തം ആശുപത്രി കെട്ടിടത്തോടെയാകും പ്രവര്‍ത്തനം തുടരുക.
മെഡിക്കല്‍ കോളജിലേക്ക് നടന്ന നിയമനങ്ങള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം തന്നെ ഐ.എന്‍.ജി എന്ന ഏജന്‍സിയാണ് നടത്തിയത്. എം സി ഐയുടെ അംഗീകാരം കിട്ടണമെങ്കില്‍ നിയമനങ്ങള്‍ പെട്ടെന്നു നടത്തേണ്ടതുണ്ട്. പി എസ് സി വഴി നിയമനം നടത്തണമെങ്കില്‍ കൂടുതല്‍ സമയമെടുക്കും.
ഫാക്കല്‍റ്റികളുടേയും നിയമനം എം സി ഐ പറഞ്ഞ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നടത്തിയിട്ടുള്ളത്. പാലക്കാട് ഗവ. മെഡിക്കല്‍ കോളജിനെ തകര്‍ക്കാന്‍ തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് അച്ചാരം വാങ്ങി ചില സംഘടനകളും വ്യക്തികളും പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഒരു ആശുപത്രി പാലക്കാട് വരുന്നതോടെ മികച്ച ചികിത്സ ലഭിക്കാന്‍ മറ്റ് ജില്ലകളെ ആശ്രയിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാകും. പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് വരുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളും തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു,